
ഒരു ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് പുതുമയല്ല. എന്നാൽ ഒരു സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കാൻ അണിയറ പ്രവർത്തകരോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ഒരു ക്യാമ്പെയിൻതന്നെ നടക്കുന്നത് അത്രയേറെ കണ്ടുവരാത്തൊരു കാര്യമാണ്. അങ്ങനെയൊന്ന് നടക്കുന്നുണ്ട് ഇപ്പോൾ. കമൽഹാസന്റെ ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുകയാണ് തമിഴ് പ്രേക്ഷകർ ഇപ്പോൾ. അതിനിടയാക്കിയതാകട്ടെ മലയാളികളുടെ സ്വന്തം മഞ്ഞുമ്മൽ ബോയ്സും.
കേരളത്തിൽ ഉണ്ടാക്കിയെടുത്തതിനേക്കാൾ വലുതാണ് തമിഴ്നാട്ടിൽ മഞ്ഞുമ്മൽ ബോയ്സ് സൃഷ്ടിച്ച ഓളം. ഓരോ ദിവസവും എല്ലാ പ്രദർശനവും ഹൗസ്ഫുൾ എന്ന അവസ്ഥയായിരിക്കുന്നു തമിഴ്നാട്ടിൽ. ഒപ്പം പ്രദർശനത്തിനുണ്ടായിരുന്ന ജയംരവി ചിത്രം സൈറൺ, കാളിദാസ് ചിത്രം പോർ എന്നിവയെ മലർത്തിയടിച്ചാണ് മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ തംരഗമാവുന്നത്. അതിന് കാരണമായതിൽ പ്രധാന പങ്കുവഹിച്ചതാകട്ടെ ചിത്രത്തിന്റെ പശ്ചാത്തലമായ ഗുണ കേവും ഗുണ എന്ന ചിത്രത്തിലെ കൺമണി അൻപോട് എന്ന ഗാനത്തിന്റെ സാന്നിധ്യവും.
കേരളത്തിൽ ചിത്രം രണ്ടാംവാരത്തിലേക്ക് കടന്നപ്പോൾ സോഷ്യൽ മീഡിയയിൽ തമിഴ് ചലച്ചിത്ര പ്രേമികളുടെ ഭാഗത്തുനിന്ന് വലിയൊരു ആവശ്യം ഉയർന്നുകൊണ്ടിരിക്കുകയാണ്. ഗുണ എന്ന ചിത്രം റീ റിലീസ് ചെയ്യണമെന്നതാണ് അക്കാര്യം. നിലവിൽ തമിഴിൽ കാര്യമായ റിലീസുകൾ ഇല്ലാത്തതിനാൽ ഗുണ വീണ്ടും പ്രദർശനത്തിനെത്തിക്കാൻ ഇതിലും വലിയ അവസരം വേറെയില്ല എന്നാണ് ഇതിൽ പലരും ചൂണ്ടിക്കാണിക്കുന്ന വസ്തുത. പുതിയ തലമുറയ്ക്ക് ഈ ചിത്രം തിയേറ്ററിൽ കാണാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
1991 നവംബർ അഞ്ചിന് ദീപാവലി റിലീസായാണ് ഗുണ റിലീസായത്. സന്താനഭാരതിയായിരുന്നു സംവിധാനം. മണിരത്നം സംവിധാനം ചെയ്ത് രജനികാന്ത്-മമ്മൂട്ടി ടീം ഒന്നിച്ച ദളപതിയുമായാണ് ഗുണ ബോക്സോഫീസിൽ ഏറ്റുമുട്ടിയത്. മികച്ച നിരൂപക പ്രശംസ നേടിയെങ്കിലും കാലിടറാനായിരുന്നു ഗുണയുടെ നിയോഗം. ചിത്രം ശരാശരി വിജയത്തിലൊതുങ്ങി. എന്നാൽ അതുവരെ ഡെവിൾസ് കിച്ചൺ എന്നറിയപ്പെട്ടിരുന്ന ഒരിടത്തെ ഗുണ കേവ് ആക്കി ഉയർത്തി, തമിഴ്നാട്ടിലെതന്നെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കിയതിലും ചിത്രത്തിന് പങ്കുവഹിച്ചു.
മലയാളിയായ സാബ് ജോൺ, ബാലകുമരൻ എന്നിവരായിരുന്നു തിരക്കഥ. വേണുവാണ് ക്യാമറയ്ക്കുപിന്നിൽ. ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ മനസിലുണ്ട്. ഇതിൽ കൺമണി അൻപോട് കാതലൻ എന്ന ഗാനം ക്ലാസിക് ആയാണ് അറിയപ്പെടുന്നത്.താനും ഇളയരാജയും തമ്മിലുള്ള പ്രേമലേഖനം എന്നാണ് അടുത്തിടെ കമൽഹാസൻ ഈ ഗാനത്തെ വിശേഷിപ്പിച്ചത്. എന്തായാലും സോഷ്യൽ മീഡിയയിലൂടെയുള്ള അഭ്യർത്ഥന മാനിച്ച് ഗുണ റീ റിലീസ് ചെയ്യുമോയെന്ന് കാത്തിരുന്ന് കാണാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]