
തൃശ്ശൂര്‍: ‘ആദ്യമായാണ് ഒരഭിമുഖത്തിന് ഇരിക്കുന്നത്. 84-ാം വയസ്സിലാണ് എനിക്കിങ്ങനെയൊരു യോഗമുണ്ടാകുന്നത് -ഉറക്കെ ചിരിച്ചുകൊണ്ട് പോട്ടോര്‍ വാണീവിലാസത്തില് വി. ബാലരാമന് എന്ന ബാലരാമന് മാഷ് പറഞ്ഞു. മലയാളത്തില്‍ ആദ്യമായി നിയോറിയലിസം പരീക്ഷിച്ച ന്യൂസ്പേപ്പര്‍ബോയ് എന്ന ചിത്രത്തിലെ നടന്, അധ്യാപകന്, 20 വര്‍ഷമായി പാലിയേറ്റീവ് രംഗത്ത് സന്നദ്ധ പ്രവര്‍ത്തകനും പരിശീലകനും യോഗാ പരിശീലകനും- ജീവിതാനുഭവങ്ങളേറെ പങ്കുവെയ്ക്കാനുണ്ടായിരുന്നു അദ്ദേഹത്തിന്.
ഇരിങ്ങാലക്കുട സ്വദേശി മാധവന് നായരുടെയും തൃശ്ശൂര്‍ കാരിക്കത്ത് ലെയിനില്‍ ശാരദാഭവനില്‍ നാരായണിയമ്മയുടെയും മകനായി ജനിച്ച ബാലരാമന് 15-ാമത്തെ വയസ്സിലാണ് സഹനടനായെത്തിയത്. ‘ചേട്ടന്റെ സുഹൃത്തായ സംവിധായകന് രാമദാസ് ആദ്യം നായകന്റെ റോളാണ് വാഗ്ദാനം ചെയ്തത്. പക്ഷേ, ചേട്ടന് സമ്മതിച്ചില്ല. അഭിനയലോകത്തേക്ക് ഞാന്‍ പോകുന്നതിനോട് താത്പര്യമില്ലായിരുന്നു. അങ്ങിനെയാണ് സഹനടനിലേക്കൊതുങ്ങിയത്. ‘
‘ന്യൂസ് പേപ്പര്‍ ബോയിക്കുശേഷം ഏതാനും നാടകങ്ങളില്‍ അഭിനയിച്ചു. അപ്പോഴേക്കും അഭിനയം എനിക്ക് പറ്റിയതല്ലെന്ന് തോന്നി. പക്ഷേ, നാലുവര്‍ഷം മുന്‍പ് 80-ാം വയസ്സില്‍ ആരോഗ്യവകുപ്പിനുവേണ്ടി വയോജനസംരക്ഷണവുമായി ബന്ധപ്പെട്ട ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചു’. വാണിജ്യ നികുതി വകുപ്പ്, വില്‍പ്പന നികുതി വകുപ്പ് എന്നിവയിലെ ജോലിക്കുശേഷം വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വിവിധ സ്കൂളുകളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. യോഗാചാര്യന് ആര്.എസ്. അയ്യരുടെ ശിഷ്യനാണദ്ദേഹം.
‘യഥാര്‍ഥത്തില്‍ ഭാര്യയാണെന്റെ റോള്‍ മോഡല്‍. സംസ്ഥാനത്ത് ഹെവി മോട്ടോര്‍ ഡ്രൈവിങ്ങില്‍ ലൈസന്‍സ് നേടിയ ആദ്യ വനിതയായിരുന്നു ജാനകി.
ജാനകിയുടെ സഹോദരന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് തൃശ്ശൂരിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയിലെത്തിയത്. അങ്ങിനെ ഈ മേഖലയിലെ സന്നദ്ധപ്രവര്‍ത്തകനും പരിശീലകനുമായി. എന്റെ ഭാര്യക്ക് പാലിയേറ്റീവ് പരിചരണം നല്‍കിയത് ഞാന്‍തന്നെയാണ്. പത്തുവര്‍ഷം മുന്‍പ് ജാനകി മരിച്ചു. – അദ്ദേഹം പറഞ്ഞു. മക്കളായ ജീജയും ജീവനും ഡ്രൈവിങ്ങ് പരിശീലകരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]