വെള്ളിത്തിരയില്‍ കമല്‍ ദുഃഖം കടിച്ചമര്‍ത്തി കാറോടിക്കുന്നു. അരികിലിരുന്ന് സറീന വഹാബ് കണ്ണു തുടയ്ക്കുന്നു. ആ കാഴ്ച്ച താങ്ങാനാകാതെ തിയേറ്ററിലെ ഇരുട്ടില്‍ തലകുനിച്ചിരിക്കുന്നു നിറഞ്ഞ സദസ്സ്.
കരച്ചിലാണെങ്ങും. കരയാത്തവര്‍ കൈകളില്‍ മുഖമൊളിപ്പിച്ചിരിക്കുന്നു. സിനിമയിലെ ഒരൊറ്റ രംഗത്തിന് ഇത്രയേറെ തീവ്രമായി മനുഷ്യമനസ്സിനെ സ്വാധീനിയ്ക്കാന്‍ കഴിയുമോ എന്നോര്‍ത്തു വിസ്മയിച്ചുപോയ നിമിഷങ്ങള്‍. അന്നത്തെ പത്താം ക്ലാസുകാരന്റെ കണ്ണുകളും ചെറുതായൊന്ന് നനഞ്ഞോ എന്ന് സംശയം. നടാടെ ആയിരുന്നല്ലോ അത്തരമൊരു അനുഭവം.
പശ്ചാത്തലത്തില്‍ മുഴങ്ങിക്കൊണ്ടിരുന്ന പാട്ട് ഇന്നുമുണ്ട് കാതില്‍; നാലരപ്പതിറ്റാണ്ടിനിപ്പുറവും: ‘നീ മായും നിലാവോ എന്‍ ജീവന്റെ കണ്ണീരോ…’ മലയാള സിനിമയില്‍ കമല്‍ഹാസന്റെ മുദ്രാഗീതങ്ങളില്‍ ഒന്ന്. ഇന്നും ‘മദനോത്സവ”ത്തിലെ ആ ഗാനം കേള്‍ക്കുമ്പോള്‍ ഇടനെഞ്ചൊന്ന് പിടയും. ഒരു തലമുറയുടെ മുഴുവന്‍ നൊമ്പരം ഏറ്റുവാങ്ങിയ രാജുവിനെയും എല്‍സ എന്ന എലിസബത്തിനെയും ഓര്‍മവരും അപ്പോള്‍. മനസ്സുകൊണ്ട് ഒ.എന്‍.വിയേയും സലില്‍ദായെയും യേശുദാസിനേയും സബിത ചൗധരിയേയും പ്രണമിക്കും.
‘മദനോത്സവ”ത്തിലെ മറ്റു പാട്ടുകളെല്ലാം സലില്‍ ചൗധരി മൂളിക്കൊടുത്ത ഈണങ്ങള്‍ക്കൊത്ത് ഒ.എന്‍.വി രചിച്ചവയാണ്; ഈ ഗാനമൊഴിച്ച്. ഈണവും വരികളും ഒപ്പത്തിനൊപ്പം പിറന്ന പാട്ടാണതെന്ന് ഒ.എന്‍.വി. സിനിമയിലെ അത്യന്തം വികാരനിര്‍ഭരമായ കഥാമുഹൂര്‍ത്തം. അസുഖവിവരം അറിഞ്ഞ ശേഷം എല്സയെ കൂട്ടി ആദ്യമായി ഡോക്ടറെ കാണാന്‍ പോകുകയാണ് രാജു. പരസ്പരം സംസാരിക്കുന്നില്ല ഇരുവരും. പക്ഷേ ഉള്ളില്‍ വേദന തളം കെട്ടി നില്‍ക്കുന്നുണ്ടെന്ന് ആ മുഖങ്ങള്‍ കണ്ടാലറിയാം. മൂകവിഷാദം നിഴലിക്കുന്ന ഒരു പാട്ടു വേണം അവിടെ.
‘തിരശ്ശീലയില്‍ തെളിയാന്‍ ദൃശ്യങ്ങള്‍ ഏറെയില്ല. മരണത്തിലേക്ക് അനുനിമിഷം നീങ്ങുന്ന ഒരാള്‍; യാത്രയാക്കാന്‍ വിധിക്കപ്പെട്ട മറ്റൊരാള്‍. ആ രണ്ടാളുടെയും മുഖങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഒരു പാട്ടിന് തീരെ ഇടം കുറവ്. അല്പനേരം ധ്യാനപൂര്‍വം ഇരുന്നിട്ട് സലില്‍ദാ ഹാര്‍മോണിയത്തില്‍ ഒരു കൊച്ചു ഈണം വായിച്ചു: ലാ ലാലാ ലലാല ലാലാലാ. എന്റെ വാക്കുകള്‍ അനുയാത്ര ചെയ്തു: നീ മായും നിലാവോ? വീണ്ടും സലില്‍ദാ: ലല്ലാലാല ല ല്ല ല്ലാ. എന്‍ ജീവന്റെ കണ്ണീരോ എന്ന് ഞാന്‍. അങ്ങനെ കവിതയും ഈണവും ഒരുമിച്ചു പിറന്ന ഗാനമായി മാറി അത്..” ഒ.എന്‍.വി.യുടെ വാക്കുകള്‍.
‘ഈ മണ്‍കൂട് നിന്നോട് കണ്ണീരോടോതുന്നിതാ പോവല്ലേ” എന്ന ഒരൊറ്റ വരിയില്‍ കഥാസന്ദര്‍ഭത്തിന്റെ വികാരതീവ്രത മുഴുവന്‍ ഒരു ചിമിഴിലെന്നോണം ഒതുക്കിവെച്ചു ഒ.എന്‍.വി. സംഗീതം കൊണ്ട് അതിനൊരു നേര്‍ത്ത അടിവരയിടേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ സലില്‍ ചൗധരിക്ക്. ‘നീ ഒരു പൂവിന് മൗനഗാനം, ഈ ഹൃദയത്തിന് ഗാനോത്സവം, മായുന്നിതോ ഈ മാരിവില്‍പ്പൂ’ എന്നിങ്ങനെ ലളിതസുന്ദര പദങ്ങളാല്‍ ഒരു വികാരസാമ്രാജ്യം തന്നെ തീര്‍ത്തു കവി. ചുരുക്കം സംഗീതോപകരണങ്ങള്‍ കൊണ്ട് ആ ഗാനത്തെ അനിര്‍വചനീയമായ ഒരനുഭവമാക്കി മാറ്റി സലില്‍ദാ. യേശുദാസിന്റെ ശബ്ദത്തെ അനുഗമിച്ച സബിതാ ചൗധരിയുടെ ഹമ്മിംഗ് തന്നെ ധാരാളമായിരുന്നു, ഗാനത്തില്‍ ഉറഞ്ഞുകിടന്ന വേദന ശ്രോതാവിന്റെ ഹൃദയത്തിലെത്തിക്കാന്‍.
‘നീ മായും നിലാവോ’ എന്ന ഗാനം കമല്ഹാസന് – സറീനമാരുടെ കാര്‍ യാത്രയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കാനായിരുന്നു ശങ്കരന് നായരുടെ തീരുമാനം. അതിനും മൂന്നു വര്‍ഷം മുന്‍പ് ‘വിഷ്ണുവിജയം’ എന്ന സിനിമക്ക് വേണ്ടി മറ്റൊരു ഗാനം ഇതേ മാതൃകയില്‍ ശങ്കരന് നായരും ക്യാമറാമാന് വില്യംസും ചേര്‍ന്ന് ചിത്രീകരിച്ചിട്ടുണ്ട്: ‘പുഷ്പദലങ്ങളാല്‍ നഗ്നത മറയ്ക്കും സ്വപ്നസുന്ദരീ പ്രകൃതീ സര്‍പ്പസുന്ദരീ, നിന്നരക്കെട്ടില്‍ കൈചുറ്റി നില്ക്കും നിലാവിനെന്തൊരു മുഖപ്രസാദം..”. എവിഎം സ്റ്റുഡിയോയിലും മെര്‍ക്കാറയിലുമായി ചിത്രീകരിച്ച ആ ഗാനരംഗത്ത് അഭിനയിച്ചത് കമലഹാസനും ഷീലയും. വയലാര്‍ സിനിമക്ക് വേണ്ടി എഴുതിയ അവസാന ഗാനങ്ങളില്‍ ഒന്നായിരുന്നു അത്.
പക്ഷേ ഇത്തവണ കമലിന് ചെറിയൊരു സംശയം: ഇത്ര മനോഹരമായ പാട്ട് ഒരു കാര്‍ യാത്രയില്‍ ഒതുക്കിയാല്‍ കാണികള്‍ക്ക് മുഷിയില്ലേ? ആളുകള്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയാലോ? മാത്രമല്ല രംഗത്ത് ആരും ചുണ്ടനക്കുന്നില്ല താനും. പക്ഷേ ശങ്കരന് നായര്‍ക്ക് തെല്ലുമില്ലായിരുന്നു സംശയം. ‘സ്വന്തം ഇരിപ്പിടങ്ങളില്‍ അനങ്ങാതിരുന്ന് പ്രേക്ഷകര്‍ ഈ ഗാനരംഗം കാണും. അവരുടെയൊക്കെ കണ്ണുകള്‍ നിറഞ്ഞിട്ടുമുണ്ടാകും. കാത്തിരുന്നു കാണാം നമുക്ക്.” — അദ്ദേഹം പറഞ്ഞു.
സത്യമായി മാറി ആ പ്രവചനം. മദനോത്സവത്തിലെ ഏറ്റവും വികാരനിര്‍ഭരമായ മുഹൂര്‍ത്തമായിരുന്നു ആ ഗാനരംഗം. സിനിമ ഇന്നത്തെ പോലെ ആഘോഷവും ആവേശവും മാത്രമായിരുന്നില്ല അന്ന്. തിയേറ്ററിലിരുന്ന് കരയാനും ഇഷ്ടമായിരുന്നു ആളുകള്‍ക്ക്.
ചെന്നൈയിലെ വിജയവാഹിനി സ്റ്റുഡിയോയിലാണ് നീ മായും നിലാവോ എന്ന ഗാനരംഗത്തിന്റെ ക്ലോസപ്പ് സീനുകള്‍ ചിത്രീകരിച്ചത് എന്നോര്‍ക്കുന്നു മദനോത്സവത്തിന്റെ സഹസംവിധായകനായിരുന്ന സാജന്. കാര്‍ പോകുന്ന വഴിയിലെ ദൃശ്യങ്ങള്‍ മാത്രം കൊടൈക്കനാലില്‍ നിന്ന് പകര്‍ത്തിയവയും. വേദന കടിച്ചമര്‍ത്തുന്ന മുഖഭാവത്തോടെ വേണം അഭിനയിക്കാന്‍ എന്നാണ് കമലിന് ശങ്കരന് നായര്‍ നല്കിയ നിര്‍ദേശം. കമല്‍ അത് അക്ഷരം പ്രതി ഉള്‍ക്കൊള്ളുകയും ചെയ്തു. വാഹിനി സ്റ്റുഡിയോയുടെ ഒന്നാം നമ്പര്‍ ഫ്ലോറില്‍ ബാക്ക് പ്രൊജക്ഷന്റെ സഹായത്തോടെ ചിത്രീകരിച്ച ആ രംഗം കണ്ട് ആരും തിയേറ്ററില്‍ നിന്ന് ഇറങ്ങിപ്പോയില്ലെന്നു മാത്രമല്ല, ചിലരൊക്കെ വിതുമ്പിക്കരയുകയും ചെയ്തു.
പ്രായഭേദമന്യേ മലയാളികളെ ഇത്രയേറെ കരയിച്ച സിനിമകള്‍ ഏറെ ഉണ്ടായിട്ടില്ല; രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞ് ആകാശദൂത് എത്തേണ്ടി വന്നു മദനോത്സവത്തിന്റെ ചരിത്രം തിരുത്താന്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]