പോസ്റ്റർ കണ്ടാണ് മൂക്കുകുത്തി വീണത്. കുതിരയുണ്ട്, നസീറുണ്ട്, ജയനുണ്ട്, ജി കെ പിള്ളയുണ്ട്, സർവരുടെയും കയ്യിൽ നീട്ടിപ്പിടിച്ച ഇരട്ടക്കുഴൽ തോക്കും പിന്നിൽ കൂകിപ്പായുന്ന തീവണ്ടിയും. ഒറ്റ നോട്ടത്തിൽ ഒരു “ഷോലെ” ലുക്ക്. പടത്തിന്റെ പേരും കിടിലൻ: “ഇരുമ്പഴികൾ.”
നാല് കൊല്ലം മുൻപിറങ്ങി ചരിത്രം സൃഷ്ടിച്ചതാണ് രമേഷ് സിപ്പിയുടെ സെവന്റി എംഎം ചിത്രമായ ഷോലെ. എന്നാൽ അതിന്റെ അലയൊലികൾ കെട്ടടങ്ങുന്നതേയുള്ളൂ മലയാളസിനിമയിൽ. അക്കാലത്തിറങ്ങിയ പല പടങ്ങളിലുമുണ്ടായിരുന്നു ഗബ്ബർ സിങ്ങിനെപ്പോലെ പൊകല ചവയ്ക്കുന്ന ഒരു കൊള്ളത്തലവനും അമിതാഭ്- ധർമ്മേന്ദ്രമാരെപ്പോലൊരു നന്മ നിറഞ്ഞ നായകജോഡിയും. ഇവിടെ നസീറും ജയനുമാണ് ജോഡി. ഒപ്പം കെ പി ഉമ്മറുമുണ്ട്. വില്ലന്മാർ ജി.കെ. പിള്ളയും ജോസ് പ്രകാശും.
കഥ നടക്കുന്നത് കേരളത്തിലെ നാട്ടിൻപുറത്തെങ്കിലും ചംബൽ താഴ്വരയിലോ മെക്സിക്കോയിലോ എത്തിപ്പെട്ട പ്രതീതിയാണ് പടം കാണുമ്പോൾ പ്രേക്ഷകർക്കുണ്ടാകുക. ക്രമസമാധാനച്ചുമതല ഷെറിഫിനോ മാർഷലിനോ അല്ല, നമ്മുടെ സബ് ഇൻസ്പെക്റ്ററിനും സർക്കിൾ ഇൻസ്പെക്ടറിനും ആണെന്ന വ്യത്യാസം മാത്രം. എല്ലാം എ.ബി. രാജിന്റെ മിടുക്ക്.
പാട്ടൊരുക്കിയത് ആർ.കെ. ദാമോദരനും എം.കെ. അർജ്ജുനനും ചേർന്നെങ്കിലും പശ്ചാത്തലസംഗീതം സാക്ഷാൽ എന്യോ മൊറീക്കോണെ. “ദി ഗുഡ് ദി ബാഡ് ദി അഗ്ലി” എന്ന ക്ലാസ്സിക് കൗബോയ് ചിത്രത്തിൽ മൊറീക്കോണെ ഒരുക്കിയ പശ്ചാത്തല സംഗീതശകലമാണ് ചില്ലറ പ്രാദേശികവൽക്കരണത്തോടെ ശീർഷകങ്ങൾക്കൊപ്പം കേൾക്കുക.
ഗർജ്ജിക്കുന്ന യുവസിംഹമായി ജയൻ ജ്വലിച്ചു നിൽക്കുന്ന കാലം. എന്നാലും നസീറിനോടാണ് കൂടുതൽ മമത. ദേവഗിരി കോളേജ് ഹോസ്റ്റലിലെ സഹ അന്തേവാസികളായ സുരേഷിനും പവിത്രനുമൊപ്പം നസീറിന്റെ പടങ്ങൾ മുടങ്ങാതെ കാണും. ഞങ്ങളിൽ സുരേഷാണ് നസീറിന്റെ അടിയുറച്ച ആരാധകൻ. കളരി ദൈവങ്ങളേ, അമ്മാവന്മാരേ തുടങ്ങിയ നസീറിന്റെ ഡയലോഗുകൾ പോലും അവന് മനഃപാഠം. നസീറിനെ കുഞ്ഞിരാമൻ എന്ന് വിളിച്ച് ആരെങ്കിലും കളിയാക്കാൻ തുനിഞ്ഞാൽ അവനെ വെറുതെ വിടില്ല സുരേഷ്.
“ഇരുമ്പഴിക”ളുടെ പത്രപ്പരസ്യം കണ്ടപ്പോഴേ ഞങ്ങൾ മനസ്സിലുറച്ചിരുന്നു, ആദ്യ ദിനം ആദ്യ ഷോ തന്നെ കാണേണ്ട പടമാണിതെന്ന്. ബഹുവർണ്ണ പോസ്റ്റർ കൂടി കണ്ടതോടെ ഹരം മൂത്തു. രാധയിലാണ് റിലീസ്. അങ്ങനെ 1979 ഏപ്രിൽ 12-ന് ഉച്ചക്ക് ഞങ്ങൾ മൂവരും മിഠായിത്തെരുവിലെ രാധ പിക്ചർ പാലസിന് മുൻപിൽ ഹാജർ.
മാനാഞ്ചിറയിൽ ബസ്സിറങ്ങി നടന്നു ചെന്നപ്പോഴാണ് ഞെട്ടലോടെ ഒരു സത്യമറിയുന്നത്. ടിക്കറ്റ് കൗണ്ടറിലേക്ക് അടുക്കാനാകാത്ത വിധം ആളുകളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരിക്കുന്നു രാധയുടെ വിശാലമായ മുറ്റം. വിഷുക്കാലമല്ലേ? പോരാത്തതിന് ജയന്റെ പടവും. ഏതാനും നിമിഷങ്ങൾക്കകം കൗണ്ടറിൽ ഹൗസ് ഫുൾ ബോർഡ് തെളിയുന്നു.
വാശിയായി. അങ്ങനെ വിടാൻ പറ്റില്ല. അവിടെ ആ കോമ്പൗണ്ടിൽ നിന്നുകൊണ്ട്, നസീർ സ്റ്റൈലിൽ നിലത്തുനിന്നൊരു പിടി ചരൽ വാരി നെഞ്ചോട് ചേർത്തുപിടിച്ച് സുരേഷും പവിത്രനും ഞാനും പ്രതിജ്ഞയെടുക്കുന്നു: “ഇരുമ്പഴികൾ” കാണാതെ ഇനിയൊരു മടക്കമില്ല. ഇത് സത്യം, സത്യം, സത്യം.
ആറിനോ ആറരക്കോ ആണ് ഫസ്റ്റ് ഷോ. സമയം ധൂർത്തടിക്കാൻ ഞങ്ങൾ നേരെ കടപ്പുറത്തേക്ക് വെച്ചുപിടിക്കുന്നു. ഇംപീരിയലിൽ നിന്നൊരു മസാലദോശയും പാളയം സ്റ്റാൻഡിലെ വായ് നോട്ടവും കഴിഞ്ഞു തിരികെ രാധക്ക് മുന്നിലെത്തുമ്പോൾ അഞ്ചുമണി. പാഴാക്കാൻ ഒട്ടും സമയമുണ്ടായിരുന്നില്ല. നേരെ ക്യൂവിൽ ചെന്നുനിന്നു. ഭാഗ്യവശാൽ ടിക്കറ്റ് കിട്ടുകയും ചെയ്തു.
എ.ബി. രാജ് ചിത്രങ്ങളിലെ പതിവ് മസാലകളൊക്കെയുണ്ട് ഇരുമ്പഴികളിലും; ജീപ്പും തോക്കും കുതിരയും കുറത്തിയും കൊള്ളസെറ്റിലെ മാദക നൃത്തവും ഉൾപ്പെടെ. ഷോലെയിലെ ബസന്തിയുടെ കുതിരവണ്ടിപ്പാച്ചിൽ ജയഭാരതിയെ വെച്ച് അതേപടി അവതരിപ്പിച്ചിരിക്കയാണ് എ.ബി. രാജ്. ഹിന്ദി സിനിമയുടെ തുടക്കത്തിലെ തീവണ്ടി ആക്രമണ സീൻ മലയാളത്തിൽ ക്ളൈമാക്സിലായി. അവിടെ ധർമ്മേന്ദ്രയുടെ കൈകളിൽ കിടന്നു പിടഞ്ഞു മരിക്കുന്നത് അമിതാഭ് ആണെങ്കിൽ ഇവിടെ നസീറിന്റെ മടിയിൽ കിടന്ന് അന്ത്യശ്വാസം വലിക്കുന്നത് ജയൻ.
എന്തായാലും പടം പൊളിച്ചു. നസീറിന്റെ ഇൻസ്പെക്ടർ രാജനും ജയന്റെ ബുള്ളറ്റ് ബാബുവും ഒരു വശത്തും ദുഷ്ടപ്പരിഷകളായ ജി.കെ.പിള്ള
-ജോസ് പ്രകാശുമാർ മറുവശത്തും നിന്ന് പൊരുതുമ്പോൾ തീപ്പൊരി പറന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
നെഞ്ചുവിരിച്ചാണ് ഞങ്ങൾ അന്ന് ഫസ്റ്റ് ഷോ കഴിഞ്ഞു മടങ്ങിയത്. ആദ്യ ദിവസം തന്നെ പടം കാണാൻ കഴിഞ്ഞല്ലോ എന്ന അഭിമാനമുണ്ടായിരുന്നു ഉള്ളിൽ. ഇന്നത്തെ പോലെ പടം കണ്ടയുടൻ യുട്യൂബിൽ റിവ്യൂ ഇടുന്ന പതിവൊന്നുമില്ല അന്ന്. രണ്ടാഴ്ച കഴിഞ്ഞു മാതൃഭൂമി ആഴ്ചപ്പതിപ്പ് നോക്കണം കോഴിക്കോടനോ സിനിക്കോ വല്ല റിവ്യൂയും എഴുതിയിട്ടുണ്ടോ എന്നറിയാൻ. ഇത്തരം മസാലപ്പടങ്ങളെ പൊതുവെ നിരൂപകർ അവഗണിക്കുകയാണ് പതിവ്.
എന്നാൽ ഞങ്ങൾക്ക് അവഗണിക്കാനാകുമോ? വിയർത്തുകൊണ്ട് രാധയിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ സെക്കന്റ് ഷോക്ക് ക്യൂ നിന്നവരിലാരോ വിളിച്ചു ചോദിച്ചു: “ടോ, എങ്ങനെണ്ടെടോ സിൽമ? കായി പോയിക്കിട്ടുമോ ?”
“കിണ്ണം കാച്ചിയ പടം” – ഒരേ സ്വരത്തിൽ ഞങ്ങൾ പറഞ്ഞു. അതായിരുന്നു ഞങ്ങളുടെ ന്യൂജൻ റിവ്യൂ.
രാധ തിയേറ്റർ ശതാബ്ദി ആഘോഷിക്കുന്നു എന്ന വാർത്ത വായിച്ചപ്പോൾ ഓർമ്മ വന്നതാണ് ഇരുമ്പഴിക്കഥ. 1925 ജനുവരി എട്ടിനാണത്രെ രാധ ഉദ്ഘാടനം ചെയ്യപ്പെട്ടത്. നാടകങ്ങളാണ് ആദ്യകാലത്ത് അവിടെ അരങ്ങേറിയിരുന്നത്. സിനിമകളുടെ സുവർണ്ണകാലം വന്നതോടെ നാടകശാല “പിക്ച്ചർ പാലസ്” ആയി രൂപം മാറുന്നു. കോഴിക്കോടൻ ജീവിതകാലത്ത് രാധയിൽ നിന്ന് കണ്ട ഹിന്ദി, തമിഴ്, മലയാളം സിനിമകൾ നിരവധി. ഇന്നിപ്പോൾ അത്യന്താധുനിക സംവിധാനങ്ങളോടെ “മാജിക് ഫ്രെയിംസ് രാധ” ആയി മാറിയിരിക്കുന്നു പഴയ രാധ പിക്ച്ചർ പാലസ്.
ഇന്നും വല്ലപ്പോഴുമൊക്കെ അതിലെ നടന്നുപോകുമ്പോൾ വെടിയൊച്ചകൾക്കും കുതിരക്കുളമ്പടികൾക്കുമായി കാതോർക്കാറുണ്ട്; ഒരു രസത്തിന്. ആ മായക്കാഴ്ചകൾ കൂടി ചേർന്നതാണല്ലോ കൗമാരസ്മരണകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]