കൊച്ചി: നല്ലൊരു സിനിമയെ റിവ്യൂ ചെയ്ത് നശിപ്പിക്കാൻ സാധിക്കില്ലെന്നും എന്നാൽ ആദ്യ ദിനങ്ങളിലെ കളക്ഷനെ അത് ബാധിക്കുമെന്നും സംവിധായകൻ ടിനു പാപ്പച്ചൻ. റിവ്യൂ പറയുന്നവരുടെ അഭിപ്രായം എപ്പോഴും ശരിയാകണമെന്നില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. പുതിയ ചിത്രം ചാവേറിന്റെ വാർത്ത സമ്മേളനത്തിലാണ് ഇവരുടെ പ്രതികരണം. ഒരു ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചിട്ട് മോശമാണെങ്കിൽ പുറത്തുവന്നയുടൻ വീഡിയോ ചെയ്യുമോ എന്ന് ചിത്രത്തിന്റെ നിർമ്മാതാവ് അരുൺ നാരായനും ചോദിച്ചു.
‘നല്ല സിനിമയെ റിവ്യൂ ചെയ്തു നശിപ്പിക്കാൻ കഴിയില്ല. പക്ഷേ നല്ല സിനിമയുടെ ആദ്യദിനങ്ങളിലെ കളക്ഷനെ അത് ഭയങ്കരമായി ബാധിക്കും. അതുകൊണ്ടാണ് ഹൈക്കോടതി പറഞ്ഞ കാര്യത്തോട് ഞാൻ യോജിക്കുന്നത്. റിവ്യൂ ചെയ്യേണ്ടവർക്ക് ചെയ്യാം, ഒരു കുഴപ്പവുമില്ല. അത് ഒരാഴ്ച കഴിഞ്ഞ് ചെയ്താൽ ഓക്കേ ആണ്. നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രശ്നം വരുന്നുമില്ല. ഒരു ഫിലിം മേക്കറിന് അപ്പുറത്ത് സിനിമയ്ക്ക് പണം മുടക്കുന്ന ഒരു ഇൻവെസ്റ്റർ ഉണ്ടല്ലോ. പണ്ട് നമ്മുടെ നാട്ടിലെ തിയേറ്ററുകളിൽ ആവറേജ്, ഹിറ്റ്, സൂപ്പർ ഹിറ്റ് എന്നിങ്ങനെ കാറ്റഗറി ഉണ്ടായിരുന്നു. ഇന്ന് രണ്ടു തരം കാറ്റഗറിയേ ഉള്ളൂ. ഒന്നുകിൽ സൂപ്പർ ഹിറ്റ്, അല്ലെങ്കിൽ ഫ്ലോപ്പ്. ആവറേജും ഹിറ്റും ഉണ്ടാകാനുള്ള അവസരം കിട്ടുന്നില്ല. ഇത് നിങ്ങൾ തന്നെ ഒന്ന് പരിശോധിച്ച് നോക്കുക.
പടം എടുത്ത് തിയേറ്ററിൽ ഓടിക്കഴിഞ്ഞാൽ സംവിധായകനോ എഴുത്തുകാരനോ ഒന്നും പിന്നെ ഒരു അവകാശവുമില്ല. അത് ഉറപ്പായും പ്രേക്ഷകരുടെ തീരുമാനത്തിലേയ്ക്ക് വിട്ടുകൊടുക്കുവാണ്. അവർ പറയുന്നത് കേൾക്കുക, മിണ്ടാതിരിക്കുക. പക്ഷേ ഇൻഡസ്ട്രിയെ സപ്പോർട്ട് ചെയ്യുന്ന രീതിയിലും ഇതിനെ കാണാമല്ലോ. മാറുന്ന കാലത്തിനനുസരിച്ച് സ്റ്റെെലും മാറുകയാണ്. പണ്ട് നൂറ് ദിവസം ഓടുന്നതാണ് നേട്ടം, ഇപ്പോ നൂറ് കോടി അടിക്കുന്നതാണ് നേട്ടം. പണ്ട് ഇടുന്ന ഷർട്ടിന്റെ സ്റ്റെെൽ ആണോ ഇന്നിടുന്നത്. ആ മാറ്റം മനസിലാക്കണം’, ടിനു പാപ്പച്ചൻ പറഞ്ഞു.
‘നമ്മളെല്ലാവരും മനുഷ്യരാണ്. എല്ലാവർക്കും തെറ്റും കുറവുകളും ഉണ്ടാകും. അത് മനസിലാക്കുക. നമ്മൾ എല്ലാവരും ഒരുമിച്ച് മുൻപോട്ട് പോകേണ്ട ആൾക്കാരാണ്. സിനിമ വലിയൊരു മീഡിയമാണ്. മലയാളികൾക്ക് ഏറ്റവും എന്റർടെയിൻമെന്റ് കൊടുക്കുന്ന ഒന്നാണ് സിനിമ. തിയേറ്ററിലേയ്ക്ക് വരികയേ ചെയ്യരുതെന്നുള്ള മനുഷ്യപ്പറ്റില്ലാത്ത റിവ്യൂകൾ മയപ്പെടുത്തുക എന്നേയുള്ളൂ. 100 ശതമാനം പെർഫക്ട് സിനിമ എന്നൊന്ന് ഉണ്ടോ. കുറച്ച് സമയം കൊടുക്കുക. എന്നിട്ട് എന്ത് വേണോ ചെയ്തോളൂ. റിവ്യൂ പറയുന്നവരുടെ അഭിപ്രായം എപ്പോഴും ശരിയാകണമെന്നില്ല എന്നുള്ളതാണ് സത്യം‘, കുഞ്ചാക്കോ ബോബൻ പറഞ്ഞു.
‘ഹോട്ടലിൽ പോയി നമ്മൾ ഇഷ്ടപ്പെട്ട ആഹാരം ഓർഡർ ചെയ്യുന്നു, അത് കഴിക്കുന്നു. ഒരു ബിരിയാണിക്ക് 160 രൂപ ആവില്ലേ? അത് നമുക്ക് ഇഷ്ടപ്പെട്ടില്ല. എന്നുവെച്ച് കഴിച്ചിട്ട് പുറത്ത് വന്ന് വീഡിയോ ചെയ്യുമോ. റിവ്യൂ ചെയ്യും. പക്ഷേ അരമണിക്കൂർ വീഡിയോ ചെയ്യുമോ? നമ്മൾ പിന്നെ ആ ഹോട്ടലിൽ കയറില്ല എന്നല്ലേ ഉള്ളൂ. ഇത് ഒരു വലിയ ഇൻഡസ്ട്രിയാണ്. നിങ്ങൾ ചെയ്യുന്ന ജോലിയും സിനിമയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഈ ഇൻഡസ്ട്രി നിലനിന്നാലേ നമുക്കെല്ലാവർക്കും അതിജീവനമുള്ളൂ. അടിസ്ഥാനപരമായി അത് മനസിലാക്കണ്ടേ. നമ്മളെല്ലാവരും ഒരേ വഞ്ചിയിൽ പോകുന്നവരാണ്. ഒരു സൈഡിൽ നിന്നിട്ട് വഞ്ചി ചവിട്ടിയിട്ടാലോ. ഇപ്പുറത്ത് ഇരിക്കുന്നവരും പോകും നിങ്ങളും പോകും. ഇത് ഇരിക്കുന്ന മരം മുറിക്കുന്ന അവസ്ഥയല്ലേ. അതുണ്ടാവരുതെന്നേ പറയുന്നുള്ളൂ’, നിർമാതാവ് അരുൺ വി നാരായൺ പറഞ്ഞു.
കണ്ണൂർ പശ്ചാത്തലമാക്കിക്കൊണ്ട് നടനും സംവിധായകനുമായ ജോയ് മാത്യു ഒരുക്കിയിരിക്കുന്ന തിരക്കഥയിലാണ് ടിനു പാപ്പച്ചൻ ‘ചാവേർ’ ഒരുക്കിയിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]