
മലയാളത്തിലെത്തന്നെ ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലില്‍ ‘മാര്‍ക്കോ’ റിലീസിനൊരുങ്ങുകയാണ്. ഒരിടവേളയ്ക്കുശേഷം ആക്ഷന്‍ ത്രില്ലറുമായി എത്തുന്ന ഉണ്ണി മുകുന്ദന് വിശേഷങ്ങള്‍ പങ്കുവെക്കുന്നു
ആക്ഷന്‍ സിനിമകള്‍ക്കുവേണ്ടി കണ്ണുംനട്ട് കാത്തിരിക്കുന്നവരെ ആവേശംകൊള്ളിക്കാന്‍ മാര്‍ക്കോ ക്രിസ്മസ് റിലീസിനായി ഒരുങ്ങിക്കഴിഞ്ഞു. മാലാഖയുടെ മുഖവും സാത്താന്റെ ഹൃദയവുമുള്ള മിഖായേലിലെ മാര്‍ക്കോയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അന്നത്തെ വില്ലനായ മാര്‍ക്കോ ഇനി നായകനായി പുനര്‍ജനിക്കുന്നത് ഉണ്ണി മുകുന്ദനിലൂടെയാണ്. മലയാളത്തിലെ ‘മോസ്റ്റ് വയലന്റ് ഫിലിം’ എന്നാണ് ചിത്രത്തിന് നല്കുന്ന വിശേഷണം. ‘മാര്‍ക്കോ’യുടെ പോസ്റ്ററും ടീസറുമൊക്കെ ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇടിവെട്ട് സംഘട്ടനങ്ങളുമായി മാര്‍ക്കോയിലൂടെ വലിയൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഉണ്ണിമുകുന്ദന്. മുഴുനീള ആക്ഷന്‍ ത്രില്ലറായി എത്തുന്ന മാര്‍ക്കോയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് എത്തുന്നത്. മികച്ചൊരു സിനിമയുമായി പ്രേക്ഷകര്ക്കുമുന്നിലെത്തുന്നതിന്റെ സന്തോഷത്തിലാണ് നായകന് ഉണ്ണി മുകുന്ദന്.
”ഞാന്‍ ഏറെ പ്രതീക്ഷയിലാണ്. നല്ലൊരു സിനിമ ചെയ്തതിന്റെ ആവേശമുണ്ട്. കഴിഞ്ഞ അഞ്ചാറ് വര്‍ഷമായിട്ട് ചെറുപ്പക്കാര്‍ക്കുവേണ്ടി ഒരു സിനിമ ചെയ്തിട്ടില്ല. കുറച്ചായി കുടുംബചിത്രങ്ങളിലായിരുന്നു ശ്രദ്ധ.” ആ ചുവടുമാറ്റം പ്രേക്ഷകര്‍ ഹൃദയംകൊണ്ട് സ്വീകരിച്ചു. അതില്‍നിന്നാണ് യുഎംഎഫ് എന്ന എന്റെ നിര്‍മാണകമ്പനി പിറക്കുന്നത്. എന്റര്ടെയ്ന്മെന്റ് ആസ്വദിക്കുന്ന യുവപ്രേക്ഷകര്ക്കായാണ് മാര്‍ക്കോ ഒരുക്കിയിരിക്കുന്നത്. ഒരു ചിത്രത്തിലെ വില്ലന്‍വേഷത്തെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് മറ്റൊരു സിനിമ ഒരുക്കുന്നത് സിനിമയില്‍ അപൂര്‍വമാണ്. വലിയൊരു താരനിരയും സംഘട്ടന രംഗങ്ങളുമൊക്കെ ഇതിലുണ്ട്. എന്നാല്‍ കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകളുമുണ്ട്. മേപ്പടിയാന് കണ്ടിട്ടുള്ളവര്‍ക്ക് ഇതൊരു പുതിയ അനുഭവമായി തോന്നാം. മാളികപ്പുറത്തിലെ അയ്യപ്പദാസിന്റെ നിഷ്കളങ്കതയും ഇയാള്ക്കുണ്ടാവില്ലായിരിക്കാം. എന്നാല്‍, മറ്റ് വില്ലന്മാരില്നിന്ന് മാര്‍ക്കോ വേറിട്ടുനില്ക്കുമെന്നുറപ്പാണ്. സിനിമയുടെ പോസ്റ്റര്‍ ചര്‍ച്ചയായത് അതിലെ വയലന്‍സ് ഹൈലൈറ്റ് ചെയ്തതുകൊണ്ടുമാത്രമല്ല. പോസ്റ്ററിന്റെയും ഒരു മിനിറ്റ് മാത്രമുള്ള ടീസറിന്റെയും പ്രൊഡക്ഷന്‍ ക്വാളിറ്റി എടുത്തുപറയേണ്ടതാണ്. ഞാനൊരു സിനിമാകമ്പനി തുടങ്ങിയതുതന്നെ ഇതുപോലുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്നതിനുവേണ്ടിക്കൂടിയാണ്. ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ, നല്ല ക്വാളിറ്റിയില്‍ത്തന്നെ പ്രോജക്ടുകള്‍ വരണമെന്ന ആഗ്രഹത്തില്‍ ഒപ്പം നില്ക്കുന്ന ഷെരീഫ് മുഹമ്മദിന്റെ ക്യൂബ്്സ് എന്റര്ടെയ്ന്മെന്റ്സിനെയാണ് നിര്‍മാണ പങ്കാളിയായി എനിക്ക് കിട്ടിയതും. ഒരു കാര്യം ഉറപ്പാണ്, എന്റെ കരിയറിലെത്തന്നെ ഏറ്റവും വലിയ സിനിമയാണ് ‘മാര്‍ക്കോ.’
നടന്, നിര്‍മാതാവ് എന്ന നിലയില്‍ താങ്കളുടെ ഏറെ കാലത്തെ പരിശ്രമവും കഠിനാധ്വാനവും ‘മാര്‍ക്കോ’യുടെ പിന്നിലുണ്ടാവുമല്ലേ
മാര്‍ക്കോ എന്റെ പുതിയ റിലീസ് പടം മാത്രമല്ല. ഏഴ് വര്‍ഷത്തിനുശേഷം എന്റേതായി പുറത്തിറങ്ങുന്ന ഒരു ആക്ഷന്‍ ചിത്രം കൂടിയാണ്. അതുകൊണ്ടുതന്നെ വലിയൊരു ഹോംവര്‍ക്ക് ഇതിനുപിന്നിലുണ്ട്. വലിയൊരു ടീമിന്റെ പ്രയത്നമുണ്ട്. വളരെ മുന്‍പ് തന്നെ കൃത്യമായി പ്ലാന്‍ ചെയ്ത് എടുത്ത സിനിമയാണിത്. എന്നെ സംബന്ധിച്ച് വ്യക്തിപരമായ ഒരു ആഗ്രഹം കൂടിയായിരുന്നു ഈ ചിത്രം. അത്രതന്നെ പ്രതീക്ഷകളുമുണ്ട്. സിനിമാസ്വാദകരെ ഈ സിനിമ ഒരിക്കലും നിരാശപ്പെടുത്തില്ല.
ആക്ഷന്‍ സിനിമകളില്‍ നിന്നുള്ള ഒഴിഞ്ഞുമാറ്റം മനപൂര്‍വമായിരുന്നോ?
ശ്രദ്ധിച്ചാലറിയാം വളരെ അപൂര്‍വമായിട്ടാണ് ഇവിടെ വലിയ ആക്ഷന്‍ സിനിമകള്‍ നിര്‍മിക്കപ്പെടുന്നത്. ആക്ഷന്‍ സിനിമകള്‍ ചെയ്യുന്ന സമയത്ത് ഞാനും പുതിയതരം പ്രേക്ഷകരിലേക്ക് ഇറങ്ങിച്ചെല്ലാനായി ആഗ്രഹിച്ചു. അങ്ങനെയാണ് മേപ്പടിയാനും ഷെഫീക്കിന്റെ സന്തോഷവുമുള്പ്പെടെയുള്ള കുടുംബചിത്രങ്ങള്‍ ചെയ്തത്. മാളികപ്പുറം ഏറെ ജനപ്രീതി നേടിയ സിനിമയായിരുന്നു. കൊമേഴ്സ്യലി ഏറെ വിജയിച്ച സിനിമ കൂടിയായിരുന്നു അത്. ഞാന്‍ ഈ വലയത്തില്‍ കറങ്ങുകയാണെന്ന് തോന്നിയപ്പോഴാണ് വീണ്ടും ആക്ഷന്‍ ഹീറോ എന്ന മാറ്റത്തിലേക്ക് കടന്നത്. എന്റെ തന്നെ നിര്‍മാണകമ്പനിയിലൂടെ തന്നെ വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങാം എന്ന് തീരുമാനിക്കുകയായിരുന്നു.
ഇടവേളയ്ക്കുശേഷം ആക്ഷന്‍ ചെയ്യുമ്പോള്‍ വലിയ തയ്യാറെടുപ്പുകളുണ്ടായിരുന്നോ
ആക്ഷന്‍ എപ്പോഴും എന്റെ ഫേവറേറ്റാണ്. അഭിനയിക്കുമ്പോള്‍ ഏറ്റവും ആസ്വദിച്ചാണ് സംഘട്ടനരംഗങ്ങള്‍ ചെയ്യുന്നത്. ആക്ഷന്സീനുകള്ക്ക് റിസ്കുണ്ട്. ടൈമിങ് കൃത്യമാകണം. വെല്ലുവിളി ഉയര്‍ത്തുന്ന രംഗങ്ങളില്‍പോലും ഞാന്‍ ഡ്യൂപ്പിനെ ഉപയോഗിക്കാറില്ല. മാര്‍ക്കോയിലെ ആക്ഷന്‍രംഗങ്ങളില്‍ ക്യാമറ ഗിമ്മിക്കുകള്‍ തീരെ ഇല്ല. ആക്ഷന്‍രംഗങ്ങള്‍ ചെയ്യാന്‍ എനിക്ക് പ്രചോദനംനല്കിയ, എന്റെ മനസ്സിലെ ഹീറോകള്‍ക്കുള്ള ആദരമാണ് സിനിമ.
ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണല്ലോ പലരും വിശേഷിപ്പിക്കുന്നത്?
യുഎംഎഫ് കമ്പനി തുടങ്ങിയപ്പോള്‍ നിലവാരമുള്ള കഥകള്‍ തിരഞ്ഞെടുത്തുതുടങ്ങി. നിര്‍മാതാവായി നില്ക്കുമ്പോള് ഒരു പോയിന്റില്‍ താഴെയുള്ള കാര്യങ്ങള്‍ അംഗീകരിച്ചുകൊടുക്കേണ്ട കാര്യമില്ലല്ലോ. എല്ലാം ശരിയായി വന്നപ്പോഴാണ് മാര്‍ക്കോ സംഭവിച്ചത്. ഇതൊരു ബെഞ്ച് മാര്‍ക്ക് ആക്ഷന്‍ മൂവിയാണ്. എല്ലാ ഭാഷയിലുമെത്തിയ ടീസര്‍ ഏറെ സ്വീകരിക്കപ്പെട്ടു. ഞങ്ങള്‍ എവിടെയും ഇതൊരു പാന്‍ ഇന്ത്യന്‍ സിനിമയാണെന്ന് പ്രഖ്യാപിച്ചിട്ടില്ല. ഒരു പാന്‍ ഇന്ത്യ സ്വഭാവത്തിലുള്ള സിനിമയാണെന്നും പാന്‍ ഇന്ത്യാ തലത്തില്‍ വിജയിക്കാന്‍ സാധ്യതയുള്ള സിനിമയാണെന്നുമൊക്കെ സോഷ്യല്‍മീഡിയയിലാണ് പ്രചരിക്കപ്പെട്ടത്. ഒരു വയലന്റ് ആക്ഷന്‍ പടം എന്നു മാത്രമാണ് ഞങ്ങള്‍ ഈ സിനിമയെ വിശേഷിപ്പിച്ചത്. വിവിധ ഭാഷകളില്‍ റിലീസാവുന്നതിനാല് ഇതൊരു പാന്‍ ഇന്ത്യന്‍ തലത്തില്‍ അംഗീകരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. തീര്‍ച്ചയായും അങ്ങനെ സംഭവിക്കട്ടെ എന്നു തന്നെയാണ് ആഗ്രഹം.
നിര്‍മാതാവായപ്പോള്‍ സിനിമയോടുള്ള സമീപനം തന്നെ മാറിയതുപോലെ…
പലരും പറഞ്ഞത് നിര്‍മാതാവാകുമ്പോള്‍ ആര്‍ട്ടിസ്റ്റിക് താത്പര്യങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ്. അഭിനേതാക്കള്‍ക്ക് ആഗ്രഹങ്ങള്‍ ഒരുപാടുണ്ടാവും. അപ്പോള്‍ നിര്‍മാതാവ് അവരുടെ ശേഷിക്കനുസരിച്ച് പൈസ ചെലവാക്കും. ഇവിടെ ഞാന്‍ തന്നെ നായകന്, ഞാന്‍ തന്നെ നിര്‍മാതാവ്. എനിക്ക് വലിയ സിനിമകളോടും ആശയങ്ങളോടും ഒരുപാട് ഇഷ്ടമാണ്. എല്ലായിപ്പോഴും നല്ല ക്വാളിറ്റി കണ്ടന്റ് കൊടുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
നിര്‍മാതാവായപ്പോള്‍ എല്ലാത്തിനും ഒരു നിയന്ത്രണം വന്നു. പ്രൊഡക്ഷന്‍ ക്വാളിറ്റി കണ്ടിട്ടാണല്ലോ ഒരു പ്രേക്ഷകന് അത് കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. ഞാന്‍ അങ്ങനെയാണ്. സ്വന്തമായിട്ട് നിര്‍മാണ കമ്പനിയുള്ളതുകൊണ്ട് എനിക്ക് മേപ്പടിയാനും മാളികപ്പുറവും ജയ്ഗണേഷും പോലത്തെ കുറച്ച് നല്ല സിനിമകള്‍ ചെയ്യാനായി. ഈ സിനിമകളെ പ്രേക്ഷകര്‍ സ്വീകരിച്ചതിന് പ്രധാനകാരണം മിനിമം ക്വാളിറ്റിയുണ്ടെന്നുള്ളതാണ്. ഒരു വ്യക്തി കുടുംബസമേതം തിയേറ്ററില്‍ സിനിമ കാണാന്‍ പോകുമ്പോള്‍ മുടക്കുന്ന പണത്തിന് മൂല്യമുള്ള സിനിമയാണോ അതെന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. എന്നിലെ നിര്‍മാതാവിന് അത്തരം കാര്യങ്ങളില്‍ ഇടപെടാം. അതുകൊണ്ടുതന്നെ സിനിമയോടുള്ള സമീപനം ആ സെന്‍സില്‍ മാറിയിട്ടുണ്ട്. എനിക്ക് ഒരു നല്ല സിനിമ ചെയ്യണമെന്നു തോന്നിയാല്‍ എപ്പോള്‍ വേണമെങ്കിലും ചെയ്യാനുള്ള സാഹചര്യം ഇപ്പോഴുണ്ട്.
എപ്പോഴാണ് സംവിധാനത്തിലേക്ക്…
അതുണ്ടാവും. എന്തും പെട്ടെന്ന് മടുക്കുന്നൊരാളാണ് ഞാന്‍. എപ്പോഴും പുതുതായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാന്‍ ആഗ്രഹമുള്ളയാള്‍. അതുകൊണ്ടാണ് സിനിമയില്‍ ഞാന്‍ പാടിയത്. പാട്ട് എഴുതിയിട്ടുമുണ്ട്. അത് വലിയ എഴുത്തുകാരനായതുകൊണ്ടല്ല. ശ്രമിച്ചുനോക്കാന്‍ ഇഷ്ടമായതുകൊണ്ട് ചെയ്തതാണ്. ഒരു സിനിമയെങ്കിലും എനിക്ക് സംവിധാനം ചെയ്യണമെന്നുണ്ട്. സംവിധാനം വേറൊരു ലെവലാണ്. ഇതുവരെ വിചാരിച്ചതെല്ലാം നടന്നിട്ടുണ്ട്, ഇതും നടക്കുമെന്ന് തോന്നുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]