
എറണാകുളത്തപ്പന്റെ മുറ്റത്ത് വെള്ളമേഘശകലം പോലെ കൈകൂപ്പിനില്ക്കുന്ന ഈ മനുഷ്യന് അര നൂറ്റാണ്ടുമുന്പ് ഒരു ഹിപ്പിയായിരുന്നു. കാലം പീലിതൊട്ടുഴിഞ്ഞപ്പോള് കൈയിലെ ഗിറ്റാര്‍ ഹാര്‍മോണിയമായി. ബെല്‍ബോട്ടം പാന്റ്സിനും വീതിക്കോളര് ഷര്‍ട്ടിനും വെളുത്തമുണ്ടിലേക്കും ജൂബയിലേക്കും വേഷപ്പകര്‍ച്ച. യൗവനം വിയര്‍പ്പുതുള്ളികളായി വെട്ടിത്തിളങ്ങിയ നെറ്റിയില്‍ ഭസ്മവും ചന്ദനവും. ആധുനികതയുടെ ദ്രുതതാളങ്ങളില്നിന്ന് ആത്മീയതയുടെ ഓടക്കുഴല്വിളിയിലേക്കുള്ള യാത്രയില്‍ ഉള്ളടങ്ങുന്നു ടി.എസ്. രാധാകൃഷ്ണന് എന്ന സംഗീത സംവിധായകന്റെ ജീവിതം. പാശ്ചാത്യശാസ്ത്രജ്ഞന് പൗരസ്ത്യയോഗിയാകും പോലൊരു പരിണാമം.
അന്പതുവര്ഷം പിന്നിട്ട രാധാകൃഷ്ണസംഗീതത്തെ ആഘോഷിക്കാനൊരുങ്ങുകയാണ് കൊച്ചി. ടി.എസ്. രാധാകൃഷ്ണന്റെ ഏറ്റവും പ്രശസ്തമായ ഭക്തിഗാനത്തിന്റെ ആദ്യ വരിയെ ഓര്‍മപ്പെടുത്തിക്കൊണ്ട് ‘ഒരുനേരമെങ്കിലും’ എന്നു പേരിട്ട പരിപാടി നാരായണീയ മഹോത്സവത്തിന്റെ ഭാഗമായി അഞ്ചിന് എറണാകുളത്തപ്പന് മൈതാനത്താണ്. ആദ്യമായി ഭക്തിഗാനം പാടിയ അമ്പലനടയിലിരുന്ന് ടി.എസ്. രാധാകൃഷ്ണന് സംസാരിക്കുന്നു.
? എവിടെയായിരുന്നു തുടക്കം
ഈ അമ്പലത്തിന്റെ ഊട്ടുപുരയിലെ ഭൂതനാഥ ഭജനസംഘത്തില്‍ ജ്യേഷ്ഠന് ശങ്കരനാരായണനൊപ്പം പാടിയാണ് ഞാന്‍ തുടങ്ങുന്നത്. 1971-ല്‍ ദാസേട്ടന് സിനിമയില്‍ പാടിയതിന്റെ പത്താം വാര്‍ഷികാഘോഷം കൊച്ചിന് കലാഭവന്റെ നേതൃത്വത്തില്‍ നടത്തി. അതിന്റെ ഭാഗമായി ബസിലിക്ക പള്ളിയങ്കണത്തില്‍ നടത്തിയ മത്സരങ്ങളില്‍ കര്‍ണാടക സംഗീതത്തില്‍ എനിക്ക് ഒന്നാംസ്ഥാനം കിട്ടി. അന്ന് എസ്.ആര്.വി. സ്കൂളില്‍ ഒന്‍പതാം ക്ലാസിലാണ്. ദാസേട്ടന് തന്നെയായിരുന്നു വിധികര്‍ത്താവ്. അദ്ദേഹംതന്നെ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റായിരുന്നു സമ്മാനം. അതിനുശേഷം വിജയികളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ ഉള്‍പ്പെടുത്തി കലാഭവന്‍ തന്നെ ഗാനമേള സംഘടിപ്പിച്ചു. അതിലും പാടാന്‍ അവസരം കിട്ടി. ആ കണക്കുെവച്ചുനോക്കുമ്പോള് ഇപ്പോള്‍ അന്പതുവര്ഷം കഴിഞ്ഞു.
? ഗിറ്റാറേന്തിയ ഹിപ്പി ഭക്തിഗാന സംവിധായകനായത്
ആല്‍ബര്‍ട്സില്‍ പഠിക്കുമ്പോഴേ ബെല്ബോട്ടമിട്ട ഹിപ്പിയായിരുന്നു. എന്റെ മറ്റൊരു ജ്യേഷ്ഠനായ ടി.എസ്. കൃഷ്ണന് ‘ഹൈജാക്കേഴ്സ്’ എന്ന ബാന്‍ഡിലെ ഡ്രംസ് വായനക്കാരനാണ് അന്ന്. പിന്നെ കുറെക്കാലം ബാന്‍ഡിന്റെ ഭാഗമായി. ഇതിനിടയ്ക്ക് 1979-ല്‍ എറണാകുളത്തപ്പന്റെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്ക് ‘ചന്ദ്രക്കല പൂചൂടി സ്വര്ണമണിനാഗമാല ചാര്‍ത്തി’ എന്ന പാട്ട് ചിട്ടപ്പെടുത്തി.
കോളേജിലെ സഹപാഠിയായിരുന്ന ആര്.കെ. ദാമോദരന്റെ വരികള്‍. അതാണ് എന്റെ ആദ്യ ഭക്തിഗാനം. പിന്നെ ആര്.കെ.യുമായി ചേര്‍ന്ന് പതിനൊന്ന് പാട്ടുകള്‍ തയ്യാറാക്കി. ബാന്‍ഡിലുണ്ടായിരുന്ന ഹരിയാണ് ആല്ബമാക്കാമെന്ന നിര്‍ദേശം വെച്ചത്. കൊച്ചിന് ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സിന്റെ പ്രാക്ടീസ് ഹാളില്‍ ചാക്ക് കെട്ടി മറച്ച് സാധാരണ സ്പൂള്‍ റെക്കോര്‍ഡര്‍ ഉപയോഗിച്ചായിരുന്നു റെക്കോഡിങ്. ദാസേട്ടന് പാടണമെന്നായിരുന്നു ആഗ്രഹമെങ്കിലും തരംഗിണി തുടങ്ങാന്‍ തീരുമാനിച്ച സമയമായതുകൊണ്ട് നടന്നില്ല.
പിന്നെ സുഹൃത്തുക്കള്‍ വഴി ജയേട്ടനിലെത്തി. അങ്ങനെ അദ്ദേഹം വന്ന് ആദ്യമായി ഞങ്ങളുടെ ആല്‍ബത്തിനു വേണ്ടി പാടിയതാണ് ‘ശ്രീവാഴും പഴവങ്ങാടിയിലെ ഗണപതിഭഗവാനെ’യും കൂടല്‍മാണിക്യ സ്വാമിയെക്കുറിച്ചുള്ള ‘കൂടും കുരുവിയും’ എന്ന പാട്ടും.
? പാട്ടുകള്‍ക്ക് ഭക്തരുടെ ഹൃദയങ്ങളെ തൊടുന്ന ആര്‍ദ്രത കൊടുക്കുന്നതെങ്ങനെ
ഉപയോഗിക്കാന്‍ സപ്തസ്വരങ്ങളേയുള്ളൂ. ബാക്കിയൊക്കെ ദൈവികം. ‘തുളസീതീര്‍ഥം’ കഴിഞ്ഞപ്പോള്‍ ദാസേട്ടന് ‘രാഗപ്രവാഹം’ എന്ന പുസ്തകത്തെക്കുറിച്ച് പറഞ്ഞു. അപൂര്വങ്ങളായവ ഉള്‍പ്പെടെ അയ്യായിരത്തോളം രാഗങ്ങളുണ്ടതില്. ആ പുസ്തകത്തിലെ രാഗങ്ങളുപയോഗിച്ച് ചെയ്തതാണ് ‘ഹരിവരാസനം കേട്ടുമയങ്ങും’, ‘ശരംകുത്തിയാലിന്റെ മുറിവേറ്റ മനസ്സുമായി’ തുടങ്ങിയ പാട്ടുകള്‍.
? ഈണം നല്കിയവയില് ജീവിതത്തോട് ഏറ്റവും അടുത്തുനില്ക്കുന്ന വരികള്‍
ധാരാളമുണ്ട്. ‘തുളസീതീര്ഥ’ത്തില്‍ എല്ലാവരും ‘ഒരുനേരമെങ്കിലും’ എന്ന പാട്ടിനെക്കുറിച്ച് പറയുമ്പോഴും എന്നെ കൂടുതല്‍ ആകര്‍ഷിച്ചത് ‘നീലപ്പീലിക്കാവടിയേന്തി…’ ആണ്. ആ പാട്ട് എന്നെ കരയിച്ചിട്ടുണ്ട്.
? പാട്ടുകേട്ട് ഈശ്വരന് മുന്നിലവതരിച്ചാല്‍
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എനിക്ക് എല്ലാമെല്ലാം അയ്യപ്പനാണ്. പണ്ട് വെസ്റ്റേണ്‍ പാടിയ രാജ്യത്തുപോയി ഭജന പാടാന്‍ അവസരമുണ്ടാക്കിയത് അയ്യപ്പനാണ്. എത്ര ജന്മം കിട്ടിയാലും ഭഗവാന്റെ കീര്‍ത്തനങ്ങള്‍ ചൊല്ലാനും സംഗീതം നല്‍കാനും കഴിയണേ എന്നു മാത്രമാണ് പ്രാര്‍ഥന.