
തിരുവനന്തപുരം: മലയാള സിനിമയിലെ സാങ്കേതികരംഗത്ത് സ്ത്രീസാനിധ്യം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആവിഷ്കരിച്ച തൊഴില്‍ പരിശീലന പരിപാടിയിലേക്ക് 14 പേരെ തെരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ശ്രീകല എസ്, അനാമിക അശോക് (പ്രൊഡക്ഷന്‍ മാനേജ്മെന്റ്), വീണ ബി, ജൂലിയ ജി (ലൈറ്റിംഗ്), കവിത ഭാമ, ദിവ്യ കെ.ആര് (ആര്‍ട്ട് ആന്റ് ഡിസൈന്‍), അശ്വിനി നായര്‍ കെ.പി, പൂജ എസ് കുമാര്‍ (കോസ്റ്റ്യൂം), രേഷ്മ എം, റിംന പി (മേക്കപ്പ്), സാനിയ എസ്, ശാന്തികൃഷ്ണ (പോസ്റ്റ് പ്രൊഡക്ഷന്‍ സൂപ്പര്വിഷന്), ധന്യ വി നായര്‍, നിവ്യ വി.ജി (മാര്‍ക്കറ്റിംഗ് ആന്റ് പബ്ളിസിറ്റി) എന്നിവരെയാണ് തെരഞ്ഞെടുത്തത്. രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികത്തിലെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ചലച്ചിത്രമേഖലയില്‍ തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള വനിതകളെ നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് ഘട്ടങ്ങളായാണ് തെരഞ്ഞെടുത്തത്. ചലച്ചിത്ര അക്കാദമി, നോളജ് ഇക്കോണമി മിഷന്, ലേബര്‍ കമ്മീഷണറേറ്റ് എന്നിവയിലെ പ്രതിനിധികളടങ്ങുന്ന സമിതി 130 അപേക്ഷകരില്‍നിന്ന് നിശ്ചിത യോഗ്യതയുള്ള 47 പേരെ ആദ്യഘട്ടമായ ഓറിയന്റേഷന്‍ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. 2024 സെപ്റ്റംബര്‍ 27,28,29 തീയതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ക്യാമ്പില്‍ 30 വനിതകള്‍ പങ്കെടുത്തിരുന്നു. ഈ ക്യാമ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഏഴുവിഭാഗങ്ങളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 പേര്‍ക്ക് അതത് മേഖലകളില്‍ തീവ്ര പ്രായോഗിക പരിശീലനം നല്‍കും. പരിശീലന കാലയളവില്‍ ചലച്ചിത്ര അക്കാദമി മുഖേന നിശ്ചിത തുക സ്റ്റൈപ്പന്റ് അനുവദിക്കും. പരിശീലനത്തിനുശേഷം പ്രൊഫഷണല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനികളില്‍ തൊഴിലവസരത്തിന് വഴിയൊരുക്കും.
മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദഗ്ധരാണ് പരിശീലനം നല്‍കുക. ചലച്ചിത്രരംഗത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള പ്രായോഗികമായ അറിവുകള്‍ നല്‍കുക, അവരുടെ നിലവിലുള്ള കഴിവുകള്‍ വികസിപ്പിക്കുകയും അവയുടെ തൊഴില്‍ സാധ്യതകള്‍ വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് ഈ പരിശീലന പരിപാടിയുടെ ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]