
എ.ആര്. റഹ്മാനും ഭാര്യ സൈറ ബാനുവും വേര്‍പിരിഞ്ഞതിന് പിന്നാലെ സംഗീതരംഗത്ത് നിന്ന് അദ്ദേഹം ഒരു വര്‍ഷം ഇടവേളയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിവാഹമോചനം റഹ്മാനെ ആകെ തളര്‍ത്തിയിട്ടുണ്ടെന്നും ഒരു വര്‍ഷത്തേക്ക് വിശ്രമത്തിലായിരിക്കുമെന്നും ആയിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് റഹ്മാന്റെ മകന് എ.ആര്. അമീനും മകള്‍ ഖദീജയും.
അത്തരം വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അഭ്യൂഹങ്ങളാണെന്നും അമീന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. ഇത്തരം ഒരു വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് വ്യാജ വാര്‍ത്ത എന്നാണ് അമീന് വിശേഷിപ്പിച്ചത്. ഇത്തരം വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കൂ എന്നാണ് ഖദീജ എക്സില്‍ കുറിച്ചത്.
നവംബറിലാണ് തന്റെ വിവാഹമോചന വാര്‍ത്ത എ.ആര്. റഹ്മാന് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഭാര്യ സൈറാ ബാനുവുമൊത്തുള്ള സംയുക്ത പ്രസ്താവനയായാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവരും തമ്മില്‍ അനുരഞ്ജനത്തിന് സാധ്യതയുണ്ടെന്ന് സൈറാ ബാനുവിന്റെ അഭിഭാഷക വന്ദനാ ഷാ വ്യക്തമാക്കിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
റഹ്മാന് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്ക്കുമ്പോള് 1995-ലാണ് സൈറയെ വിവാഹം കഴിച്ചത്. അമ്മയാണ് വധുവിനെ കണ്ടെത്തിയതെന്ന് റഹ്മാന് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വിവാദങ്ങളില്‍നിന്നെല്ലാം അകന്നുനില്‍ക്കുകയായിരുന്ന ദമ്പതിമാര്‍ക്ക് ഖദീജയേയും അമീനിനേയും കൂടാതെ റഹീമ എന്നൊരു മകള്‍ കൂടിയുണ്ട്. സംഗീത സംവിധായികയും ഗായികയുമായ ഖദീജ രണ്ടുവര്‍ഷം മുന്‍പാണ് വിവാഹിതയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]