
ഗായകൻ ജയചന്ദ്രനെ ഞാൻ ജയൻ എന്നാണ് വിളിക്കുന്നത്. എന്നെക്കാൾ നാലുവയസ്സിനുതാഴെയാണെങ്കിലും ജയൻ എന്നെയും പേരാണ് വിളിക്കുന്നത്. ഞങ്ങൾ രണ്ടുപേരും ഏതാണ്ട് ഒരേ കാലഘട്ടത്തിലാണ് മലയാളസിനിമാവേദിയിൽ പ്രവേശിച്ചത്- വർഷം 1966. ‘കുഞ്ഞാലിമരയ്ക്കാർ’ എന്ന സിനിമയ്ക്കുവേണ്ടിയാണ് ജയൻ ആദ്യമായി പാടിയത്. ബി.എ. ചിദംബരനാഥ് ആയിരുന്നു സംഗീതസംവിധായകൻ. പക്ഷേ, ‘കളിത്തോഴൻ’ എന്ന സിനിമയ്ക്കുവേണ്ടി ജയചന്ദ്രൻ പാടിയ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസചന്ദ്രിക വന്നു’ എന്നുതുടങ്ങുന്ന ഗാനമാണ് ആദ്യം പുറത്തുവന്നത്. ഇതേചിത്രത്തിലെ ‘താരുണ്യം തന്നുടെ താമരപ്പൂവനത്തിൽ പൂവമ്പൻ പോറ്റുന്ന പുള്ളിമാനെ…’ എന്നൊരു ഗാനംകൂടി ജയചന്ദ്രൻ പാടിയിരുന്നു. (ആ ഗാനമാണ് ദേവരാജൻമാസ്റ്റർ ജയന് ആദ്യം നൽകിയത്). ജയൻ പാടിയ ‘ഒരു മുല്ലപ്പൂമാലയുമായ് നീന്തി നീന്തി വന്നു…’ എന്ന ഗാനമടങ്ങുന്ന ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ കുഞ്ഞാലിമരയ്ക്കാർ അടുത്ത വർഷം(1967)മാത്രമാണ് പുറത്തുവന്നത്.
ഞാനെഴുതിയ ഗാനം ജയചന്ദ്രന്റെ ശബ്ദത്തിൽ ആദ്യമായി വരുന്നത് ഭാര്യമാർ സൂക്ഷിക്കുക എന്ന സിനിമയിലാണ്. ആ ചിത്രത്തിനുവേണ്ടി ആദ്യമായി റെക്കോഡ് ചെയ്തതും ആ ഗാനംതന്നെ. അപ്പോഴേക്കും ഞാനും ജയനും സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. നിർമാതാവായ വാസുസാറും(ടി.ഇ. വാസുദേവൻ) ദക്ഷിണാമൂർത്തിസ്വാമിയും ഞാനും ഒരുമിച്ചിരുന്നാണ് ആ പാട്ട് ജയനെക്കൊണ്ട് പാടിക്കാൻ തീരുമാനിച്ചത്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതസംവിധാനത്തിൽ ജയചന്ദ്രൻ ആദ്യമായി പാടിയതും ഈ ഗാനമാണ്.
‘മരുഭൂമിയിൽ മലർ വിരിയുകയോ എൻ മനസ്സിലും സ്വപ്നം വിടരുകയോ…./മധുരം നിൻ മൊഴിയെൻ ഭാവനയിൽ /മദകരഭാവം പകരുകയോ….’ ഇതേ സിനിമയിലാണ് ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനവും ‘വൈക്കത്തഷ്ടമിനാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു’ എന്ന ഗാനവും ഉണ്ടായിരുന്നത്.
എനിക്കുവേണ്ടി ജയൻ പാടിയ ആദ്യഗാനം നന്മയുടെ പ്രകാശം പരത്തുന്നതായിരുന്നു, ഞങ്ങളുടെ സ്നേഹബന്ധവും നന്മയിലൂടെത്തന്നെയാണ് മുന്നോട്ടുപോയത്. ‘ലങ്കാദഹനം’ എന്ന ചിത്രത്തിലെ ‘തിരുവാഭരണം ചാർത്തിവിടർന്നു തിരുവാതിരനക്ഷത്രം’ എന്ന ഗാനം പാടിക്കഴിഞ്ഞാണ് ജയൻ എന്നോട് ചോദിച്ചത്, ‘‘എന്റെ നക്ഷത്രം തിരുവാതിരയാണെന്ന് തമ്പിക്കറിയാമോ?’’ സത്യമായിട്ടും ആ പാട്ടെഴുതുമ്പോൾ എനിക്കത് അറിയുമായിരുന്നില്ല.
ഞാനും ജയനും ഏതാണ്ട് സമാന പശ്ചാത്തലമുള്ളവരാണ്. രണ്ടുപേരും കാര്യങ്ങൾ വെട്ടിത്തുറന്നുപറയുന്നവരാണ്. എന്നിട്ടും കഴിഞ്ഞ അമ്പത്തിയെട്ടു വർഷങ്ങൾക്കിടയിൽ ഒരിക്കൽപ്പോലും ഞങ്ങൾ തമ്മിൽ പിണങ്ങിയിട്ടില്ല.
ഞാൻ എഴുതിയ ഇരുനൂറിലധികം പാട്ടുകൾ ജയചന്ദ്രൻ എന്ന ഭാവഗായകൻ പാടിക്കഴിഞ്ഞു. ഇവയിൽ ഭൂരിപക്ഷവും സൂപ്പർഹിറ്റുകളാണ്. ഞാൻ നിർമിച്ച ടി.വി. പരമ്പരകളിൽ പതിവായി ശീർഷകഗാനം പാടിയിരുന്നത് ജയനാണ്. ഞാൻ സ്വന്തമായി നിർമിച്ച് സംവിധാനംചെയ്ത ആദ്യസിനിമയായ ‘ചന്ദ്രകാന്തം’ എന്ന സിനിമയ്ക്കുവേണ്ടി എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ ജയചന്ദ്രൻ പാടിയ ‘രാജീവനയനേ നീയുറങ്ങൂ, രാഗവിലോലേ നീയുറങ്ങൂ…’ എന്ന ഗാനമാണ് ജയൻ എനിക്കുവേണ്ടി പാടിയ അസംഖ്യം ഹിറ്റുകളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്. അത് എന്റെ മധുവിധുകാലത്ത് ഞാനെഴുതിയ പാട്ടാണ്. കാപ്പിരാഗത്തിൽ എം.എസ്. വിശ്വനാഥൻചെയ്ത അതിമനോഹരമായ ഗാനം. കാപ്പിരാഗത്തിൽ അർജുനൻചെയ്ത ഒരു ഗാനം എസ്. ജാനകിയുമായി ചേർന്ന് ജയൻ ഹിറ്റാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘യമുനേ… യമുനേ… പ്രേമയമുനേ യദുകുലരതിദേവനെവിടെ…’ എന്ന ഗാനം. ആ പാട്ട് സംഭവിക്കുമ്പോൾ എനിക്ക് പ്രായം ഇരുപത്തൊമ്പത്, ജയചന്ദ്രന് ഇരുപത്തഞ്ച്, അർജുനന് മുപ്പത്തിമൂന്ന്. ഞങ്ങൾ മൂന്നുപേരും മാർച്ച് മാസത്തിൽ ജനിച്ചവരാണ്. അർജുനൻ മാർച്ച് ഒന്ന്, ജയചന്ദ്രൻ മാർച്ച് മൂന്ന്, ഞാൻ മാർച്ച് പതിനാറ്. ഇന്ന് ജയചന്ദ്രന് എൺപതുവയസ്സ് തികയുന്നു, എന്റെ അനുജന്, മലയാളത്തിന്റെ ഭാവഗായകന് ഞാൻ എല്ലാ നന്മകളും നേരുന്നു.