
ശ്രോതാക്കളില്‍ സൃഷ്ടിക്കുന്ന അനുഭൂതിവിതാനത്തിന്റെ അഗാധതയും വൈവിധ്യവുമായിരിക്കും ഒരുപക്ഷേ, ജയചന്ദ്രഗാനങ്ങളുടെ ഏറ്റവും വലിയ വൈശിഷ്ട്യവും വ്യതിരിക്തതയും. ചിലപ്പോള്‍ ആകെ ഇളക്കിമറിച്ച് കാറ്റും കോളും ഉയര്‍ത്തിയും മറ്റുചിലപ്പോള്‍ സാന്ത്വനസ്പര്‍ശം നല്കി തലോടിയെത്തുന്ന മന്ദാനിലനായും ആ ഗാനസംസ്കൃതി പതിറ്റാണ്ടുകളായി മലയാളികളെ പ്രചോദിപ്പിക്കുന്നു, വികാരഭരിതരാക്കുന്നു, ഭാവനയുടെയും ലാവണ്യത്തിന്റെയും അദ്ഭുതലോകങ്ങളിലേക്ക് ആനയിക്കുന്നു.
ചിലപ്പോള്‍ കോരിച്ചൊരിയുന്ന മഴയായും മറ്റുചിലപ്പോള്‍ മഞ്ഞലയില്‍ മുങ്ങിത്തോര്ത്തുന്ന നനവായും ജയചന്ദ്രന് പാടിക്കൊണ്ടേയിരിക്കുന്നു. ആ പാട്ട് നിലയ്ക്കുന്നില്ല. ആ സ്വരത്തിന് ക്ഷതമേല്പ്പിക്കാന് കാലത്തിന് കഴിഞ്ഞിട്ടുമില്ല. സ്വരത്തിന്റെ മര്‍മവും മനോധര്‍മവും ചേര്‍ന്ന് തീര്‍ക്കുന്ന ആലാപനത്തിന്റെ അചുംബിതവും അപ്രമേയവുമായ ആരോഹണാവരോഹണങ്ങളിലൂടെ ജയചന്ദ്രന് നമ്മെ നയിക്കുന്നു, വിസ്മയിപ്പിക്കുന്നു. മലയാളിയുടെ സൗഭാഗ്യമല്ലാതെന്തുപറയാന്! ആനന്ദലബ്ധിക്കിനിയെന്തുവേണം!
ദാസേട്ടനും ജയേട്ടനും കേവലം ഗായകരല്ല, മലയാളിസമൂഹത്തെ നിര്‍മിക്കുന്നതില്‍ സുപ്രധാനമായ പങ്ക് വഹിച്ച അനന്യസാധാരണത്വമുള്ള കലാകാരന്മാരാണവര്‍. കേരളീയ നവോത്ഥാനമെന്നോ മലയാളിസമൂഹത്തിന്റെ ആധുനീകരണമെന്നോ ഒക്കെ പറയുന്ന കാലത്തിന്റെ ദശാസന്ധിയില്‍ ദിശാബോധത്തിന്റെ തെളിച്ചത്തിനായി ശബ്ദവും വെളിച്ചവും പ്രദാനംചെയ്ത രണ്ട് മഹാപ്രതിഭകള്‍. അവര്‍ ഇരുവരെയും പരസ്പരം താരതമ്യം ചെയ്യുന്നതിലര്‍ഥമില്ല. സ്വയംതീര്‍ത്ത പാതയിലൂടെ സ്വന്തം പ്രതിഭയുടെ പ്രഭയില്‍ അവര്‍ സഞ്ചരിക്കുന്നു. നക്ഷത്രങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നില്ല. താരകപാരമ്പര്യങ്ങള് മാനവസമൂഹത്തിന്റെ മൂലധനങ്ങളാണ്. ഏതുതരം ഗാനസരണിയും സംഗീതശാഖയും ജയചന്ദ്രനും അദ്ദേഹത്തിന്റെ സ്വരധാരയ്ക്കും എത്ര പരസ്പരപൂരകമായിക്കൊണ്ടാണ് ഇണങ്ങിച്ചേരുന്നത്! ജീവിതവിചിന്തനം, പ്രണയം, വിരഹം, വിഷാദം, ഭക്തി, നര്‍മം… എല്ലാം ആ സ്വരപ്രവാഹത്തിലെ ഭാവവൈവിധ്യത്തിലൂടെ തന്മയത്വത്തോടെ ആവിഷ്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. മാനവജീവിതത്തിന്റെ വൈചാരികവും വൈകാരികവുമായ ബഹുത്വത്തിന്റെ ജിഹ്വയായിത്തീര്ന്നിരിക്കുകയാണ് ജയചന്ദ്രഗീതങ്ങള്‍. അതിനാല്‍തന്നെ അത് ജയദേവഗീതങ്ങളെപ്പോലെ ശാശ്വതികത്വത്തിന്റെ മുദ്രചൂടി നില്ക്കുന്നു.
ഏതിനം പാട്ട് പാടുമ്പോഴാണ് ജയചന്ദ്രന്റെ സ്വരവിന്യാസവും മനോധര്മവ്യാപാരങ്ങളും പൂര്‍ണതയെ പ്രാപിക്കുന്നത്? അത് നിജപ്പെടുത്താന്‍ പ്രയാസമായിരിക്കും; അദ്ദേഹത്തിന്റെ സ്നേഹഗാനങ്ങളും ശോകഗാനങ്ങളും ഭക്തിഗാനങ്ങളും ഹാസ്യഗാനങ്ങളുമെല്ലാം ഒന്നിനൊന്ന് മികവുറ്റതാണ്. ഹാസ്യഗാനങ്ങള്‍ പരമാവധി രസിച്ചും രസിപ്പിച്ചും പാടുന്ന ജയചന്ദ്രന്ശൈലി അദ്ദേഹത്തിന്റെ സ്വകീയമായ സംഗീതധാരയുടെ സവിശേഷതയായിട്ടുവേണം കാണാന്‍.
ഏറെ ഊര്ജദായകത്വമുള്ള സ്വരമാണ് ജയേട്ടന്റെത്. അദ്ദേഹത്തിന്റെ മൂളല്‍പോലും ഉത്സാഹഭരിതമാണ്. പാട്ടിനിടയിലോ അതിന്റെ തുടക്കത്തിലോ അദ്ദേഹം പ്രകടമാക്കുന്ന ചില സവിശേഷമായ സ്വരപ്രയോഗങ്ങളുണ്ട്. അതത്രയും അത്യപൂര്‍വമായ സംഗീതാത്മകതയുടെയും ഉത്സാഹപ്രസാരണത്തിന്റെയും സംഗമങ്ങളാണ്. ഉദാഹരണമായി അദ്ദേഹത്തിന്റെ അതിഗംഭീരമായ ‘മനിസന് മണ്ണിലെ പരകോടീ, അവന്റെ മനസ്സിന് ശൈത്താന്റെ മുഖംമൂടി, ചിരികൊണ്ട് മയക്കാന്‍ വരുന്നത് പലതും ചിറകുകളില്ലാത്ത ജിന്നാണെടാ…’ എന്ന ഗാനം തന്നെ എടുക്കാം. വണ്ടിക്കാരന് കാളയെ തെളിച്ചു കൊണ്ട് അതിന്റെ നടത്തത്തിന്റെ വേഗം കൂട്ടാനായി നടത്തുന്ന ഇതിലെ സ്വരപ്രയോഗങ്ങള്‍ ജയചന്ദ്രനുമാത്രം അവകാശപ്പെട്ടതാണെന്ന് നമുക്ക് പറയേണ്ടിവരും.
പാപ്പനംകോട് ലക്ഷ്മണന് രചിച്ച് എം.കെ. അര്‍ജുനന്‍മാഷിന്റെ സംഗീതത്തില്‍ ജയചന്ദ്രന് പാടിയ അപൂര്‍വസുന്ദരവും അത്യഗാധവുമായ ഈ ഗാനാലാപനം ഗായകന് ഇടക്കാലത്ത് മറന്നുപോയതായിരുന്നു. ഒരു കൂടിക്കാഴ്ചയ്ക്കിടയില്‍ അക്കാര്യം സൂചിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അത് ഓര്‍ത്തെടുക്കുകയും പിന്നീട് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വന്നപ്പോള്‍ ഗാനമേളയുടെ തുടക്കത്തില്‍ ഇക്കാര്യം വിശദീകരിച്ചുകൊണ്ടും എനിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നതായി പറഞ്ഞുകൊണ്ടും പാടുകയും ചെയ്തു. ഞാന്‍ ആ സന്ദര്‍ഭത്തില്‍ അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് അവിടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ഇക്കാര്യംഅറിയിച്ചപ്പോള് മലയാളത്തിലെ ഏറ്റവും ഉത്കൃഷ്ടമായ ദാര്‍ശനിക ഗാനങ്ങളിലൊന്നിന്റെ പുനര്ജന്മത്തിന് നിമിത്തമായതില്‍ അഭിമാനംതോന്നി. ചെറുപ്പത്തില്‍ റേഡിയോയിലൂടെ ഈ ഗാനം പ്രവഹിച്ചുവരുമ്പോഴുള്ള അദ്ഭുതവും കൗതുകവും സര്‍വോപരി സന്തോഷാധിക്യവും മറക്കാനാവില്ല.
ബാല്യംമുതലേ സിരകളില്‍ ആവേശിച്ച ജയചന്ദ്രസ്വരം എന്നെപ്പോലെ എത്രയോ മലയാളികള്‍ അവരുടെ ആത്മാംശമായി ആന്തരികത്തില്‍ കൊണ്ടാടിക്കൊണ്ടേയിരിക്കുന്നു. ജയേട്ടന്റെ മനസ്സാണ് അദ്ദേഹത്തിന്റെ ഗാനപ്രപഞ്ചത്തിന്റെ സത്തയെ സ്വരൂപിക്കുന്നത്. അദ്ദേഹത്തോട് വ്യക്തിപരമായി ഏറെ അടുപ്പം പുലര്‍ത്താനും ആ മനസ്സ് തൊട്ടറിയാനും ലഭ്യമായ അവസരങ്ങളിലെല്ലാം ഈ യാഥാര്‍ഥ്യത്തിന് സാക്ഷിയായിട്ടുണ്ട്. പുറംലോകത്തോടും അവിടത്തെ അംഗീകാരത്തോടും പ്രശംസകളോടുമെല്ലാം അദ്ദേഹം പുലര്‍ത്തുന്ന ദൂരവും ഒരുതരം നിസ്സംഗതയും ഈ മഹാഗായകന്റെ പ്രകൃതത്തോടും ജീവിതവീക്ഷണത്തോടും ബന്ധപ്പെട്ടതാണ്. അന്തര്മുഖത്വമാണോ എന്ന് തോന്നാന്‍ ചിലരെയെങ്കിലും സജ്ജരാക്കാന്‍ പോന്നതാണ് അദ്ദേഹത്തിന്റെ ഈ നിസ്സംഗഭാവം. യഥാര്‍ഥത്തില്‍ അദ്ദേഹത്തില്‍ ഒട്ടും അന്തര്മുഖത്വമില്ല. ഉള്ളത് ഒരു യഥാര്‍ഥ സംഗീതജ്ഞന്റെയും കലാകാരന്റെയും ഇരുത്തംവന്ന ഭാവമാണ്. ഒന്നിനെയും കൂസാത്ത ഒരു ആത്മവിശ്വാസവും ആത്മധൈര്യവുമെല്ലാം ഈ സ്വഭാവമഹിമയ്ക്ക് കൂട്ടായുണ്ട്. സംഗീതത്തിന്റെയും ആലാപനത്തിന്റെയും മാത്രമല്ല, അതിന് വിധേയമാകേണ്ട കാവ്യരചനയുടെ കാര്യത്തില്‍പോലും തനിമയും നിലവാരവും ഉണ്ടാകണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്.
ഒരിക്കല്‍ ഒരു റിയാലിറ്റിഷോയില്നിന്ന് ജയചന്ദ്രന് പ്രതിഷേധിച്ച് ഇറങ്ങിനടന്നത് ചര്‍ച്ചയായിരുന്നു. ശാസ്ത്രവിധികളുടെയും മൗലികമൂല്യങ്ങളുടെയും കാര്യത്തിലുള്ള ഈ ശാഠ്യങ്ങള്‍ ഒരു കാര്‍ക്കശ്യക്കാരന്റെ നിലപാടുകളോ പഴമയ്ക്കുവേണ്ടിയുള്ള കടുംപിടിത്തങ്ങളോ, ആയി കാണാനാവില്ല. മാറ്റത്തിന്റെപേരില് ഏതുതരം വൈകൃതങ്ങളും ആഭാസങ്ങളും അരങ്ങേറുന്നതിലുള്ള ആശങ്കകളും അത് മഹത്തായ കലാപ്രമാണങ്ങള്ക്ക് ഏല്പിക്കുന്ന ആഘാതങ്ങളിലുള്ള വേദനയുമാണത്. അദ്ദേഹം കേവലമൊരു പാരമ്പര്യവാദിയോ പരിവര്ത്തനവിരുദ്ധനോ അല്ല. രണ്ടിനുമിടയിലുള്ള സന്തുലിതാവസ്ഥയും കലയുടെമാഹാത്മ്യവും സാമൂഹിക ദൗത്യവും പാലിക്കപ്പെടണമെന്ന് നിര്‍ബന്ധമുള്ള കലാകാരനാണദ്ദേഹം. അപൂര്‍വത്തില്‍ അപൂര്‍വമായ കലാകാരന്. എന്നാല്‍ ജയേട്ടന് ചില ശാഠ്യങ്ങളുണ്ട്. അതിലൊന്ന് ദോശയാണ്. അദ്ദേഹത്തിന്റെ ദോശക്കമ്പത്തെ ഞാനും തൃശ്ശൂരിലെ എന്റെ സുഹൃത്തുക്കളായ ജയരാജ് വാരിയരും രാജന് മാഷും കളിയാക്കിയിട്ടുണ്ട്. സ്നേഹസമ്പന്നനായ ജയേട്ടന് അതൊക്കെ കേട്ട് ഞങ്ങളോടൊപ്പം ചിരിക്കും.
(സ്റ്റാർ ആൻഡ് സ്റ്റെെലിൽ പ്രസിദ്ധീകരിച്ച ലേഖനം)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]