
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതില്‍ സിനിമാലോകത്തെ ലഹരിബന്ധത്തേക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍, അന്നുണ്ടാവാത്ത ഞെട്ടലാണ് ഗുണ്ടാനേതാവ് ഓംപ്രകാശിനെ ഹോട്ടല്‍മുറിയില്‍ സന്ദര്‍ശിച്ചവരില്‍ സിനിമാ താരങ്ങളുമുണ്ടെന്ന പോലീസിന്റെ റിപ്പോര്‍ട്ടോടെ സിനിമാലോകത്തുണ്ടായത്. യുവതാരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗമാര്‍ട്ടിനും ഇയാളുടെ മുറിയില്‍ എത്തിയവരുടെ സംഘത്തിലുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയത്.
ഇതോടെ സിനിമലോകത്തെ ലഹരിയുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാന്‍ ജയിലില്‍ പോയ കഥയൊക്കെ നിങ്ങള്‍ക്ക് അറിയാമല്ലോ’ എന്ന് മലയാളത്തിലെ മറ്റൊരു യുവതാരമായ ഷൈന്‍ ടോം ചാക്കോ പ്രതികരിച്ചിരുന്നു. കൊക്കയ്നുമായി നടനെ പോലീസ് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചായിരുന്നു പരാമര്‍ശം.
കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയ്നുമായി നടന് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലാവുന്നത്. 2015 ജനുവരി 30-നായിരുന്നു സംഭവം. കേസ് രജിസ്റ്റര്‍ചെയ്ത് പത്തുവര്ഷത്തോട് അടുക്കുമ്പോഴും കേസില്‍ വിചാരണ പൂര്‍ത്തിയായിട്ടില്ല.
2018 ഒക്ടോബറിലായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ഇതിനിടെ തുടരന്വേഷണവും നടന്നു. പോലീസ് റെയ്ഡിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒന്നാം പ്രതിയായ രേഷ്മ രംഗസ്വാമി, ബ്ലെസി സില്‍വസ്റ്റര്‍ എന്നിവര്‍ ഫോണില്‍ പകര്‍ത്തിയ കൊക്കയ്നിന്റെ ചിത്രം തുടരന്വേഷണത്തില്‍ പോലീസിന് ലഭിച്ചു. ഇവരുടെ ഫോണിന്റെ ഫൊറന്‍സിക് പരിശോധന ഫലവും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇത്തരം കേസുകളില്‍ സാധാരണയായി ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാറില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. വിചാരണനടപടികള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ഫ്രാന്‍സിസ് ഷെല്‍ബിയുടെ ക്രോസ് വിസ്താരമാണ് ഇനി നടക്കാനുള്ളത്.
ഏഴ് ഗ്രാം കൊക്കയ്നുമായാണ് അഞ്ചുപേരെ പിടികൂടിയത്. കേരളത്തിലെ ആദ്യ കൊക്കെയ്ന്‍ കേസാണിത്. 2015-ലാണ് സിനിമാനടന്മാര് കൊക്കെയ്ന്‍ ഉപയോഗിക്കുന്നതായി ആദ്യമായി തെളിവുകിട്ടിയതെന്നും അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പി.എസ്. ശശികുമാര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിയമത്തിലെ നൂലാമാലകളം പ്രതിഭാഗത്തിന്റെ വൈകിപ്പിക്കലുമാണ് വിചാരണനടപടികള്‍ നീണ്ടുപോകാന്‍ കാരണം. കേസില്‍ അറസ്റ്റിലായ ഷൈന്‍ ടോം ചാക്കോയ്ക്ക് രണ്ടുമാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]