
പ്രായഭേദമില്ലാതെ മലയാളിയെ ചിരിപ്പിച്ചു കിടത്തിയ ആട് സീരിസ്, ഫീൽഗുഡ് വഴിയിലെ ആൻമരിയ, ത്രില്ലടിപ്പിച്ച് നെഞ്ചിടിപ്പ് കൂട്ടിയ അഞ്ചാംപാതിര. ഓരോ സിനിമയിലും പുതുമയുടെ കൈയൊപ്പ് ചാർത്തുന്ന സംവിധായകൻ മിഥുൻ മാനുവൽ തോമസ് വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ് ‘അബ്രഹാം ഓസ്ലർ’ എന്ന പുത്തൻ ചിത്രവുമായി. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ അബ്രഹാം ഓസ്ലറായി ജയറാം കളം നിറയുന്ന ചിത്രം ഒരു മെഡിക്കൽ ത്രില്ലറാണ്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ ട്രെയ്ലറിലും പോസ്റ്ററിലും കാണാത്ത അഭിനേതാക്കളുടെ സസ്പെൻസ് എൻട്രിയുമുണ്ടാകുമെന്ന് സംവിധായകൻ ഉറപ്പിക്കുന്നു. ഓസ്ലറിന്റെ വിശേഷങ്ങളെക്കുറിച്ച് മിഥുൻ മാനുവൽ തോമസ് സംസാരിക്കുന്നു.
എവിടെനിന്നാണ് അബ്രഹാം ഓസ്ലറിനെ കണ്ടെത്തിയത്
അഞ്ചാം പാതിരയ്ക്കുശേഷം കുഞ്ചാക്കോ ബോബനെത്തന്നെ നായകനാക്കി മറ്റൊരു സിനിമയായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ ചില തടസ്സങ്ങൾ കാരണം ആ സിനിമയുടെ ഷൂട്ടിങ് മാറ്റിവെക്കേണ്ടിവന്നു. ആ സമയത്താണ് എന്റെ സുഹൃത്തും വയനാട്ടുകാരനുമായ സംവിധായകൻ ജോൺ മന്ത്രിക്കൽ ഒരുകഥയെക്കുറിച്ച് എന്നോടു പറയുന്നത്. പ്രമുഖ ഓർത്തോസർജനായ രൺധീർ കൃഷ്ണൻ എഴുതിയ കഥയായിരുന്നു അത്. ജോണിന്റെ നിർദേശ പ്രകാരം ഞാൻ ആ കഥ കേട്ടു. മെഡിക്കൽ ത്രില്ലർ സ്വഭാവമുള്ള ആ ഇമോഷണൽ ക്രൈം ഡ്രാമ എന്നെ വളരെ ആകർഷിക്കുകയും ഇത് സംവിധാനം ചെയ്യണം എന്ന് തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് അബ്രഹാം ഓസ്ലർ എന്ന സിനിമയോടൊപ്പമുള്ള എന്റെ യാത്ര ആരംഭിക്കുന്നത്.
മനസ്സിൽ ഓസ്ലറിന്റെ രൂപത്തിൽ ആദ്യമേ ജയറാം തന്നെയായിരുന്നോ
അപൂർവം സന്ദർഭങ്ങളൊഴിച്ചാൽ ആർട്ടിസ്റ്റിനെ മുന്നിൽക്കണ്ട് കഥ എഴുതുന്ന രീതി സ്വീകരിക്കാറില്ല. എന്റെ സിനിമയ്ക്ക് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തുകയാണ് ചെയ്യാറുള്ളത്. ഓസ്ലറിലും കഥ ലോക്ക് ആവുന്നതുവരെ ഒരു ആർട്ടിസ്റ്റും മനസ്സിലുണ്ടായിരുന്നില്ല. ഇത്തരമൊരു ഡാർക്ക് ക്രൈം ഡ്രാമ മുമ്പ് ചെയ്തിട്ടില്ലാത്ത ഒരുതാരം കേന്ദ്രകഥാപാത്രമായി വന്നാൽ നന്നാകുമെന്ന് തോന്നി. കാരണം അഞ്ചാം പാതിരയിൽ ചാക്കോച്ചനെ (കുഞ്ചാക്കോ ബോബൻ) കേന്ദ്രകഥാപാത്രമാക്കിയതും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരാൾ ത്രില്ലർ ചെയ്യട്ടെ എന്ന തീരുമാനത്തിലാണ്. അതിലൊരു പുതുമ പ്രേക്ഷകർക്ക് അനുഭവപ്പെടും. അഞ്ചാം പാതിരയുടെ വിജയം ആ തീരുമാനം ശരിവെക്കുന്നതായിരുന്നു. അതേ തോന്നൽ തന്നെയാണ് ഓസ്ലറിലെ കേന്ദ്രകഥാപാത്രമായി ജയറാമേട്ടനെ ആലോചിക്കാൻ പ്രേരിപ്പിച്ചത്.
കുറച്ചു കാലമായി നല്ലൊരു സിനിമയ്ക്കായി ജയറാമേട്ടൻ മലയാളത്തിൽനിന്ന് ബ്രേക്ക് എടുത്ത് നിൽക്കുകയാണ്. അതുപോലെ കരിയറിൽ അധികം ത്രില്ലർ സിനിമകൾ ജയറാമേട്ടൻ ചെയ്തിട്ടുമില്ല. കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെടുകയും സമ്മതിക്കുകയും ചെയ്തു. എഴുതിയതിനെക്കാൾ മികവോടെ അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്. അതുപോലെ ട്രെയ്ലറിൽ കണ്ടതും കാണാത്തതുമായ അഭിനേതാക്കൾ ഓസ്ലർ എന്ന സിനിമയിലുണ്ടാകും. അത് ആരാണെന്ന് ഞാനിപ്പോൾ പറയുന്നില്ല. അതൊരു സസ്പെൻസായി സിനിമ കാണുന്നതുവരെ പ്രേക്ഷകരുടെ ചിന്തയിലുണ്ടാകട്ടെ. പ്രേക്ഷകർ അഞ്ചാം പാതിരയെപ്പോലെത്തന്നെ ഇരുകൈയും നീട്ടി ഓസ്ലറിനെ സ്വീകരിക്കും എന്നാണ് പ്രതീക്ഷ.
മമ്മൂട്ടിക്കൊപ്പം ‘ടർബോ’ ഒരുങ്ങുകയാണ്, ഒപ്പം ആറാം പാതിര, ആട്-3, കോട്ടയം കുഞ്ഞച്ചൻ-2 അനൗൺസ് ചെയ്ത ചിത്രങ്ങൾ വേറെയുമുണ്ട്…
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ടർബോ’ ആക്ഷൻ കോമഡി ജോണറിൽ പെടുന്ന സിനിമയാണ്. ആദ്യമായാണ് അത്തരമൊരു ജോണറിലൊരു തിരക്കഥ എഴുതുന്നത്. മമ്മൂക്ക-വൈശാഖ് ടീമിന്റെ കൂടെ ടീം ടർബോയിൽ വർക്ക് ചെയ്യാനാകുന്നു എന്നതിൽ സന്തോഷമുണ്ട്. ഹിറ്റ് കോമ്പോ ആയതിനാൽ പ്രേക്ഷകർക്കിടയിലും ആ ഹൈപ്പുണ്ടാകും എന്നെനിക്കറിയാം. അതിനാൽ പ്രേക്ഷകർക്ക് തിയേറ്ററിൽ ആഘോഷമാക്കാൻ പറ്റുന്ന സിനിമയായി ‘ടർബോ’ മാറുമെന്നാണ് ഞങ്ങളുടെയെല്ലാവരുടെയും പ്രതീക്ഷ.
കോട്ടയം കുഞ്ഞച്ചൻ-2 എന്ന സിനിമ പല കാരണങ്ങളാൽ ഉപേക്ഷിച്ചു എന്നത് നേരത്തേ പറഞ്ഞതാണ്. അനൗൺസ് ചെയ്ത സിനിമകളിൽ ചെയ്യാൻ സാധ്യതയുള്ളത് ആട്-3യും ആറാം പാതിരയുമാണ്. അതിൽ ആട്-3 എന്ന സിനിമ ചെയ്യണമെന്ന് എനിക്ക് ഒരുപാട് സമ്മർദം വരുന്നുണ്ട്. എത്രസിനിമകൾ ചെയ്താലും എവിടെപ്പോയാലും എല്ലാവരും ചോദിക്കുന്നത് ആട്-3 എപ്പോൾ വരും എന്നാണ്. കാരണം കുട്ടികളടക്കം വലിയൊരു ഫാൻ ബേസുള്ള ഫ്രാഞ്ചൈസി ആണത്. തിരക്കഥ നല്ല രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചാൽ ആട്-3 സമീപഭാവിയിൽത്തന്നെ ചെയ്യണം എന്നൊരു ആഗ്രഹമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]