
പുഷ്പ ടു പ്രീമിയര്‍ ഷോ ദിനത്തില്‍ തിക്കിലും തിരക്കിലും അകപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് അല്ലു അര്ജുന്. പുഷ്പ 2 വിജയാഘോഷ ചടങ്ങിലാണ് ഹൈദരാബാദിലുണ്ടായ സംഭവങ്ങള്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മുക്തിനേടിയിട്ടില്ലെന്നും അല്ലു അര്ജുന് വ്യക്തമാക്കിയത്.
‘എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്ക് മനസ്സിലായില്ല. പ്രീമിയര്‍ ഷോയ്ക്ക് വേണ്ടി തീയേറ്ററുകളില്‍ പോകുന്നത് കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ തുടരുന്ന കാര്യമാണ്. സന്ധ്യ തീയേറ്ററില്‍ നടന്നത് വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അന്ന് സിനിമയുടെ പാതിവഴിക്ക് ഞാന്‍ തീയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോകില്ലായിരുന്നു. പക്ഷെ വലിയ തിക്കും തിരക്കും അനുഭവപ്പെടുമെന്ന് തീയേറ്റര്‍ മാനേജ്മെന്റ് പറഞ്ഞത് പ്രകാരമാണ് ഞാന്‍ പകുതിവഴിക്ക് പുറത്തിറങ്ങിയത്. അടുത്ത ദിവസം മാത്രമാണ് സംഭവിച്ചത് എന്താണെന്ന് അറിയാന്‍ കഴിഞ്ഞത്. വിവരം അറിഞ്ഞപ്പോള്‍ അത് എന്താണെന്ന് മനസ്സിലാക്കാന്‍ പോലും മണിക്കൂറുകള്‍ വേണ്ടിവന്നു. മാനസികമായി ആകെ തകര്‍ന്നു. എല്ലാവരും ബ്ലാങ്ക് ആയിപ്പോയി. സംവിധായകന് സുകുമാര്‍ വളരെ വികാരാധീനനായി. ഞങ്ങളുടെ എല്ലാ ഊര്‍ജവും ഇല്ലാതായി. പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായതിനാലാണ് പ്രതികരിക്കാന്‍ പോലും സാധിക്കാതിരുന്നത്’, അല്ലു അര്ജുന് വ്യക്തമാക്കി.
സംവിധായകന് സുകുമാറും വളരെ വൈകാരികമായാണ് പ്രതികരിച്ചത്. താന്‍ ആറ് വര്‍ഷമായി ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. പക്ഷെ കഴിഞ്ഞ മൂന്ന് ദിവസമായി ഒട്ടും സന്തോഷത്തില്‍ അല്ല. ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞ് ഹൃദയം തകര്‍ന്നു. അവരുടെ കുടുംബത്തിനോട് മാപ്പ് പറയുന്നു, ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന് വാക്ക് തരുന്നുവെന്നാണ് സുകുമാര്‍ വളരെ വൈകാരികമായി പ്രതികരിച്ചത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന യുവതി മരണപ്പെട്ടത്. രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോ നടക്കുന്ന ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്ജുന് എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് രേവതിക്ക് ജീവന് നഷ്ടമായത്. മരിച്ച രേവതിയുടെ മകന് തേജ് (9) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച രേവതിയുടെ കുടുംബത്തിന് അല്ലു അര്ജുന് 25 ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് അറിയിച്ചിരുന്നു. സംഭവമുണ്ടായി രണ്ട് ദിവസം പിന്നിട്ടിട്ടും യാതൊരു പ്രതികരണവും നടത്താതിരുന്ന താരത്തിനെതിരേ വലിയ വിമര്‍ശനമാണുയര്‍ന്നിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]