
സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് ദൃശ്യത്തോട് പ്രതികരിച്ച് ഗായിക ചിന്മയി. സ്ത്രീകളുടെ ശരീരം അനുദിനം ചൂഷണം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, പെൺകുട്ടികളെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമുള്ള അടുത്ത ആയുധം ഡീപ് ഫേക്ക് ആയിരിക്കുമെന്ന് ചിന്മയി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
‘കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജയിലറിലെ കാവാല എന്ന ഗാനത്തിന് എ.ഐ അവതാറിലുള്ള ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരിൽ ഒരാളുടെ വീഡിയോ പുറത്തിറങ്ങി. അത് അവളല്ലായിരുന്നുവെന്ന് മാത്രം, അതൊരു ഡീപ് ഫേക്ക് ആയിരുന്നു. ‘കാവാല’യുടെ ഡീപ് ഫേക്ക് ഉപയോഗിക്കുന്നതിന് സിമ്രാൻ മുൻകൂർ അനുവാദം നൽകിയിരുന്നോ എന്ന് ആർക്കും കൃത്യമായി അറിയില്ല. അവർ അത് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ രശ്മികയുടെ ഒരു ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കുകാണ്. ഞാനിപ്പോൾ രശ്മികയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടു, അവർ ശരിക്കും അസ്വസ്ഥയായിട്ടാണ് കാണപ്പെടുന്നത്. സ്ത്രീകളുടെ ശരീരം അനുദിനം ചൂഷണം ചെയ്യപ്പെടുന്ന ഒരു രാജ്യത്ത്, പെൺകുട്ടികളെ ലക്ഷ്യമിടാനും ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനും ഉപയോഗിക്കുന്ന അടുത്ത ആയുധം ഡീപ് ഫേക്ക് ആയിരിക്കും. ചെറിയ ഗ്രാമത്തിലോ പട്ടണത്തിലോ ഉള്ള അവരുടെ കുടുംബങ്ങൾക്ക് അഭിമാനം അപകടത്തിലാകുന്നത് മനസിലാകാൻ പോകുന്നില്ല.
ലോൺ ആപ്പുകളിലൂടെ കടമെടുക്കുന്ന സ്ത്രീകളുടെ മുഖം അശ്ലീല ഫോട്ടോകളുമായി ഫോട്ടോഷോപ്പ് ചെയ്ത് ഉപദ്രവിക്കുന്നു, അവർക്കത് കെെകാര്യം ചെയ്യാനാകുന്നില്ല. ഒരു ഡീപ് ഫേക്ക് പെട്ടെന്ന് കണ്ടുപിടിക്കാൻ പ്രയാസമാണ്. എല്ലാവർക്കും ഹെെ റെസല്യൂഷൻ ഡിസ്പ്ലേകൾ ഇല്ലല്ലോ. ഡീപ്ഫേക്കുകൾ മൂലം പെൺകുട്ടികൾക്കുണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാനും ഇത്തരം കാര്യങ്ങൾ സ്വയം കെെകാര്യം ചെയ്യുന്നതിന് പകരം റിപ്പോർട്ട് ചെയ്യാനുമായി ഒരു രാജ്യവ്യാപക ബോധവത്കരണ ക്യാംപെയിൻ ആരംഭിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു’, ചിന്മയി കുറിച്ചു.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം മുതൽ ദൃശ്യം പ്രചരിച്ചുതുടങ്ങിയത്. വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾത്തന്നെ ഇതിലെ സത്യാവസ്ഥ ആരാധകർ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയാ ഉപയോക്താക്കൾ അന്വേഷിച്ചുതുടങ്ങിയിരുന്നു. പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച മോർഫ്ഡ് വീഡിയോ ആണിതെന്ന് പറഞ്ഞുകൊണ്ട് ചിലർ വിശദീകരണവുമായെത്തി. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എ. ഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ചത്.
ഈ വീഡിയോ ഉണ്ടാക്കിയവർക്കും പ്രചരിപ്പിച്ചവർക്കുമെതിരെ നിയമനടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. രശ്മികയുടേതായി പ്രചരിച്ച വ്യാജ വീഡിയോയിൽ നടപടി വേണമെന്ന് അമിതാഭ് ബച്ചനും നാഗചെെതന്യയും ആവശ്യപ്പെട്ടു. വിഷയം ചർച്ചയായതോടെ കേന്ദ്ര ഐ.ടി മന്ത്രി രാജീവ് ചന്ദ്രശേഖരൻ സോഷ്യൽ മീഡിയ കമ്പനികള്ക്ക് മുന്നറിയിപ്പും നൽകിയിരുന്നു. തന്റെ ഡീപ് ഫേക്ക് വീഡിയയോട് പ്രതികരിച്ച് നടി രശ്മിക മന്ദാനയും രംഗത്തെത്തി. വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് വേദനാജനകമാണെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]