
കഴിഞ്ഞ നാലുവർഷമായി മലയാള സിനിമാപ്രേക്ഷകർ വേറൊരു ചിത്രത്തിനുവേണ്ടിയും ഇതുപോലെ കാത്തിരുന്നിട്ടുണ്ടാവില്ല.പറഞ്ഞുവരുന്നത് പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാൻ എന്ന ചിത്രത്തേക്കുറിച്ചാണ്. കുറച്ചധികം നാളായി പ്രത്യേകിച്ച് വാർത്തകളൊന്നുമില്ലാതിരുന്ന ചിത്രത്തേക്കുറിച്ച് ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്നാണ് സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.‘‘എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് അറിയില്ല. എമ്പുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്യുകയാണ്.’’പൃഥ്വിരാജ് കുറിച്ചു.
നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫർ നിർമിച്ചതും ആശിർവാദ് ആയിരുന്നു.
ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്ഷൻ.
ഹോളിവുഡ് ചിത്രത്തിനു സമാനമായ ലൊക്കേഷനും ചിത്രീകരണവുമാണ് ആസൂത്രണം ചെയ്യുന്നത്. നേരത്തേ ഛായാഗ്രാഹകൻ സുജിത് വാസുദേവ്, സംവിധായകൻ നിർമൽ സഹദേവ് തുടങ്ങിയവർക്കൊപ്പം നടത്തിയ ലൊക്കേഷൻ ഹണ്ട് ചിത്രങ്ങൾ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഇതിന് ആവേശകരമായ സ്വീകരണമായിരുന്നു ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]