
മലയാള സിനിമാലോകത്തേക്ക് വീണ്ടും ‘ലഹരി’ വില്ലനായി എത്തുകയാണ്. കൊച്ചിയില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് സിനിമാമേഖലയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. നടി പ്രയാഗ മാര്‍ട്ടിനും നടന് ശ്രീനാഥ് ഭാസിയും ഓംപ്രകാശ് താമസിച്ചിരുന്ന മുറിയിലെത്തിയിരുന്നതായി പോലീസ് വ്യക്തമാക്കിയതോടെ സിനിമാതാരങ്ങളും സംശയനിഴലിലായിരിക്കുകയാണ്.
പ്രയാഗയും ശ്രീനാഥും ഉള്‍പ്പെടെ ഇരുപതോളം പേര് ഓംപ്രകാശിനെ കാണാനെത്തിയെന്നാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ഹോട്ടല്‍മുറിയില്‍ ലഹരിപാര്‍ട്ടി നടന്നോ എന്നും പോലീസ് സംശയിക്കുന്നു. എന്തായാലും കേസുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്യുമെന്നും കൊച്ചി ഡി.സി.പി. കെ.എസ്. സുദര്ശന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സിനിമാമേഖലയിലെ പ്രധാന ‘വില്ലന്‍’ ലഹരി ഉപയോഗമാണെന്നറിഞ്ഞിട്ടും അതിനെ നിയന്ത്രിക്കാനാകുന്നില്ല എന്നതാണ് വാസ്തവം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലും സിനിമയിലെ ലഹരിമാഫിയയുടെ ആഴത്തിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. മദ്യപാനത്തിനോ മറ്റു ലഹരികള്‍ ഉപയോഗിച്ചതിനോ ശേഷമാണ് സിനിമാരംഗത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നതെന്നായിരുന്നു പരാമര്‍ശം. ചില യുവനടന്മാര് ലഹരി ഉപയോഗിക്കുന്നത് പതിവാണെന്നും കണ്ടെത്തിയിരുന്നു. എന്നാല്‍, ലഹരിമരുന്ന് ഉപയോഗം സിനിമാമേഖലയില്‍ വ്യാപകമായിട്ടും സര്‍ക്കാര്‍ ഇതിനെതിരേ കാര്യമായ അന്വേഷണം നടത്താനൊന്നും തുനിഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നടിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വലിയ ചര്‍ച്ചയായെങ്കിലും ലഹരിയുടെ വ്യാപനം തടയാനോ അത് നിയന്ത്രിക്കാനോ നടപടികളുണ്ടായില്ല.
ലഹരിസംഘങ്ങള്‍ സിനിമാസെറ്റുകളില്‍ വേരുറപ്പിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായെന്നാണ് റിപ്പോര്‍ട്ട്. കൊക്കെയ്നുമായി നടന്മാരുള്പ്പെട്ട സംഘത്തെ പത്ത് വര്‍ഷം മുന്‍പ് പിടികൂടിയതോടെയാണ് സിനിമാമേഖലയില്‍ രാസലഹരി പിടിമുറുക്കിയതിന്റെ വിവരം പുറത്തറിയുന്നത്. ഇതിനുശേഷവും പല അണിയറ പ്രവര്‍ത്തകരും ചില നടിമാരും ഉള്‍പ്പെടെയുള്ളവര്‍ ലഹരിമരുന്നുമായി പിടിയിലായി. ഇതെല്ലാം സിനിമാ ലൊക്കേഷന്‍ പുറത്തുള്ള അറസ്റ്റുകളായിരുന്നു. എന്നാല്‍, ചില സിനിമാ ലൊക്കേഷനുകളിലും ഷൂട്ടിങ് അവസാനിക്കുമ്പോള്‍ നടത്തുന്ന പാക്കപ്പ് പാര്‍ട്ടികളിലും പരസ്യമായ ലഹരി ഉപയോഗം നടക്കുന്നതായി രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടായിട്ടും ലൊക്കേഷനില്‍ കയറിയുള്ള പരിശോധനയൊന്നും നടക്കാറില്ല.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് നടന് ടിനി ടോം നേരത്തേ തുറന്നടിച്ചത് ചര്‍ച്ചയായിരുന്നു. ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു അന്ന് ടിനി പറഞ്ഞത്. തുടര്‍ന്ന് സിനിമാ സംഘടനകള്‍ സെറ്റുകളിലും ലൊക്കേഷനുകളിലും നിയന്ത്രണമേര്‍പ്പെടുത്തുകയും അണിയറ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും ഇടപാടുകളും നിയന്ത്രിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]