ട്രെയ്ലര് കൊളുത്തിയിട്ട ചില തരിമ്പുകള്‍ മാത്രം മതിയായിരുന്നു ജോഫിന്‍ ചാക്കോയുടെ രേഖാചിത്രത്തിന് കാത്തിരിക്കാന്‍. എന്നാല്‍ പ്രതീക്ഷകള്‍ക്കും അപ്പുറത്ത് ഉദ്വേഗത്തിന്റെ നൂല്ക്കുരുക്കില് നമ്മളെ കൊണ്ടെത്തിക്കുന്നുണ്ട് രേഖാചിത്രം. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ഴോനറില്പ്പെടുന്ന ചിത്രം അണുവിട ശ്രദ്ധമാറ്റാന്‍ തോന്നാത്ത വിധം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നത് ഉറപ്പാണ്.
സസ്പെന്ഷന് ലഭിച്ച് പണിഷ്മെന്റ് ട്രാന്‍സ്ഫര്‍ കിട്ടി മലക്കപ്പാറയിലേക്ക് എത്തുന്ന ഒരു പോലീസുകാരന്. അയാളെത്തിപ്പെടുന്നത് നിഗൂഢതകളൊളിപ്പിച്ച ഒരു ശവക്കുഴിയിലേക്കാണ്. ആ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ അയാള്‍ നടത്തുന്ന യാത്രയാണ് രേഖാചിത്രം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു കൊലപാതകം. അജ്ഞാതമായ ആ മൃതദേഹത്തെ കുറിച്ച് നടത്തുന്ന അന്വേഷണമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. ഇരുട്ടറകളില്‍ തളയ്ക്കപ്പെട്ട ആ രഹസ്യം വെളിച്ചം കാണുമ്പോള്‍ തെളിയുന്നത് ചതിയുടെയും വഞ്ചനയുടെയും നെറികേടിന്റെയും അസ്ഥിമരവിപ്പിക്കുന്ന ചില സത്യങ്ങള്‍ കൂടിയാണ്.
ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ഴോനറിൽപ്പെടുന്ന സിനിമയായതു കൊണ്ട് തന്നെ വർത്തമാനകാലത്തെയും ഭൂതകാലത്തെയും ചിത്രം സംയോജിപ്പിക്കുന്നു. പഴയകാലഘട്ടത്തിൻ്റെ ഭാവുകത്വം അമിതവാതെ എന്നാൽ ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ചിത്രത്തിനായി. ഫസ്റ്റ് ലുക്ക് പോസ്റ്റർ സൂചിപ്പിച്ചത് പോലെ തന്നെ സിനിമയ്ക്കും ചിത്രത്തിൽ പ്രാമുഖ്യമുണ്ട്. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രത്തിൻ്റെ ഗതി തിരിക്കുന്നതും. സിനിമയ്ക്കുള്ളിലെ സിനിമ പ്രേക്ഷകരോട് സംവദിക്കുന്നത് അതീവ ഹൃദ്യമായി തന്നെയാണ്. യാഥാർത്ഥ്യത്തോട് ചേർന്നുനിൽക്കുന്നതാണ് എന്ന ഒരു തോന്നലും അതുളവാക്കുന്നുണ്ട്. നമ്മളറിയുന്ന ചരിത്രത്തെ മറ്റൊരു പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിച്ച ആ രീതി പുതുമയുള്ളതായിരുന്നു.
കണ്ണിമവെട്ടാതെ കണ്ടിരിക്കാൻ തോന്നുന്ന ആ മാജിക്കുണ്ട് രേഖാചിത്രത്തിൻ്റെ മേക്കിങ്ങിന്. ഹൈ ക്വാളിറ്റി മേക്കിങ്ങാണ് ചിത്രത്തിൻ്റെ നട്ടെല്ല്. പാളിപ്പോവാവുന്ന പല എലമെൻ്റുകളും ആശങ്കകൾക്ക് വകയില്ലാതെ ചെയ്തുവെക്കാൻ ജോഫിൻ ചാക്കോയ്ക്കായി. ചിത്രത്തിൻ്റെ സാങ്കേതിക വശം പ്രത്യേക പരാമർശമർഹിക്കുന്നു. സംവിധായകനെന്ന നിലയിൽ ജോഫിൻ ചാക്കോയുടെ മികവും അവിടെയാണ്. ആ ഉദ്വേഗചക്രത്തിൻ്റെ ഗതി അതിവിദഗ്ധമായി നിയന്ത്രിക്കാൻ ജോഫിനായി. പഴുതുകൾ പറയാനില്ലാതെ തിരക്കഥ കൂട്ടിച്ചേർക്കുന്നതിൽ രാമു സുനിലും ജോൺ മന്ത്രിക്കലും വിജയിച്ചു. മുജീബ് മുജീബിൻ്റെ പശ്ചാത്തലസംഗീതം കൂടിയാകുമ്പോൾ ഉദ്വേഗത്തിൻ്റെ മറ്റൊരുതലത്തിലേക്ക് പ്രേക്ഷകരെത്തുന്നു. ചിത്രത്തിൻ്റെ കാസ്റ്റിങ് ഡയറക്ടറും പ്രത്യേക കൈയടിയർഹിക്കുന്നു.
വിവേക് ഗോപിനാഥ് എന്ന പോലീസുകാരൻ്റെ വേഷം ആസിഫ് അലിയുടെ കൈയിൽ ഭദ്രമായിരുന്നു. പോലീസ് വേഷങ്ങളിൽ തിളങ്ങാനുള്ള ആസിഫിൻ്റെ കഴിവ് ഇവിടെയും വ്യക്തം. എടുത്തുപറയേണ്ട പ്രകടനമാണ് അനശ്വര രാജൻ്റേതും. ആ വികാരത്രീവത കാഴ്ചക്കാരൻ്റെ ഉള്ളിലെത്തിക്കാൻ അനശ്വരയ്ക്കായി. സിദ്ദിഖ്, മനോജ് കെ ജയൻ,നിഷാന്ത് സാഗർ, ശ്രീകാന്ത് മുരളി,ഇന്ദ്രൻസ് അങ്ങനെ ചിത്രത്തിൻ്റെ ഭാഗമായ എല്ലാ അഭിനേതാക്കളും മികവ് പുലർത്തി. ആ ഉദ്വേഗത്തിൻ്റെ ആഴം കാഴ്ചക്കാരൻ്റെ കണ്ണിലെത്തിക്കാൻ അപ്പു പ്രഭാകറിൻ്റെ ഛായാഗ്രഹണത്തിനുമായി. അങ്ങനെ തിയേറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചിത്രമാണ് രേഖാചിത്രം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]