
ജെറിൻ ജോൺസൻ സിനിമാ പ്രേമിയാണ്. എന്നാൽ, ജനിതകരോഗം ബാധിച്ചതിനാൽ നിരവധി വർഷങ്ങളായി തിയേറ്ററിൽ സിനിമ കണ്ടിട്ടില്ല. വീൽച്ചെയറിലാണ് നീങ്ങുന്നതെങ്കിലും ഈ യുവാവിന്റെ ആത്മശക്തിക്കും പോരാട്ടത്തിനും അതിവേഗമാണ്. നിരന്തര ഇടപെടലുകളിലൂടെ തിയേറ്ററുകളിൽ വീൽച്ചെയർ ഉപയോഗിക്കുന്നവർക്ക് കയറാനുള്ള റാംപുകൾ നിയമപരമായി നേടിയെടുത്താണ് ജെറിൻ കുടുംബത്തോടും സുഹൃത്തക്കളോടുമൊപ്പം ഞായറാഴ്ച തിയേറ്ററിലെ ബിഗ് സ്ക്രീനിൽ സിനിമ കണ്ടത്, അതും യുവാക്കളുടെ വിജയകഥയായ മഞ്ഞുമ്മൽ ബോയ്സ്. കൊടുങ്ങല്ലൂർ ലക്ഷ്മി സിനിമാസ് തിയേറ്ററിന്റെ മാനേജ്മെന്റ് ഭിന്നശേഷിക്കാർക്ക് കയറുന്നതിനുള്ള സൗകര്യമൊരുക്കിയ ശേഷം ജെറിനെയും കുടുംബത്തെയും ക്ഷണിച്ചുവരുത്തുകയായിരുന്നു.
മസ്കുലർ ഡിസ്ട്രോഫി എന്ന അപൂർവ രോഗമാണ് ജെറിന്റെ ജീവിതം 18 വയസ്സുള്ളപ്പോൾ ചക്രക്കസേരയിലേക്ക് പറിച്ചുനട്ടത്. ഇപ്പോൾ 30 വയസ്സുണ്ട്. ഭിന്നശേഷി അവകാശ നിയമത്തിൽ പൊതുകെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. ഇത് ഒരിടത്തും പാലിക്കപ്പെടാറില്ല. ഇതിനുവേണ്ടി ജെറിൻ നിയമ പോരാട്ടത്തിനിറങ്ങി. കുടുംബവും സുഹൃത്തുക്കളും പിന്തുണച്ചു.
തുടർന്ന് പല ഹോട്ടലുകളും റാംപുകൾ സ്ഥാപിച്ചു. എന്നാൽ, സിനിമാ തിയേറ്ററുകൾ പഴയ രീതിയിൽ തുടർന്നു. പൊതുകെട്ടിടങ്ങളുടെ വിഭാഗങ്ങളിൽ തിയേറ്ററുകളും ഉൾപ്പെടുമെന്ന് വിവരാവകാശ നിയമപ്രകാരം ജെറിൻ ഉറപ്പിച്ചു. മുഖ്യമന്ത്രിക്ക് ഇതു സംബന്ധിച്ച് കത്തും അയച്ചു. അതോടെ തിയേറ്ററുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ ഉത്തരവിറങ്ങി. ഇതുപ്രകാരം ജെറിൻ ലക്ഷ്മി തിയേറ്ററിന് കത്ത് നൽകി. ഇതവർ സ്നേഹമനസ്സോടെ സ്വീകരിക്കുകയും തിയേറ്റർ ഭിന്നശേഷി സൗഹൃദമാക്കുകയും ചെയ്തു.
തുടർന്നാണ് സിനിമ കാണാൻ ജെറിൻ ജോൺസനെയും കുടുംബത്തെയും ക്ഷണിച്ചത്. അമ്മ രാജി, ബന്ധുക്കളായ നിഥിൻ, നിഖിൽ തുടങ്ങിയവരോടൊപ്പമാണ് തിയേറ്ററിൽ എത്തി ജെറിൻ സിനിമ കണ്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]