
കോഴിക്കോട്: ‘‘സന്തോഷങ്ങൾ എന്ന് ബഹുവചനം പ്രയോഗിക്കുന്നതിൽ തെറ്റുണ്ടോ’’ എന്ന സംശയത്തോടെയാണ് സംവിധായകൻ സത്യൻ അന്തിക്കാട് നിർമാതാവായ പി.വി. ഗംഗാധരനെ വിളിച്ചത്. അദ്ദേഹവും അതേ സംശയം തിരിച്ചുചോദിച്ചു: ‘‘സന്തോഷങ്ങൾ എന്നു പറയുമോ?’’ തനിക്കും ആ സംശയം തോന്നിയെന്നും സന്തോഷം എന്നുമാത്രമായാൽ ഒരു സുഖമില്ലെന്നും സംവിധായകൻ.
‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയുടെ പേര് വന്ന കഥ പറയുകയാണ് സത്യൻ അന്തിക്കാട്. പി.വി.ജി.യുടെ സ്മരണാഞ്ജലിയായി നടന്ന ‘ഗംഗാതരംഗം’ ചലച്ചിത്രശില്പശാലയുടെ സമാപനസമ്മേളനത്തിൽ സൗഹൃദത്തിന്റെ മോഹനമായ ഓർമകൾ പങ്കിടുകയായിരുന്നു അദ്ദേഹം.അധികം വൈകിയില്ല, പി.വി.ജി.യുടെ മറുവിളിയെത്തി. ‘‘സന്തോഷങ്ങൾ എന്ന് ധൈര്യമായി പ്രയോഗിക്കാം. ‘ദുഃഖങ്ങൾക്കിന്നു ഞാൻ അവധി കൊടുത്തു’ എന്ന് ഭാസ്കരൻമാഷ് എഴുതിയിട്ടുണ്ടല്ലോ…’’ മലയാളവ്യാകരണവിശാരദരായ ചിലരോട് ചോദിച്ച് അതിനകം പി.വി.ജി. സംശയംതീർക്കുകയും ചെയ്തിരുന്നു. വെറുമൊരു നിർമാതാവായിരുന്നില്ല, സിനിമയുടെ പേരുമുതൽ സത്തവരെ സകലതിലും ശ്രദ്ധയുള്ള സരസനായ സഹൃദയനായിരുന്നു പി.വി.ജി.യെന്നതിന്റെ പല തെളിവുകളിൽ ഒന്ന്.
വേദിയിലുണ്ടായിരുന്ന സംയുക്താ വർമയെ മലയാളികളുടെ പ്രിയനടിയാക്കിയതിന്റെ രഹസ്യവും സത്യൻ അന്തിക്കാട് പങ്കുവെച്ചു. ‘ഗൃഹലക്ഷ്മി’യുടെ കവർപേജിൽ വന്ന സംയുക്തയുടെ ചിത്രംകണ്ട് പി.വി.ജി.യുടെ ഭാര്യ ഷെറിൻ ആണ് നായികയായി ആ പെൺകുട്ടി പോരേ എന്ന് ചോദിച്ചത്. പി.വി.ജി., അച്ഛനമ്മമാരുമായി സംസാരിച്ച് ചാക്കിലാക്കിയതുകൊണ്ടാണ് സംയുക്തയെ സിനിമയ്ക്കു കിട്ടിയതെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു.കെന്നൽ ക്ലബ്ബിന്റെ പ്രസിഡന്റായതിനാൽ തന്നെ പട്ടി കടിക്കില്ലെന്ന് പട്ടികൾ ഓടിക്കുന്നതിനിടയിലും വിളിച്ചുപറഞ്ഞ പി.വി.ജി.യുടെ രസികത്തമായിരുന്നു മറ്റൊരോർമ.
ഞായറാഴ്ച മഴ മാറാത്ത സായാഹ്നത്തിൽ വെള്ളിമാടുകുന്ന് ജെൻഡർ പാർക്കിലെ ഓഡിറ്റോറിയത്തിൽ സംസാരിച്ചവരെല്ലാം പങ്കുവെച്ച ഓർമ്മകളിൽ തെളിഞ്ഞത് പച്ചമനുഷ്യനായി, സാധാരണക്കാരനായി ജീവിച്ച വലിയൊരു കലാസ്നേഹിയുടെ പലപല മുഖങ്ങൾ. ചിലത് മനം തുറന്ന് ചിരിക്കാൻ വകയുള്ളവ, മറ്റു ചിലത് കണ്ണു നനയിക്കുന്നവ…തന്നെക്കൊണ്ട് ഏറ്റവും കൂടുതൽ പാട്ടെഴുതിച്ച നിർമാതാവാണ് പി.വി.ജി.യെന്ന് കൈതപ്രം. താൻ പാട്ടെഴുതുന്ന മൂന്നാം ചിത്രമാണ് ‘ഒരു വടക്കൻ വീരഗാഥ’. ‘സ്നേഹോദാരനിധേ ഞങ്ങളാത്മപൂജകളേകവേ’ എന്ന ഗാനം പി.വി. സാമിയെക്കുറിച്ചാണ് അദ്ദേഹം എഴുതിച്ചത്. അത് ഇപ്പോൾ ഏറ്റവും യോജിക്കുന്നത് പി.വി.ജി.ക്കാണെന്നും കൈതപ്രം പറഞ്ഞു. കരുണയുടെയും സൗഹൃദത്തിന്റെയും പ്രവാഹമാണ് പി.വി.ജി.യെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു.
യശസ്സിനെ ശരീരമാക്കിയ പി.വി.ജി.യുടെ ഓർമകളാണ് നാമനുഭവിക്കുന്നതെന്ന് എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ജ്യേഷ്ഠസഹോദരനെപ്പോലെയായിരുന്ന പി.വി.ജി.യുമായി വല്ലാത്തൊരാത്മബന്ധമായിരുന്നെന്ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ. പറഞ്ഞു. കോഴിക്കോടിന്റെ സൗഹൃദം അറിഞ്ഞനുഭവിച്ചത് പി.വി.ജി.യിലൂടെയാണെന്നും സിനിമാ നിർമാണത്തിൽ മാർഗനിർദേശവും സൗകര്യങ്ങളും അദ്ദേഹം ഒരുക്കിത്തന്നെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
സിനിമയിലേക്കല്ല, കുടുംബത്തിലേക്കാണ് സ്വാഗതം ചെയ്യുന്നതെന്ന് പി.വി.ജി. പറഞ്ഞത് സത്യമായിരുന്നെന്ന് സംയുക്താ വർമ പറഞ്ഞു. പിതൃതുല്യനായിരുന്നു അദ്ദേഹമെന്നും സംയുക്ത അനുസ്മരിച്ചു. എല്ലായിടത്തും ചിരിയും ഊർജവും നിറയ്ക്കുന്ന, എല്ലാവരോടും പ്രത്യേക ഇഷ്ടം സൂക്ഷിച്ചിരുന്ന താത്താജിയാണ് തനിക്ക് പി.വി.ജി.യെന്ന് മയൂരാ ശ്രേയാംസ് കുമാർ പറഞ്ഞു.ചെറുപ്പക്കാരെ ഉയർത്തുകയെന്നത് പി.വി.ജി.യുടെ എന്നുമുള്ള ആഗ്രഹമാണെന്നും അതിന്റെ ഭാഗമായാണ് പുതിയ തലമുറയെ സിനിമയിലേക്ക് നയിക്കാനുതകുംവിധം ചലച്ചിത്രശില്പശാല നടത്തിയതെന്നും പി.വി. നിധീഷ് പറഞ്ഞു.രണ്ടുദിവസമായി നടന്ന ചലച്ചിത്രശില്പശാലയിൽ പങ്കെടുത്തവർ നിർമിച്ച മൈക്രോ മൂവിക്കുള്ള പുരസ്കാരം കേന്ദ്രമന്ത്രി സുരേഷ് ഗോപി സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]