അടുത്തിടെയാണ് തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കങ്കുവ ഓസ്കര് അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചത്. കങ്കുവയെ കൂടാതെ ആടുജീവിതം, സന്തോഷ്(ഹിന്ദി), സ്വതന്ത്ര വീര്‍ സവര്‍ക്കര്‍(ഹിന്ദി), ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ്(ഹിന്ദി-ഇംഗ്ലീഷ്) എന്നീ ഇന്ത്യന്‍ ചിത്രങ്ങളും പട്ടികയില്‍ ഇടംപിടിച്ചിരുന്നു. കങ്കുവ ഓസ്കര് അവാര്‍ഡിലെ പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചെന്ന വാര്‍ത്ത സാമൂഹികമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറി.
പ്രമുഖ ഫിലിം ഇന്‍ഡസ്ട്രി ട്രാക്കര്‍ മനോബാല വിജയബാലന്‍ ഇതുമായി ബന്ധപ്പെട്ട് പങ്കുവെച്ച ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലായി. പ്രാഥമിക പരിഗണനാ പട്ടികയില്‍ ഇടംപിടിച്ച സിനിമകളുടെ പട്ടികയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ട്വീറ്റിന് താഴെ നിരവധി ഉപയോക്താക്കള്‍ കമന്റുമായെത്തി. ഇത് തമാശയാണോ ?, ലജ്ജാകരമാണ് എന്നിങ്ങനെ സിനിമയുടെ നേട്ടത്തെ പരിഹസിച്ചാണ് ഒട്ടുമിക്കവരും പ്രതികരിച്ചത്. പലരും വന്‍ വിമര്‍ശനങ്ങളും ഉന്നയിച്ചു. സിനിമയെ അഭിനന്ദിച്ചും പലരും രംഗത്തെത്തിയിട്ടുണ്ട്.
ഓസ്കര് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും ഇത് തുടക്കമിട്ടിട്ടുണ്ട്. സിനിമ നോമിനേഷനുകളുടെ ഫൈനൽ പട്ടികയിൽ ഉൾപ്പെടുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട് ആന്റ് സയന്‍സ് അവാര്‍ഡിലേക്ക് പരിഗണിക്കുന്നതിന്റെ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഫീച്ചര്‍ ഫിലിമുകള്‍ യുഎസ്സിലെ ആറ് മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ കൊമേഴ്സ്യല്‍ മോഷന്‍ പിക്ചര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം. ലോസ് ആഞ്ജലീസ് കൗണ്ടി, ന്യൂയോര്‍ക്ക് സിറ്റി, ദ ബേ ഏരിയ, ചിക്കാഗോ, ടെക്സാസ്, അറ്റ്ലാന്റ എന്നിവിടങ്ങളിലാണ് പ്രദര്ശിപ്പിച്ചിരിക്കേണ്ടത്. 2024 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ തുടര്‍ച്ചയായി ഏഴ് ദിവസങ്ങളെങ്കിലും ഒരു ഇടത്ത് സിനിമാ പ്രദര്ശനമുണ്ടായിരിക്കണം. ഫീച്ചര്‍ ഫിലിമുകള്‍ക്ക് കുറഞ്ഞത് 40 മിനിറ്റുകളെങ്കിലും ദൈര്ഘ്യവുമുണ്ടാകണം.
ഈ യോഗ്യതാ മാനദണ്ഡം പാലിക്കപ്പെട്ടാലും സിനിമക്ക് ഓസ്കര് നോമിനേഷന് ഉറപ്പാകണമെന്നില്ല. ബന്ധപ്പെട്ട വിഭാഗങ്ങളിലെ അംഗങ്ങളെയും ആശ്രയിച്ചിരിക്കുമിത്. നടന്, എഡിറ്റര്‍, ഡയറക്ടര്‍ തുടങ്ങിയ വിഭാഗങ്ങളിലേതാണിത്. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട് ആന്റ് സയന്‍സ് അംഗങ്ങള്‍ക്ക് മാത്രമാണ് നോമിനേറ്റ് ചെയ്യാനും വോട്ട് ചെയ്യാനും സാധിക്കൂ. മികച്ച ചിത്രം വിഭാഗത്തില്‍ ബാലറ്റ് വഴിയാണ് വോട്ടിങ്. നോമിനേഷനില്‍ ഉള്‍പ്പെട്ട സിനിമകളെ ഒന്നുമുതല്‍ 10വരെ റാങ്കിങ്ങില്‍ ഉള്‍പ്പെടുത്തും.
നോമിനേഷനുകളുടെ വോട്ടിങ് ബുധനാഴ്ചയാണ് ആരംഭിക്കുന്നത്. ജനുവരി 12 വരെയാണ് വോട്ടിങ്. ജനുവരി 17 ന് നോമിനേഷനുകളുടെ ഫൈനൽ പട്ടിക പ്രഖ്യാപിക്കും. മാര്‍ച്ച് 2 നാണ് ഓസ്കര് വിജയികളെ പ്രഖ്യാപിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]