കോഴിക്കോട്: കേരളത്തെ സിനിമാനിർമാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ. കൈരളി, ശ്രീ തിയേറ്റർ സമുച്ചയത്തിൽ ഒരുക്കിയ ‘വേദി’ ഓഡിറ്റോറിയം ആൻഡ് കോൺഫറൻസ് റൂം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ പ്രകൃതിരമണീയതയുടെ പത്ത് ശതമാനംപോലും സിനിമാ നിർമാണത്തിനുവേണ്ടി ഉപയോഗപ്പെടുത്തുന്നില്ല. തിരുവനന്തപുരത്തും കൊച്ചിയിലും ആധുനികമായി ഏത് സിനിമ വേണമെങ്കിലും ചിത്രീകരിക്കാവുന്ന തരത്തിൽ പ്രൊഡക്ഷൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ നിർമിക്കുന്ന സിനിമകൾ മാത്രമല്ല ഇന്ത്യക്ക് പുറത്തേയും സിനിമ കേരളത്തിൽ പ്രൊഡക്ഷൻ ചെയ്യാനുള്ള തരത്തിൽ കേരളത്തെ മാറ്റിയെടുക്കണം. അതിനുള്ള എല്ലാ സാഹചര്യവും നമുക്കുണ്ട്. മാത്രമല്ല കലാകാരന്മാരെ സംരക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
1170 ചതുരശ്ര അടി ഏരിയയിൽ 100 പേർക്ക് ഇരിക്കാവുന്ന രീതിയിൽ പ്രൊജക്ഷൻ സൗകര്യങ്ങളോടു കൂടിയാണ് ‘വേദി’ ഓഡിറ്റോറിയം സജ്ജീകരിച്ചിട്ടുള്ളത്. ഓഡിറ്റോറിയത്തോട് ചേർന്ന് 300 ചതുരശ്ര അടിയിൽ പരമാവധി 20 പേർക്കുവരെ യോഗം ചേരാവുന്ന രീതിയിലാണ് കോൺഫറൻസ് റൂം നിർമിച്ചിട്ടുള്ളത്. അനുബന്ധമായി ടോയ്ലെറ്റ് സൗകര്യങ്ങളും ഈ സമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി. ഡോ. ബീനാ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്, കെ.എസ്.എഫ്.ഡി.സി. ചെയർമാൻ ഷാജി എൻ. കരുൺ തുടങ്ങിയവർ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]