
മലയാളസിനിമയിലെ പ്രമുഖ യുവനടന്മാരിലൊരാളാണ് ശ്രീനാഥ് ഭാസി. ചുരുങ്ങിയ കാലത്തിനിടെ ഒട്ടേറെ ചിത്രങ്ങളിലൂടെ തന്റേതായ സാന്നിധ്യമറിയിച്ച യുവനടന് ഇതിനൊപ്പം ഒട്ടേറെ വിവാദങ്ങളിലും ഉള്‍പ്പെട്ടിരുന്നു. യൂട്യൂബ് ചാനല്‍ അവതാരകയോട് അഭിമുഖത്തിനിടെ മോശമായി പെരുമാറിയതിന് പോലീസ് കേസെടുത്ത സംഭവവമുണ്ടായി. അവതാരക പരാതി പിന്‍വലിച്ചതോടെ ഹൈക്കോടതി പിന്നീട് ആ കേസ് റദ്ദാക്കി. ഒടുവിലിതാ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉള്‍പ്പെട്ട മയക്കുമരുന്ന് കേസിലും ശ്രീനാഥ് ഭാസിയുടെ പേര് ഉയര്‍ന്നുവന്നിരിക്കുകയാണ്.
ഓംപ്രകാശ് കൊച്ചിയില്‍ താമസിച്ച ഹോട്ടല്‍മുറിയില്‍ ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്ട്ടിന് എന്നിവരടക്കം ഇരുപതോളം പേര് വന്നതായാണ് പോലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഹോട്ടലില്‍ ലഹരിപാര്‍ട്ടി നടന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.
ഡി.ജെ.യായും ഗായകനായും കരിയര്‍ ആരംഭിച്ച ശ്രീനാഥ് ഭാസി 2011-ലാണ് സിനിമയില്‍ വേഷമിടുന്നത്. പ്രണയം, 22 ഫീമെയില്‍ കോട്ടയം, അരികെ, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയവയായിരുന്നു ആദ്യകാല ചിത്രങ്ങള്‍. ‘ഡാ തടിയാ’, ‘ഹണി ബീ’ തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ ശ്രീനാഥ് ഭാസി ശ്രദ്ധേയനായി. കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, അഞ്ചാം പാതിര, ഹോം, ഭീഷ്മ പര്‍വം തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍, സിനിമയില്‍ തിളങ്ങിയതിനൊപ്പം ഒരുപിടി വിവാദങ്ങളിലും ശ്രീനാഥ് ഭാസി ഉള്‍പ്പെട്ടു.
അഭിമുഖത്തിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെ അധിക്ഷേപിച്ചെന്നും അവതാരകയോട് മോശമായി പെരുമാറിയെന്നുമായിരുന്നു അടുത്തിടെ ശ്രീനാഥ് ഭാസിക്കെതിരേ ഉയര്‍ന്ന പരാതി. സംഭവത്തില്‍ അവതാരകയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. സംഭവസമയത്ത് ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ പോലീസ് പരിശോധന വരെ നടത്തി. എന്നാല്‍, ശ്രീനാഥ് ഭാസി പരാതിക്കാരിയോട് മാപ്പ് പറഞ്ഞതോടെ ഈ കേസ് ഒത്തുതീര്‍പ്പായി. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാഥ് ഭാസി നല്കിയ അപേക്ഷ ഹൈക്കോടതി അംഗീകരിക്കുകയുംചെയ്തു. അവതാരകയോട് മോശമായി പെരുമാറിയ സംഭവത്തെത്തുടര്‍ന്ന് ശ്രീനാഥ് ഭാസിക്ക് നിര്‍മാതാക്കളുടെ സംഘടന വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. പിന്നീട് രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് വിലക്ക് നീക്കിയത്.
ഇതിനുപിന്നാലെ ശ്രീനാഥ് ഭാസിക്കെതിരേ നിര്‍മാതാക്കളുടെ സംഘടന വീണ്ടും രംഗത്തെത്തി. ഷെയ്ന് നിഗം, ശ്രീനാഥ് എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് അന്ന് നിര്‍മാതാക്കളുടെ സംഘടന വിമര്‍ശനമുന്നയിച്ചത്. നിര്‍മാതാക്കളുമായി കരാര്‍ ഒപ്പിടാത്ത നടീനടന്മാരുമായി സഹകരിക്കില്ലെന്നും സംഘടന അറിയിച്ചിരുന്നു. ശ്രീനാഥ് ഭാസി ഒരേസമയം പലരുടെയും സിനിമയ്ക്ക് ഡേറ്റ് നല്‍കുകയാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാര്‍ തന്നെ കുരുക്കാനാണെന്നാണ് അദ്ദേഹം പറയുന്നത്. ശ്രീനാഥ് ഭാസി സമയത്തിന് ഷൂട്ടിങ് സെറ്റിലെത്തില്ല, വിളിച്ചാല്‍ ഫോണെടുക്കുകയില്ല. ശ്രീനാഥ് ഏതെല്ലാം സിനിമകള്‍ക്കാണ് ഡേറ്റ് കൊടുത്തിരിക്കുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നും അന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]