തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ വിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി നടിയും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു. മുസ്ലീം പശ്ചാത്തലത്തിൽ നിന്ന് വന്ന ആളായിട്ടും തനിക്കായി ആളുകൾ ക്ഷേത്രം നിർമിച്ചുവെന്നും അതാണ് സനാതന ധർമമെന്നും അവർ എക്സിൽ കുറിച്ചു.
‘ഞാൻ ഒരു മുസ്ലിം പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എന്നിട്ടും ആളുകൾ എനിക്കായി ഒരു ക്ഷേത്രം പണിതു. അതാണ് സനാതന ധർമ്മം. വിശ്വസിക്കുക, ബഹുമാനിക്കുക, സ്നേഹിക്കുക, എല്ലാവരേയും തുല്യരായി കാണുക. സനാതന ധർമമെന്ന ഈ സത്യത്തെ ഡി.കെ ചെയർമാൻ കെ വീരമണി തന്നെ അംഗീകരിക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് ഡി.എം.കെ നിഷേധിക്കുന്നു? പരാജയങ്ങളിൽ നിന്നു വ്യതിചലിക്കുന്നതിനുള്ള അവരുടെ ഒരു മുടന്തൻ മാർഗം മാത്രമാണിത്. ’ഖുശ്ബു ട്വീറ്റ് ചെയ്തു.
അതേസമയം, സനാതന ധർമ്മത്തെ കുറിച്ചുളള തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നുമാണ് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കിയിരിക്കുന്നത്. താൻ ഒരിക്കലും വംശഹത്യയെക്കുറിച്ച് സംസാരിച്ചിട്ടില്ലെന്നും എല്ലാ നിയമ നടപടികളും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്.
ചില കാര്യങ്ങൾ എതിർക്കാൻ കഴിയില്ല, അവ ഇല്ലാതാക്കാൻ മാത്രമേ കഴിയൂ. ഡെങ്കി, കൊതുകുകൾ, മലേറിയ, കൊറോണ പോലുള്ളവയെ നമുക്ക് എതിർക്കാൻ കഴിയില്ല. അവയെ ഇല്ലാതാക്കണം. അതുപോലെ സനാതനത്തേയും നമുക്ക് തുടച്ചുനീക്കണം’, എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം. എതിർക്കപ്പെടേണ്ടതിനേക്കാൾ, തുടച്ചുനീക്കപ്പെടേണ്ടതാണ് സനാതനം. സനാതനം എന്ന വാക്ക് സംസ്കൃതത്തിൽനിന്നാണ്. അത് സാമൂഹിക നീതിക്കും തുല്യതയ്ക്കും എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]