
പുറത്തുവന്നതുമുതൽ ഒരുപോലെ പ്രശംസയും കളിയാക്കലുകളും ഏറ്റുവാങ്ങുകയാണ് ജൂനിയർ എൻ.ടി.ആർ നായകനാവുന്ന പുതിയ ചിത്രമായ ദേവരയിലെ ‘ചുട്ടമല്ലേ’ എന്ന ഗാനം. പാട്ടിന്റെ ഈണവുമായി ബന്ധപ്പെട്ടാണ് ജാൻവി കപൂറിനൊപ്പമുള്ള ജൂനിയർ എൻ.ടി.ആറിന്റെ പ്രണയഗാനം ചർച്ചയായിരിക്കുന്നത്. അനിരുദ്ധ് ഈണമിട്ട ഗാനം ശുദ്ധമായ കോപ്പിയടിയാണെന്നാണ് ഒരുവിഭാഗം ആസ്വാദകർ ചൂണ്ടിക്കാട്ടുന്നത്.
ശ്രീലങ്കൻ ഗായിക യൊഹാനി ആലപിച്ച് 2021-ൽ പുറത്തിറങ്ങിയ ‘മനികേ മഗേ ഹിതേ’ എന്ന വൈറൽ ഗാനവുമായുള്ള സാദൃശ്യമാണ് ദേവരയിലെ ഗാനത്തെ ചൂടുള്ള ചർച്ചാ വിഷയമാക്കിയത്. ഈ ഗാനം അനിരുദ്ധ് കോപ്പിയടിച്ചു എന്നായിരുന്നു വിമർശകരുടെ ആരോപണം. തിങ്കളാഴ്ച ഗാനം പുറത്തിറങ്ങിയപ്പോൾ നിരവധി പേർ അഭിനന്ദനങ്ങളുമായെത്തിയപ്പോൾ മറ്റൊരു വിഭാഗം അനിരുദ്ധിനെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ‘മനികേ മഗേ ഹിതേ’ സംഗീത സംവിധായകൻ ചമത് സംഗീത്. താൻ എല്ലായ്പ്പോഴും അനിരുദ്ധിൻ്റെ ആരാധകനാണെന്ന് ചമത് പറഞ്ഞു. തൻ്റെ ‘മനികേ മഗേ ഹിതേ’ എന്ന ഗാനം സമാനമായെരു സംഗീതം സൃഷ്ടിക്കാൻ അനിരുദ്ധിനെ പ്രചോദിപ്പിച്ചതിൽ താൻ സന്തുഷ്ടനാണെന്നും ചമത് കൂട്ടിച്ചേർത്തു. രണ്ടുഗാനങ്ങളും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു വീഡിയോ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മൂന്നുവർഷം മുമ്പാണ് ‘മനികേ മഗേ ഹിതേ’ യൊഹാനി ആലപിച്ച ഗാനം പുറത്തുവന്നതും വലിയതോതിൽ ശ്രദ്ധിക്കപ്പെടുന്നതും. തുടർന്ന് 2022-ൽ സിദ്ധാർത്ഥ് മൽഹോത്രയും അജയ് ദേവ്ഗണും മുഖ്യവേഷങ്ങളിലെത്തിയ താങ്ക് ഗോഡ് എന്ന ചിത്രത്തിൽ ഈ ഗാനത്തിന്റെ ഹിന്ദി പതിപ്പ് ഉൾപ്പെടുത്തിയിരുന്നു. യൊഹാനിതന്നെയായിരുന്നു ഈ ഗാനം ആലപിച്ചതും. നിലവിൽ രണ്ടുതവണ ആസ്വാദകർ കേട്ട ഗാനം വീണ്ടും ഉപയോഗിച്ചു എന്നതാണ് അനിരുദ്ധിനെതിരെ പരിഹാസങ്ങൾ ഉയരാനുള്ള കാരണം.
‘മനികേ മഗേഹിതേ’ എന്ന ശ്രീലങ്കൻ ഗാനത്തിന്റെ കവർ പതിപ്പായിരുന്നു യൊഹാനി ആലപിച്ച് പുറത്തിറക്കിയത്. ഒറിജിനൽ ഗാനത്തേക്കാൾ സ്വീകാര്യതയാണ് ഇതിന് ലഭിച്ചത്. തുടർന്ന് ടി സീരീസ് ഈ ഗാനം ബോളിവുഡിൽ അവതരിപ്പിച്ചു. ഇപ്പോൾ ഇതേ ഗാനം ടി സീരീസ് തന്നെ ദേവരയ്ക്കുവേണ്ടി ‘ചുട്ടുമല്ലേ’ എന്നപേരിൽ പുറത്തിറക്കി എന്നാണ് ഒരു പ്രതികരണം.
‘കാതൽ കൺകെട്ടുതേ’ എന്ന വരികൾക്കുമേലേ ‘മനികേ മഗേഹിതേ’ എന്ന ഗാനം തൂവി അനിരുദ്ധ് റീസൈക്കിൾ ചെയ്തെടുത്തു എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ഇത്തരം നിരവധി പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ ഫിയർ സോംഗിന് തമിഴ്ലി ചിത്രമായ യോയിലെ ബഡാസ് എന്ന ഗാനവുമായി സാദൃശ്യമുണ്ടെന്ന് വാദമുയർന്നിരുന്നു. ലിയോയുടെ സംഗീത സംവിധായകനും അനിരുദ്ധ് ആയിരുന്നു. അതിനുപിന്നാലെയാണിപ്പോൾ ദേവരയിലെ രണ്ടാമത്തെ ഗാനത്തിനെതിരെയും കോപ്പിയടി ആരോപണം വന്നിരിക്കുന്നത്.
നേരത്തേ ഗാനരംഗത്തിൽ അഭിനയിച്ച ജൂനിയർ എൻ.ടി.ആറിന്റെയും ജാൻവിയുടേയും പ്രായവ്യത്യാസം ചൂണ്ടിക്കാട്ടിയും സോഷ്യൽ മീഡിയയിൽ ചർച്ചയുണ്ടായിരുന്നു. നായകനും നായികയും തമ്മിൽ 14 വയസിന്റെ വ്യത്യാസമുണ്ടെന്നും ഇത് വളരെ വിചിത്രമായി തോന്നുന്നുവെന്നുമാണ് ചില സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടിയത്. 41-കാരനായ ജൂനിയർ എൻ.ടി.ആറും 27-കാരിയായ ജാൻവിയും തമ്മിൽ യാതൊരു കെമിസ്ട്രിയുമില്ല. പ്രായവ്യത്യാസം നന്നായി തോന്നുന്നുണ്ടെന്നുമാണ് റെഡിറ്റിലെ ചർച്ചയിൽ ഉയർന്ന അഭിപ്രായം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]