
കോന്നി: കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല. പെർഫോമിങ് ലൈസൻസുള്ള ആനകൾ കുറവായതാണ് കാരണം. ടിക്കറ്റ് വെച്ചുള്ള വിനോദപരിപാടികൾക്ക് പെർഫോമിങ് ലൈസൻസുള്ള ആനകളെ പാടുള്ളൂ. കേരളത്തിൽ 423 നാട്ടാനകൾ ഉള്ളതിൽ 25 എണ്ണത്തിനെ ഈ ലൈസൻസുള്ളൂ. നീരുകാലവും വർഷം അഞ്ചുമാസത്തോളം തുടരുന്ന ഉത്സവപരിപാടികളും കഴിഞ്ഞ് സിനിമാഷൂട്ടിങ്ങിനുകൂടി ഇവയെ കൊണ്ടുപോകാൻ പറ്റില്ല.
ആനകൾക്ക് വിശ്രമകാലം ആവശ്യമായതിനാൽ ഉടമകൾക്കും ഇപ്പോൾ ഷൂട്ടിങ്ങിന് വിടാൻ വലിയ താത്പര്യം ഇല്ല. രണ്ടുവർഷത്തിനിടെ മലയാളസിനിമയിൽ ആനകൾ കാര്യമായി വരുന്നില്ല.
കൂടുതൽ ആനകളെ ഷൂട്ടിങ്ങിന് വേണമെങ്കിൽ തായ്ലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകേണ്ടിവരും. കുറച്ചുനാൾ മുൻപ് മലയാളത്തിലെ മുതിർന്ന സംവിധായകൻ ഒരു പ്രമുഖനടനെ നായകനാക്കി എടുക്കാനിരുന്ന ചിത്രത്തിൽ ആനകൾക്കും പ്രാധാന്യമുണ്ടായിരുന്നു. ഈ ചിത്രത്തിൽ അഞ്ച് ആനകളെ വേണമായിരുന്നു. എന്നാൽ നീണ്ട ഷൂട്ടിങ് ദിവസങ്ങളിലേക്ക് കേരളത്തിൽ ആനകളെ ലഭിക്കാൻ ബുദ്ധിമുട്ടായതോടെ ചിത്രം ഉപേക്ഷിച്ചു.
എന്നാൽ, ഉത്സവങ്ങളിൽ ആനകളെ ഉപയോഗിക്കുന്നതിന് ഈവിധമുള്ള തടസ്സമില്ല. ആനകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും കാലതാമസം നേരിടുന്നു. 2019-ന് ശേഷം ലൈസൻസ് പുതുക്കി നല്കിയിട്ടില്ല.
സ്ഥിരവരുമാനം കിട്ടുന്നത് ഉത്സവങ്ങൾക്കുമാത്രം
ആനകളെ ഉത്സവങ്ങൾക്ക് കൊണ്ടുപോയാൽ സ്ഥിരവരുമാനം കിട്ടും. ഷൂട്ടിങ്ങുകൾ സ്ഥിരമായി ലഭിക്കില്ല. അതിനാൽ ആനയുടമകൾ ഉത്സവത്തിനാണ് പ്രാധാന്യം നൽകുന്നത്.
നിലവിൽ കേരളത്തിൽ ആനകൾ കുറവാണ്. ഉള്ള ആനകൾക്ക് ഒരുപാട് ഉത്സവങ്ങൾക്ക് പോകേണ്ടതായിവരും. ഇതിനുശേഷം ഷൂട്ടിങ്ങുകൾക്ക് ഇവയെ കൊണ്ടുപോകുക ബുദ്ധിമുട്ടാണ്. പെർഫോമിങ് ലൈസൻസ് എടുത്താൽ അതിന്റെ പേരിൽ അധികൃതരിൽനിന്ന് ദുരനുഭവം ഉണ്ടായേക്കാമെന്നും ഭയമുണ്ട്
അഡ്വ. രാജേഷ് പല്ലാട്ട്
(എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]