
ചെന്നൈ: വെള്ളപ്പൊക്കത്തിൽ നിന്ന് ദുരന്തനിവാരണ സേന രക്ഷപ്പെടുത്തിയ നടന്മാരായ ആമിർ ഖാനും വിഷ്ണു വിശാലിനും സഹായമെത്തിച്ച് നടൻ അജിത്. ഒരു പൊതു സുഹൃത്തിൽ നിന്നും ഇവരുടെ അവസ്ഥ മനസിലാക്കിയ സൂപ്പർ താരം ഇവരെ നേരിൽക്കണ്ട് സഹായങ്ങൾ ചെയ്യുകയായിരുന്നു. വിഷ്ണുവും ആമിറും താമസിച്ചിരുന്ന വില്ലകളിലെ മറ്റ് താമസക്കാർക്കുള്ള സഹായവും അജിത് ചെയ്തുകൊടുത്തു.
എക്സ് അക്കൗണ്ടിലൂടെ വിഷ്ണു വിശാലാണ് തങ്ങളെ സഹായിക്കാൻ അജിത് മുന്നോട്ടുവന്ന വിവരം അറിയിച്ചത്. ഒരു സുഹൃത്തുവഴി ഞങ്ങളുടെ അവസ്ഥ മനസിലാക്കിയ അജിത് സർ സഹായസന്നദ്ധനായി എത്തുകയായിരുന്നു. ഞങ്ങൾക്കും ഞങ്ങളുടെ വില്ലകളിലെ മറ്റുള്ളവർക്കും അദ്ദേഹം യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തിത്തന്നു. നിങ്ങളെ ഞാൻ സ്നേഹിക്കുന്നു അജിത് സർ എന്നാണ് വിഷ്ണു വിശാൽ എക്സിൽ പോസ്റ്റ് ചെയ്തത്. ആമിറിനും അജിത്തിനുമൊപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ കാരപ്പാക്കത്താണ് വിഷ്ണു വിശാലും ആമിർ ഖാനും അടക്കമുള്ള ആളുകൾ കുടുങ്ങിയത്. വിഷ്ണു താമസിക്കുന്ന അതേ വില്ല കമ്മ്യൂണിറ്റിയിലാണ് ആമിറും താമസിക്കുന്നത്. കാരപ്പാക്കത്തുള്ള തന്റെ വീട്ടിലേക്കു വെള്ളം കയറുന്നതിന്റെ ചിത്രങ്ങൾ വിഷ്ണു വിശാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇതേ തുടർന്ന് വൈകിട്ടോടെ ഈ ഭാഗത്തുനിന്നുള്ള ആളുകളെ ദുരന്തനിവാരണ സേനയും ഫയർ ഫോഴ്സും രക്ഷപ്പെടുത്തിയിരുന്നു.
30-ലേറെ പേരെയാണ് കാരപ്പാക്കത്തെ വില്ലാ കമ്മ്യൂണിറ്റിയിൽ നിന്ന് രക്ഷപ്പെടുത്തിയതെന്ന് വിഷ്ണു വിശാൽ രക്ഷാപ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കയ്യിലുണ്ടായിരുന്ന ഭക്ഷണം അവർക്ക് നൽകി. ഇടതടവില്ലാതെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇവരെപ്പോലുള്ളവരേയും സഹായിക്കണമെന്നും വിഷ്ണു എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.
ദുരന്തനിവാരണ സേന ബോട്ടിൽ സുരക്ഷിത സ്ഥലത്തേക്കു കൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചുള്ള വിഷ്ണുവിന്റെ ട്വീറ്റിൽ ആമിർ ഖാനെയും കാണാമായിരുന്നു. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആമിർ ഖാൻ ഇപ്പോൾ ചെന്നൈ കാരപ്പാക്കത്ത് ആണ് താമസം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]