
മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് പ്രദർശനം തുടരുന്ന പ്രഭാസ് ചിത്രം ‘കൽക്കി 2898 എഡി’യുടെ രണ്ടാംഭാഗത്തെക്കുറിച്ച് സംവിധായകൻ നാഗ് അശ്വിൻ. രണ്ടാം ഭാഗം 20 ശതമാനത്തോളം മാത്രമാണ് ചിത്രീകരിച്ചതെന്ന് സംവിധായകൻ പറഞ്ഞു. രണ്ടാം ഭാഗത്തിൻ്റെ 60 ശതമാനത്തോളം ഷൂട്ടിങ് പൂർത്തിയായെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് സംവിധായകൻ്റെ പ്രതികരണം. ഒരു അഭിമുഖത്തിലായിരുന്നു നാഗ് അശ്വിൻ്റെ വെളിപ്പെടുത്തൽ.
ഏകദേശം 25-30 ദിവസത്തെ ഷൂട്ട് മാത്രമാണ് പൂർത്തിയായതെന്നും സംവിധായകൻ പറഞ്ഞു. അഭിനേതാക്കളെ സെറ്റിലേയ്ക്ക് എത്തിക്കുന്നതിന് മുൻപ് ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടാം ഭാഗം കമൽഹാസൻ ഷോ ആയിരിക്കുമെന്ന സൂചനയും സംവിധായകൻ പങ്കുവെച്ചു.
അതേസമയം, ‘കൽക്കി 2898 എഡി’ ആഗോള ബോക്സ് ഓഫീസിൽ വൻ നേട്ടമാണ് കൊയ്യുന്നത്. ആദ്യവാരം പിന്നിടുമ്പോൾ 500 കോടിക്ക് മുകളിൽ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയ ചിത്രത്തിൽ അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, അന്നാ ബെൻ, ദിഷാ പഠാനി, വിജയ് ദേവരകൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് അണിനിരന്നിരിക്കുന്നത്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾവരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യവത്കരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]