
റീലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ 500 കോടിയിലേക്ക്; ‘അനമലി’ന്റെ തേരോട്ടം
ചിത്രത്തിൽ നിന്നുള്ള രംഗം
രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘അനിമല്‍’ ബോക്സ് ഓഫിസില്‍ ഗംഭീരവിജയം നേടിയിരിക്കുകയാണ്. രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. ‘അര്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകന്. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത മുന്‍ചിത്രങ്ങളായ അര്ജുന് റെഡ്ഡി, കബീര്‍ സിംഗ് എന്നീ ചിത്രങ്ങള്‍ക്കെതിരെയും സമാനരീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് ‘അനിമലി’ലെ രശ്മികയുടെ ഗീതാഞ്ജലിയെന്നും ഒരുപാട് പേര് അഭിപ്രായപ്പെട്ടു.
ഗാനരചയിതാവും നടനും സഹസംവിധായകനുമായ സ്വാനന്ദ് കിര്‍കിരേ, ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്ഘട്ട് തുടങ്ങിയവര്‍ ചിത്രത്തിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചു. ‘അനിമല്‍’ കണ്ട് കയ്യടിക്കുന്ന പുതിയ തലമുറയിലെ പെണ്‍കുട്ടികളോട് സഹതാപം തോന്നിയെന്നും സമത്വം എന്ന ആശയത്തോട് ഞാന്‍ തന്റെ മനസ്സില്‍ ആദരാഞ്ജലി അര്‍പ്പിച്ചുവെന്നുമാണ് സ്വാനന്ത് കിര്‍കിതേ അഭിപ്രായപ്പെട്ടത്. ‘അനിമല്‍’ ദുരന്തമാണെന്നും സ്ത്രീവിരുദ്ധതയാണ് പുരുഷത്വം എന്ന് പറയുന്നത് നാണക്കേടാണെന്നും ജയ്ദേവ് ഉനദ്ഘട്ട് പറഞ്ഞു. സിനിമാപ്രവര്‍ത്തകര്‍ സാമൂഹ്യപ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രശസ്ത നിരൂപകരും ചിത്രത്തെ കടന്നാക്രമിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാണ് കുറിച്ചത്.
‘അനിമലി’നെ അഭിനന്ദിച്ചുകൊണ്ടാണ് നടി തൃഷ ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറി പങ്കുവച്ചതും വിവാദമായി. കള്‍ട്ട് എന്നാണ് തൃഷ ‘അനിമലി’നെ വിശേഷിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും തുടങ്ങി. മന്‍സൂര്‍ അലിഖാന് വിഷയത്തില്‍ സ്ത്രീകളുടെ അന്തസിനേക്കുറിച്ച് ഒരാഴ്ചമുമ്പുവരെ ക്ലാസെടുത്തിരുന്ന ഒരാളാണോ ഈ അഭിപ്രായം പറഞ്ഞത് എന്ന് ചോദിച്ചായിരുന്നു പ്രധാന വിമര്‍ശനം. അതേസമയം, ഗായകന് അദ്നാന് സമി ‘അനിമലി’ന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നു. അമിതമായ ചിന്തയും സദാചാര പോലീസും നിര്‍ത്താമോ എന്നാണ് അദ്ദേഹം കുറിച്ചത്.
വിമര്‍ശനങ്ങള്‍ക്കിടയിലും ചിത്രം ബോക്സ് തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് അഞ്ച് ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ 500 കോടി ക്ലബിലേക്ക് കുതിക്കുകയാണ്. അഭിനന്ദനങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സിനിമയ്ക്ക് കൂടുതല്‍ പ്രസിദ്ധി ലഭിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്
ഭൂഷണ് കുമാറിന്റെയും കൃഷന് കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നു.
അമിത് റോയ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്. പ്രീതം, വിശാല്‍ മിശ്ര, മനാന് ഭര്ത്വാജ്, ശ്രേയാസ് പുരാണിക്, ജാനി,അഷിം കിംസണ്‍, ഹര്ഷവര്ദ്ധന്, രാമേശ്വര്‍, ഗൌരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീതസംവിധായകര്‍ ആണ് ‘അനിമലി’ലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
Content Highlights: animal, ranbir kapoor, rashmika mandana, box office, collection controversy criticism
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]