
വൈറൽ അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സാമന്തയുടെ പ്രസ്താവനയ്ക്കെതിരെ ബാഡ്മിന്റൺ താരം ജ്വാല ഗുട്ട. സാമന്ത നിർദേശിച്ചതുപോലെ ചെയ്തിട്ട് ആരെങ്കിലും മരിച്ചുപോയാൽ അതിന്റെ ഉത്തരവാദിത്വം സാമന്ത ഏറ്റെടുക്കുമോയെന്ന് ജ്വാല ഗുട്ട ചോദിച്ചു. എക്സിലൂടെയായിരുന്നു ജ്വാലയുടെ പ്രതികരണം.
“തന്നെ പിന്തുടരുന്ന വലിയൊരു ആരാധകവൃന്ദത്തോട് ചികില്‍സ നിര്‍ദേശിക്കുന്ന സെലിബ്രിറ്റിയോട് എന്റെ ഒരേയൊരു ചോദ്യം. സഹായിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ മനസിലാക്കുന്നു. എന്നാല്‍, നിര്‍ദേശിച്ച ചികില്‍സാരീതി ഫലം കാണാതെ മരണകാരണമാവുകയാണെങ്കിലോ? നിങ്ങള്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ?” ജ്വാല ഗുട്ട കുറിച്ചതിങ്ങനെ. അതേസമയം ജ്വാലയുടെ കുറിപ്പിൽ സാമന്തയുടെ പേര് പറയാത്തതിൽ വിമർശനവും ഉയരുന്നുണ്ട്.
കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സാമന്തയ്ക്ക് മയോസൈറ്റിസ് രോഗമാണെന്ന് കണ്ടെത്തിയത്. ശരീരത്തിലെ പേശികളെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണിത്. രോഗം സ്ഥിരീകരിച്ചതിനുശേഷം തന്റെ പോസ്റ്റുകളിലൂടെ രോഗത്തെക്കുറിച്ചും ചികിത്സകളെ കുറിച്ചുമൊക്കെ അവർ ബോധവത്കരണം നടത്താൻ ശ്രമിക്കാറുണ്ട്. പല അഭിമുഖങ്ങളിലൂടെയും പോഡ്കാസ്റ്റിലൂടെയും ഈ രോഗം തന്നിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു. നടിയുടെ അത്തരത്തിലൊരു പോസ്റ്റാണ് ഇപ്പോൾ വിവാദമായത്.
പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സാമന്തയുടെ വാദത്തെ രൂക്ഷമായി വിമർശിച്ച് ഡോ. സിറിയക് എബി ഫിലിപ്സ് രംഗത്തെത്തിയിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സാമന്ത പ്രോത്സാഹിപ്പിക്കുന്നത് എന്നുപറഞ്ഞാണ് സാമൂഹികമാധ്യമത്തിൽ ലിവർ ഡോക്ടർ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം കുറിപ്പിട്ടത്. ആരോഗ്യശാസ്ത്ര വിഷയങ്ങളിൽ നിരക്ഷരയാണ് സാമന്തയെന്നും സയന്റിഫിക് സൊസൈറ്റിയും അമേരിക്കയിലെ ആസ്ത്മ അലർജി ഫൗണ്ടേഷനും ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്യുന്നതിന് മുന്നറിയിപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ, തനിക്ക് ഫലംകണ്ട ചികിത്സാരീതിയാണ് പങ്കുവച്ചതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ച ഡോക്ടറുടെ വാക്കുകൾ കടുത്തുപോയി എന്നുമാണ് സാമന്ത സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഈ ചികിത്സാരീതി തനിക്ക് നിർദേശിച്ചത് എം.ഡി.യെടുത്ത 25 വർഷത്തോളം ഡി.ആർ.ഡി.ഒ.യിൽ സേവനം അനുഷ്ഠിച്ച ഉയർന്ന വിദ്യാഭ്യാസമുള്ള ഡോക്ടർ തന്നെയാണ്. തനിക്കു പുറകെവരാതെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുള്ള തന്റെ ഡോക്ടറെ അദ്ദേഹം മാന്യമായി വിളിച്ചിച്ചിരുന്നെങ്കിൽ എത്രയോ നന്നാകുമായിരുന്നു. തന്റെ ആരോഗ്യത്തിന് ഗുണകരമായ ഇത്തരം ചികിത്സാരീതികളേക്കുറിച്ച് ഇനിമുതൽ പങ്കുവെക്കുമ്പോൾ കൂടുതൽ കരുതലെടുക്കുമെന്നും ആരെയും ഉപദ്രവിക്കാൻ ഉദ്ദേശിച്ചല്ല അവ പങ്കുവെക്കുന്നതെന്നും സാമന്ത പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]