ഇഷ്ടതാരത്തെ സ്ക്രീനിൽ കാണുമ്പോൾ ആവേശംകൊണ്ട് ആർപ്പുവിളിക്കുന്നവരാണ് ചലച്ചിത്രപ്രേമികൾ. എന്നാൽ സൂപ്പർതാരങ്ങൾ അവർ ആരാധിക്കുന്ന ഒരു താരത്തെ തിരശ്ശീലയിൽക്കണ്ട് മതിമറന്ന സംഭവം കേട്ടിട്ടുണ്ടോ? അങ്ങനെയൊരു സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ് സൂപ്പർതാരം വിജയ് ആണ് ഈ കഥയിലെ നായകൻ.
ഹോളിവുഡ് താരം ഡെൻസൽ വാഷിങ്ടണിനെ ബിഗ്സ്ക്രീനിൽ കണ്ട് ആവേശഭരിതനായി നിൽക്കുന്ന വിജയ് യുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകൻ വെങ്കട്ട് പ്രഭുവാണ് ഈ ചിത്രം പകർത്തിയത്. ഡെൻസൽ വാഷിങ്ടൺ നായകനായ ഇക്വലൈസർ 3 എന്ന ചിത്രത്തിന്റെ ആദ്യ ഷോ അമേരിക്കയിൽ വെച്ച് കാണുമ്പോഴായിരുന്നു വെങ്കട്ട് പ്രഭു ഈ ചിത്രമെടുത്തത്.
ദളപതി 68 എന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് വിജയ് ഉള്ളത്. വെങ്കട്ട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ വിർച്വൽ പ്രൊഡക്ഷന്റെ ഭാഗമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങൾ സംവിധായകൻ പങ്കുവച്ചിരുന്നു. സയൻസ് ഫിക്ഷൻ ഗണത്തിൽപെടുന്ന സിനിമയുമായാകും ഇത്തവണ വെങ്കട് പ്രഭുവിന്റെ വരവ്.
അതേസമയം ചിത്രീകരണം പൂർത്തിയായ വിജയ്- ലോകേഷ് കനകരാജ് ചിത്രം ലിയോ അടുത്തമാസം റിലീസ് ചെയ്യും. തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്കിൻ, ഗൗതം മേനോൻ, മൺസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ഫാർസ് ഫിലിംസാണ് ചിത്രം വിദേശരാജ്യങ്ങളിൽ വിതരണം ചെയ്യുന്നത്. കേരളത്തിൽ ശ്രീ ഗോകുലം മൂവീസും. ഈ വർഷം ഒക്ടോബറിൽ ലിയോ തിയേറ്ററുകളിലെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]