
ബോളിവുഡ് താരം ആദിത്യ റോയ് കപൂറും അനന്യ പാണ്ഡേയും വേര്‍പിരിഞ്ഞുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. അതിനുപിന്നാലെ മുന്‍കാമുകനുമായി വേര്‍പിരിഞ്ഞതിന് ശേഷമുണ്ടായ വേദനയും നിരാശയും മറികടന്നത് എങ്ങനെയെന്ന് അനന്യ പാണ്ഡേ സിടിആര്‍എല്‍ എന്ന ചിത്രത്തിനിടെ വെളിപ്പെടുത്തിയിരുന്നു. അതിനായി താന്‍ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞിരുന്നുവെന്നാണ് നടി പറഞ്ഞത്. ഇപ്പോഴിതാ മറ്റൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് താരം. ഇംപോസ്റ്റര്‍ സിന്‍ഡ്രോമിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചാണ് അനന്യ തുറന്നുപറഞ്ഞിരിക്കുന്നത്. അഭിമുഖങ്ങള്‍ക്കിടയില്‍ പലപ്പോഴും പേര് യഥാര്‍ഥത്തില്‍ തന്റേതല്ലെന്ന് തോന്നിയിട്ടുണ്ടെന്നും സംവിധായകന് ഷോട്ട് ശരിയാണെന്ന് പറഞ്ഞാലും ഒരിക്കലും സന്തോഷവതിയാകാറില്ലെന്നും നടി പറയുന്നു.
മറ്റൊരാള്‍ എന്റെ പേര് പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ ഇംപോസ്റ്റര്‍ സിന്‍ഡ്രോം പുറത്തുവരും. അഭിമുഖങ്ങള്‍ക്കിടയില്‍ പലപ്പോഴും എന്റെ പേര് യഥാര്‍ഥത്തില്‍ എന്റേതല്ലെന്ന് തോന്നിയിട്ടുണ്ട്. മൂന്നാമതൊരാളാണെന്ന് തോന്നിപ്പിച്ചിട്ടുണ്ട്. പെട്ടെന്ന് ഞാന്‍ മറ്റൊരാളാണെന്ന് തോന്നിയിട്ടുണ്ട്. എന്റെ സിനിമ കാണുമ്പോഴും ഇത്തരത്തില്‍ അനുഭവപ്പെട്ടിട്ടുണ്ട്. ഞാന്‍ ആളുകളില്‍ ഒരാളായാണ് അത് കാണുന്നത്. സ്ക്രീനില്‍ ഞാനാണല്ലോ എന്ന കാര്യം മറന്നുപോകാറുണ്ട്.- അനന്യ പാണ്ഡെ പറഞ്ഞു.
എനിക്ക് തുടര്‍ച്ചയായി ഓരോ കാര്യത്തിലും ഉറപ്പുവരുത്തല്‍ നടത്തേണ്ടതുണ്ട്. സംവിധായകന് ഷോട്ട് ശരിയാണെന്ന് പറഞ്ഞാലും ഞാന്‍ ഒരിക്കലും സന്തോഷവതിയാകാറില്ല. ഇനിയും മികച്ച രീതിയില്‍ ചെയ്യാമല്ലോ എന്നാണ് എല്ലായ്പ്പോഴും തോന്നുന്നത്-അനന്യ പാണ്ഡെ കൂട്ടിച്ചേര്‍ത്തു.
കരിയറിന്റെ തുടക്കത്തില്‍ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും നേരിടേണ്ടിവന്ന നടിയാണ് അനന്യ. സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം പ്രതികരണങ്ങളാണോ ഇംപോസ്റ്റര്‍ സിന്‍ഡ്രോമിന് കാരണമാകുന്നതെന്ന ചോദ്യത്തിന് ഓരോ ദിവസത്തിനനുസരിച്ച് അത് വ്യത്യാസപ്പെട്ടിരിക്കുമെന്നാണ് താരം മറുപടി നല്‍കിയത്. ചില ദിവസങ്ങളില്‍ ഇത് ബാധിക്കാറില്ല, എന്നാല്‍ മറ്റു ചിലപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കാറുണ്ടെന്നും നടി പറഞ്ഞു.
എന്താണ് ഇംപോസ്റ്റർ സിൻഡ്രോം?
ക്ലിനിക്കല്‍ വിശദീകരണത്തില്‍ ഇംപോസ്റ്റര്‍ സിന്‍ഡ്രോമിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. എന്നാല്‍ ആളുകള്‍ക്കുണ്ടാവുന്ന മാനസികമായ ഒരു അരക്ഷിതാവസ്ഥയായി അതിനെ വിശകലനം ചെയ്യാം. തന്റെ കഴിവുകളില്‍ മതിപ്പില്ലാത്ത, അവ വ്യാജമാണെന്ന് വിശ്വസിക്കുന്ന, ജീവിതത്തില്‍ എത്ര വിജയിയാണെന്ന് പറഞ്ഞാലും അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത, നേടിയതൊക്കെ അനര്‍ഹമാണെന്ന് തോന്നുന്ന, നേടിയതൊക്കെ അപ്രതീക്ഷിത ഭാഗ്യമാണെന്നും വളരെ അടുത്ത് അതൊക്കെ നഷ്ടമാവുമെന്നും തോന്നുന്ന ഒരു തരം സാമൂഹികവും മാനസികവുമായ അരക്ഷിതാവസ്ഥയാണിത്.
ഈ മാനസികാവസ്ഥയെ ഇംപോസ്റ്റര്‍ സിന്‍ഡ്രോമെന്ന് ആദ്യം വിശേഷിപ്പിച്ചത് സൈക്കോളജിസ്റ്റായ പോളിന് ക്ലാന്‍സും സൂസന്നെ ഇംസും ചേര്‍ന്നാണ്. വളരെയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ സ്ത്രീകളിലാണ് ഇത്തരം പ്രശ്നങ്ങള്‍ സാധാരണ കാണാറുള്ളത്. എന്നാല്‍ അത്യപൂര്‍വമായി പുരുഷന്മാരിലും ഇത് കണ്ടെന്നു വരാം.
വംശം, പാരമ്പര്യം, നിറം, ജോലി, പദവി, വരുമാനം തുടങ്ങിയ സാമൂഹിക ചുറ്റുപാടുകളും ഇംപോസ്റ്റര്‍ സിന്‍ഡ്രോമിന് പ്രേരണകളാവാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]