![](https://newskerala.net/wp-content/uploads/2025/02/srk_modi_mohanlal-1024x576.jpg)
ന്യൂഡല്‍ഹി: ഇന്ത്യയെ ഗ്ലോബല്‍ എന്റര്ടെയ്ന്മെന്റ് ഹബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് നിരവധി താരങ്ങള്‍. വെള്ളിയാഴ്ച നടന്ന ലോക ഓഡിയോ വിഷ്വല്‍ എന്റര്ടെയ്ന്മെന്റ് (WAVES) സംഗമത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്, ഷാരൂഖ് ഖാന്, മലയാളത്തില്‍നിന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയെ ആഗോള എന്റര്ടെയ്ന്മെന്റ് ഹബ് ആക്കി മാറ്റുന്നതിന് താരങ്ങളില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിക്കലായിരുന്നു യോഗത്തിന്റെ ലക്ഷ്യം. വ്യവസായരംഗത്തുനിന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി, മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നഡെല്ല, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മേധാവി ആനന്ദ് മഹീന്ദ്ര എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ ഭാഗഭാക്കായിരുന്നു.
ദക്ഷിണേന്ത്യന്‍ സിനിമയെ പ്രതിനിധാനം ചെയ്ത് മോഹന്‍ലാല്‍, ചിരഞ്ജീവി, രജിനികാന്ത് എന്നിവര്‍ പങ്കെടുത്തു. ബോളിവുഡില്‍നിന്ന് ബച്ചന്, ഷാരൂഖ് ഖാന്, ആമിര്‍ ഖാന്, അക്ഷയ് കുമാര്‍, രണ്‍ബീര്‍ കപൂര്‍, ദീപിക പദുക്കോണ്‍, അനുപം ഖേര്‍, ശേഖര്‍ കപൂര്‍, ഹേമ മാലിനി എന്നിവരുമുണ്ടായിരുന്നു. സംഗീത രംഗത്തുനിന്ന് എ.ആര്. റഹ്മാന്, ദില്‍ജിത് ദോശാഞ്ജ് എന്നിവരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.
വീഡിയോ കോണ്‍ഫറന്‍സിന്റെ ഭാഗങ്ങളും അതു സംബന്ധിച്ച വിവരണവും മോദി എക്സില്‍ പങ്കുവെച്ചു. ‘വിനോദം, സര്‍ഗാത്മകത, സംസ്കാരം എന്നിവയുടെ ലോകത്തെ ഒന്നിപ്പിക്കുന്ന ആഗോള ഉച്ചകോടിയായ WAVES-ന്റെ ഉപദേശക സമിതി യോഗം വിപുലമായി നടന്നു. വിവിധ മേഖലകളില്‍നിന്നുള്ള പ്രഗല്ഭരായവരാണ് ഉപദേശക ബോര്‍ഡ് അംഗങ്ങള്‍. അവര്‍ പങ്കുകൊണ്ട് പിന്തുണച്ചു എന്നത് മാത്രമല്ല, ഇന്ത്യയെ മികച്ചതാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് വിലപ്പെട്ട അഭിപ്രായങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു’ എന്നാണ് മോദി എക്സില്‍ പങ്കുവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]