
മലയാളത്തിലെ പുതുമയുള്ളൊരു പരീക്ഷണം, സിജു വിൽസൻ നായകനായെത്തിയ ‘പുഷ്പക വിമാനം’ എന്ന സിനിമയെ ഇങ്ങനെ വിശേഷിപ്പിക്കാം. നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
ജീവിതത്തിൽ സമയത്തിനുള്ള പ്രാധാന്യം വിളിച്ചോതുന്ന ചിത്രമാണ് ‘പുഷ്പക വിമാനം’. ഒരു മിനിറ്റ്, അല്ലെങ്കിൽ ഒരു നിമിഷം ഒന്നുമാറിയാൽ അത് എങ്ങനെയായിരിക്കും ജീവിതത്തെ മാറ്റിമറിക്കുക എന്ന് പലരും ഓർക്കാറുള്ള കാര്യമാണ്. ഇത്തരമൊരു പ്രമേയമാണ് സംവിധായകൻ ഫാൻ്റസിയുടേയും ആക്ഷൻ്റേയും അകമ്പടിയോടെ അണിയിച്ച് ഒരുക്കിയിരിക്കുന്നത്.
സിജു വിൽസൻ അവതരിപ്പിക്കുന്ന അജയ് എന്ന നായക കഥാപാത്രത്തിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. ഈ കഥാപാത്രത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന അസാധാരണ സംഭവവികാസങ്ങളാണ് ചിത്രം. സുഹൃത്തായ ആഗ്രഹ് ആയി ബാലു വർഗീസ് എത്തുന്നു. നിർണായകമായ കഥാപാത്രമാണ് ബാലു വർഗീസിന്റേത്. ഇരുടേയും കഥാപാത്രങ്ങൾ തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൻ്റെ കാതൽ.
ഒരു അപകടവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും അജയുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്. എന്തുചെയ്യണം എന്നറിയാതെ അജയ് പായുകയാണ് പിന്നീട്. അപ്രതീക്ഷിതമായ സംഭവങ്ങളിലൂടെയുള്ള സഞ്ചാരമാണ് പിന്നീട്. സൗഹൃദവും അതിജീവനവും പ്രണയവും കഥയിലെ നിർണായക ഘടകങ്ങളാണ്.
ചിത്രത്തിൻ്റെ ഏറ്റവും ആകർഷക ഘടകം സിജു വിൽസന്റെ പ്രകടനമാണ്. ആക്ഷൻ രംഗങ്ങളിൽ ഉൾപ്പടെ താരം എടുത്ത പ്രയത്നം ശ്രദ്ധനേടുന്നുണ്ട്. ബാലു വർഗീസും തൻ്റെ കഥാപാത്രം ഭദ്രമാക്കി. ചിത്രത്തിൽ ബേസിൽ ജോസഫ് പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്. നമൃത, സിദ്ദിഖ്, മനോജ്.കെ.യു, പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വസിഷ്ഠ് എന്നിവരും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്ദീപ് സദാനന്ദനും, ദീപു എസ്.നായരുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
രാഹുൽ രാജ് ആണ് സംഗീതം. ഛായാഗ്രഹണം രവി ചന്ദ്രൻ നിർവഹിക്കുന്നു. രാജ്കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോമൂവീസ്, നെരിയാ ഫിലിംഹൗസ് എന്നിവരാണ് നിർമ്മിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]