
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ വനിതാ ശാക്തീകരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കുന്ന വുമൺ സിനിമയുടെ ഭാഗമായി ഒരുങ്ങുന്ന ‘മുംതാ’ യുടെ ചിത്രീകരണം ലോക വനിതാ ദിനത്തിൽ പൂർത്തിയാകുകയാണ്. കേരളത്തിലെ ആദ്യത്തെ ഓൾ ക്രൂ വുമൺ സിനിമയാണ് ‘മുംതാ’.
കാസർകോട് കാരിയായ ഫർസാന ബിനി അസഫറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാസർകോട് ജില്ലയിലെ ബദിയഡുക്കയിലെയും, കുമ്പഡാജെയിലെയും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വടക്കൻ കേരളത്തിലെ വീട്ടമ്മയായ ആദ്യ വനിതാ സംവിധായിക എന്ന നിലയിൽ ഫർസാന സിനിമ ചരിത്രത്തിൻ്റെ ഭാഗമാകുകയാണ്.
ചിത്രീകരണത്തിനിടയിൽ
കെ.എസ്.ഫി.ഡി.സി. നടത്തിയ വുമൺ സിനിമ എന്ന വനിതാ ശാക്തീകരണ പദ്ധതിയിൽ ജനറൽ / എസ്.സി വിഭാഗങ്ങളിയായി ലഭിച്ച 85ഓളം തിരക്കഥകളിൽ നിന്ന് തിരെഞ്ഞെടുത്ത നാല് തിരക്കഥകളിൽ ഒന്ന് സംവിധായിക ഫർസാനയുടെ “മുംതാ” ആയിരുന്നു. തുടർന്ന് നടത്തിയ ശില്പശാലയിൽ തിരക്കഥ വിപുലീകരിക്കുകയും സൂഷ്മ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രമുഖ സിനിമ പ്രവർത്തകനും, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായിരുന്ന അമിത് ത്യാഗി, ഹിന്ദി റൈറ്റർ ഡയറക്ടർമാരായ പ്രിയ കൃഷ്ണകുമാർ, അതുൽ തെയ്ക്ഷേ എന്നിവരാണ് ശില്പ ശാലയ്ക്ക് നേതൃത്വം നൽകിയത്.
സാമൂഹിക സാമ്പ്രദായിക വ്യവസ്ഥകളിൽ അകപ്പെട്ടുപോകുന്ന ഒരു ഉമ്മയുടെയും മകളുടെയും അതിജീവനത്തിൻ്റെ കഥയാണ് മുംതാ അനാവരണം ചെയുന്നത്. കുമ്പഡാജെയിലെ പുത്രകള എന്ന ഉണക്കപുൽമേട്ടിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. കൂടാതെ കാസർകോട് ഉൾഗ്രാമങ്ങളിലെ നിർധനരായ കുറെ ജനങ്ങളുടെ വരണ്ട ജീവിതവും മുംതാ വരച്ചു കാട്ടുന്നു. പുത്രകളയിലെ വരണ്ട കാറ്റിനെ നിർധനരായ മനുഷ്യരുടെ വരണ്ട ജീവിതവുമായി ബന്ധിപ്പിച്ച് സൂക്ഷ്മവും, അസാധാരണവുമായ കുറെ ചെറു ജീവിതങ്ങളുടെ കഥയാണ് മുംതയെ വേറിട്ട് നിർത്തുന്നത്.
സപ്ത ഭാഷ സംഗമ ഭൂമിയായ ജില്ലയിലെ ഏഴ് ഭാഷകളും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. കൂടാതെ ജില്ലയിലെ വിവിധ പ്രാദേശിക ഭാഷ സ്ലാങ്ങുകളും സിനിമയിൽ ഉടനീളം വരുന്നുണ്ട്. യക്ഷഗാനം, കോഴിപ്പോര്, ദഫ്മുട്ട്, എന്നിവയെ കൂടാതെ ഇവിടുത്തെ ആളുകളുടെ ഭക്ഷണം, വസ്ത്രം, പാർപ്പിടം,ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവയും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ട്. കാസർകോടിൻ്റെ വടക്കൻ ഗ്രാമങ്ങളിൽ പണ്ട് മുതൽക്കേ ജലം സംരക്ഷിക്കുന്ന സാമ്പ്രദായിക രീതിയായ സുരംഗ ( തുരങ്കം )യുടെ ചരിത്രപരവും, പരിസ്ഥിതികവുമായ പ്രാധാന്യത്തെ സിനിമ എടുത്തു കാണിക്കുന്നു. മാത്രവുമല്ല സുരംഗ വിദഗ്ധനായ കുഞ്ഞമ്പുവിനെ അനുസ്മരിക്കുന്ന ചില രംഗങ്ങളും സിനിമയിൽ ഉണ്ട്.
പത്താം ക്ലാസ്സുകാരിയായ ബാലതാരം ധനലക്ഷ്മിയാണ് മുംതാ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സന്തോഷ് കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ്, പ്രദീപ് ചെറിയാൻ, മനോജ് കുമ്പള ( കാസർഗോഡ് റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട്) സിദ്ധാർഥ്, ആനന്ദ് ജിജോ, എന്നിവരും, ഡോ. വൃന്ദ, നന്ദിനി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംതയുടെ സന്തത സഹചാരിയായി മുന്ന എന്ന ഒരു ആട്ടിൻകുട്ടിയും സിനിമയിൽ ഉടനീളമുണ്ട്. ഇത് കൂടാതെ ഏകദേശം അമ്പതോളം തദേശവാസികളും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രീകരണത്തിനിടയിൽ സന്തോഷ് കീഴാറ്റൂർ
ഒട്ടനവധി ദേശീയ അന്തർദേശിയ അവാർഡുകൾ ലഭിച്ച കാമറ വുമൺ ഫൗസിയ ഫാത്തിമായാണ് ( മിത്ര് മൈ ഫ്രണ്ട് ഫെയിം ) ഛായാഗ്രഹണം നിർവഹിക്കുന്നത്. ലൈൻ പ്രൊഡ്യൂസർ ആയി രതീന പി ടി യും ( പുഴു ഫെയിം ) ചീഫ് അസ്സോസിയേറ്റ് ഡയറക്റായി രമ്യാ സർവദയും പ്രവർത്തിക്കുന്നു. എഡിറ്റിംഗ് നിർവഹിക്കുന്നത് വീണ ജയപ്രകാശ്. മറ്റ് അണിയറ പ്രവർത്തകരായി ( ആർട്ട് ) ദുന്ദു രഞ്ജീവ്, (കോസ്റ്റും) ഫെമിന ജബ്ബാർ, (മേക്ക് അപ്പ്) ഐറീൻ ജോസഫ്, (മ്യൂസിക് ഡയറക്ടർ) അനിതാ ഷെയ്ഖ്, (സൗണ്ട് ) മാനസ എന്നിവരും പ്രവർത്തിക്കുന്നു.
ഭർത്താവും, സിനിമാ പ്രവർത്തകനുമായ ഡോ. ബിനി അസഫർ ഫർസാനക്ക് എല്ലാവിധ പ്രചോദനവും നൽകി ഒപ്പം നിന്നു. കാസർകോട് ചെമ്മനാട് മഹീനിക്ക തറവാട് അംഗമാണ് ഫർസന. പിതാവ്: പി കെ മാഹിൻ, മാതാവ് : ജമീല. മക്കൾ : ഫസീർ, ആയിഷ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]