
ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ കോടതിയില്‍ ഹാജരാക്കവേ അഭിഭാഷകരോട് വികാരാധീനയായി കന്നഡ നടി രന്യ റാവു. വെള്ളിയാഴ്ച നടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നടി ക്ഷീണിത ആയിരുന്നുവെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വനിതാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഡി.ആര്.ഐ. സംഘം കൊണ്ടുപോകുന്നതിന് മുമ്പ് കോടതിമുറിയില്‍ തന്റെ അഭിഭാഷകരുമായി സംസാരിവേ അവര്‍ വികാരാധീനയായി.
മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്ന് രന്യ തന്റെ അഭിഭാഷകരോട് വെളിപ്പെടുത്തിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘എന്തുകൊണ്ട് ഇതില്‍ അകപ്പെട്ടുവെന്നാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. എന്റെ മനസ്സ് വിമാനത്താവളത്തിലെ ആ ദിവസത്തിലേക്ക് തിരികെ പോകുന്നു. എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. എനിക്ക് മാനസിക സംഘര്‍ഷം അനുഭവപ്പെടുന്നു’- കരഞ്ഞുകൊണ്ട് അവർ അഭിഭാഷകരോട് പറഞ്ഞു.
നേരത്തെ, തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും അവര്‍ റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലില്‍ പറഞ്ഞിരുന്നു. ഡി.ആര്.ഐക്ക് നല്കിയ മൊഴിയില്‍ രന്യ കുറ്റം സമ്മതിച്ചിരുന്നു. തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വര്‍ണ്ണക്കട്ടികളാണെന്ന് സമ്മതിച്ച രന്യ, താന്‍ ദുബായ്ക്കുപുറമേ യൂറോപ്പ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു.
ഇതിനിടെ സ്വര്‍ണം കടത്തിയ കേസില്‍ നടി രന്യ റാവുവിന് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി അവരെ മൂന്ന് ദിവസത്തേക്ക് ഡി.ആര്.ഐ.യുടെ കസ്റ്റഡിയില്‍ വിട്ടു. രന്യയുടെ ജാമ്യാപേക്ഷ മാറ്റിവെച്ച് കസ്റ്റഡിക്കായി ഡി.ആര്.ഐ. നല്കിയ അപേക്ഷ കോടതി കണക്കിലെടുക്കുകയായിരുന്നു.
കടത്തിക്കൊണ്ടുവന്ന സ്വര്‍ണം സ്വീകരിച്ചവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഡി.ആര്.ഐ. കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ആറു മാസത്തിനിടെ രന്യ 27 തവണ ദുബായില്‍ പോയിട്ടുണ്ടെന്നും പറഞ്ഞു. ഹര്‍ഷവര്‍ധിനി രന്യ എന്ന പേരിലുള്ള പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു യാത്ര. താന്‍ ദുബായിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണെന്നാണ് അറസ്റ്റിനുശേഷം അവര്‍ പറഞ്ഞതെന്ന് ഡി.ആര്.ഐ. കോടതിയില്‍ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]