
2019-ൽ കന്നഡയിൽ നിന്നുവന്ന ബ്ലോക്ക് ബസ്റ്റർ ചിത്രമായിരുന്നു പ്രശാന്ത് നീൽ-യഷ് ടീമിന്റെ കെ.ജി.എഫ്. മൂന്നുവർഷങ്ങൾക്കുശേഷം ഇതേ ടീം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായെത്തിയപ്പോൾ ഇന്ത്യ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും കെ.ജി.എഫ് : ചാപ്റ്റർ 2 മാറി. ചിത്രത്തിന് മൂന്നാം ഭാഗമുണ്ടാവും എന്ന സൂചന നൽകിയാണ് റോക്കി ഭായിയുടെ രണ്ടാം വരവ് അവസാനിപ്പിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ പ്രശാന്ത് നീൽ.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കെ.ജി.എഫ് കെ.ജി.എഫിന് മൂന്നാം ഭാഗമുണ്ടാവുമെന്ന് ഉറപ്പുനൽകിയിരിക്കുകയാണ് പ്രശാന്ത് നീൽ. തിരക്കഥ പൂർത്തിയായതായും യഷ് തന്നെയായിരിക്കും നായകൻ. എന്നാൽ സംവിധായകനായി താനുണ്ടാവുമോയെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോലാർ സ്വർണഖനി പശ്ചാത്തലമായി കെ.ജി.എഫിന് തുടർ ഭാഗങ്ങളുണ്ടാവുമെന്നും എന്നാൽ നായകൻ മാറിവരാൻ സാധ്യതയുണ്ടെന്നും നേരത്തേ ഒരഭിമുഖത്തിൽ പ്രശാന്ത് നീൽ പറഞ്ഞിരുന്നു.
ജൂനിയർ എൻ.ടി.ആറുമൊത്തുള്ള ചിത്രത്തേക്കുറിച്ചും പ്രശാന്ത് നീൽ സംസാരിച്ചു. “സലാറിന് ശേഷം ഞാൻ ചെയ്യുന്ന ചിത്രമായിരിക്കും എൻ.ടി.ആർ 31. 2024 പകുതിയോടെയാവും ചിത്രീകരണം ആരംഭിക്കുക. അമിതാഭ് ബച്ചൻ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. എന്നെങ്കിലുമൊരിക്കൽ അദ്ദേഹത്തിന് ആക്ഷനും കട്ടും പറയണം. എന്റെ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതംമൂളുമെന്നാണ് കരുതുന്നത്.” പ്രശാന്ത് നീൽ കൂട്ടിച്ചേർത്തു.
നിലവിൽ സലാർ-സീസ്ഫയർ എന്ന ചിത്രത്തിന്റെ പ്രചാരണത്തിരക്കുകളിലാണ് പ്രശാന്ത് നീൽ. ഈ മാസം 22ന് ‘സലാർ’ ലോകമൊട്ടാകെ റിലീസ് ചെയ്യും. പ്രഭാസും മലയാളികളുടെ സ്വന്തം പൃഥ്വിരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് സലാർ. പൃഥ്വിരാജ് പ്രോഡക്ഷൻസും, മാജിക് ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]