എം.ടി. വാസുദേവൻനായർ തിരക്കഥയെഴുതിയ ഒൻപത് ചെറുസിനിമകളുടെ സമാഹാരമായ ‘മനോരഥങ്ങൾ’ ഓഗസ്റ്റ് 15-ന് പ്രേക്ഷകർക്ക് മുന്നിലേക്കെത്തിച്ചുകൊണ്ട് മലയാളസിനിമയിൽ സാന്നിധ്യം ശക്തമാക്കാനൊരുങ്ങുകയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമായ ‘സി 5’ (ZEE 5). കൂടുതൽ മലയാള സിനിമകളെടുക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന്
സി 5-ന്റെ ചീഫ് ബിസിനസ് ഓഫീസർ മനീഷ് കൽറ വ്യക്തമാക്കി.
അടുത്തവർഷത്തേക്ക് എട്ടുസിനിമകളെങ്കിലും എടുക്കാനാണ് പദ്ധതി. മലയാളത്തിലെ നല്ല അഭിനേതാക്കളുടെ നല്ല സിനിമകൾ പ്ലാറ്റ്ഫോമിലെത്തിക്കാനാണ് ശ്രമം.
‘മനോരഥങ്ങളി’ലേക്ക് ആകർഷിച്ചതെന്താണ്?
സാധാരണക്കാരോട് ചേർന്നുനിൽക്കുന്ന നല്ല കഥയുള്ള സിനിമകൾ നൽകാനാണ് ശ്രമം. അവ കുടുംബപ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകണം എന്നുകൂടി ആഗ്രഹിക്കുന്നു. മലയാളത്തിലെ മുൻനിര സംവിധായകരും അഭിനേതാക്കളും എം.ടി. സാറിന്റെ തിരക്കഥയിൽ ഒരുമിക്കുന്നു എന്നതുതന്നെയാണ് ‘മനോരഥ’ങ്ങളുടെ ഏറ്റവും വലിയ മൂല്യം. അതൊരു മാസ്റ്റർപീസായി ഞങ്ങൾ കാണുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും നഷ്ടപ്പെടുത്തരുത് എന്നും ആഗ്രഹിച്ചു. മലയാളം കോണ്ടന്റുകൾ ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു മേഖലയാണ്. അതിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താനാണ് നോക്കുന്നത്.
ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഇപ്പോൾ സിനിമകൾ വാങ്ങുന്നത് ചെറിയ തുകയ്ക്കാണ് എന്നാണ് നിർമാതാക്കൾ പറയുന്നത്?
ഞങ്ങൾ നല്ലതുകതന്നെ നൽകാറുണ്ട്. പല സിനിമകളും ഒ.ടി.ടി. അവകാശം വിറ്റുകിട്ടിയ തുകയിൽനിന്ന് മുടക്കുമുതൽ നേടിയിട്ടുമുണ്ട്. ഞങ്ങൾ എല്ലാവർക്കുമായി വാതിൽ തുറന്നിട്ടിരിക്കുകയാണ്. തീർച്ചയായും ഞങ്ങളുടെ ബാലൻസ് ഷീറ്റും നിർമാതാക്കളുടെ ലാഭവും തമ്മിൽ പൊരുത്തപ്പെടണമല്ലോ. നല്ല കോണ്ടന്റും നല്ല അഭിനേതാക്കളുമുള്ള സിനിമയ്ക്ക് നല്ലതുക തന്നെ നൽകും.
ബിഗ് ബജറ്റ് സിനിമകൾക്കോ ചെറിയ ബജറ്റിലുള്ള സിനിമകൾക്കോ പ്രാധാന്യം?
രണ്ടും ചേർന്നുള്ള പാക്കേജാണ് ഉദ്ദേശിക്കുന്നത്. ഏത് കോണ്ടന്റ് സ്വീകരിക്കണം എന്ന് ആത്യന്തികമായി പ്രേക്ഷകനാണ് തീരുമാനിക്കുന്നത്.
ജോണറുകളിൽ ഏതിനാണ് മുൻഗണന?
ത്രില്ലർ, ഫീൽഗുഡ്, കോമഡി ജോണറുകളെല്ലാം നന്നായി സ്വീകരിക്കപ്പെടുന്നു എന്നാണ് പ്രതികരണങ്ങളിൽനിന്ന് മനസ്സിലാകുന്നത്. എങ്കിലും മലയാളികൾക്ക് ത്രില്ലറുകളോട് എന്തോ പ്രത്യേക ഇഷ്ടമുണ്ടെന്ന് തോന്നുന്നു. ഞങ്ങളുടെ പ്രേക്ഷകരിലും ആ ഒരു അഭിരുചി കാണുന്നു. ‘പാപ്പൻ’
സി 5-ൽ നന്നായി സ്വീകരിക്കപ്പെട്ട സിനിമയാണ്. പക്ഷേ, ത്രില്ലറുകളിൽ മാത്രമൊതുങ്ങാനും ആഗ്രഹിക്കുന്നില്ല.
കോണ്ടന്റോ താരമോ? ഏതാണ് മുഖ്യം?
തീർച്ചയായും കോണ്ടന്റ് തന്നെ. ആദ്യം പ്ലോട്ടാണ് നോക്കുക. അതിനുശേഷം ആര് അഭിനയിക്കുന്നു എന്നതും. നല്ല കോണ്ടന്റിൽ നല്ല അഭിനേതാക്കൾ കൂടിയാകുമ്പോൾ അത് നന്നായി സ്വീകരിക്കപ്പെടും.
മുൻനിര താരങ്ങളല്ലാത്തവർ പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ഒരുപാട് നല്ലസിനിമകൾ ഇപ്പോൾ മലയാളത്തിലിറങ്ങുന്നുണ്ട്. അവയോടുള്ള സമീപനം?
അഭിനയിച്ച നടൻ ആ കഥാപാത്രത്തോട് എത്രത്തോളം നീതിപുലർത്തിയിട്ടുണ്ട് എന്നതുനോക്കി തീരുമാനമെടുക്കും. അതിന് സാധിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും വിലമതിക്കും. പക്ഷേ, താരമൂല്യം എന്നത് തീർച്ചയായും പ്രധാനപ്പെട്ട ഒന്നാണ്. തഴക്കവും പഴക്കവുമുള്ള താരം അഭിനയിച്ച സിനിമയുടെ കോണ്ടന്റിന് പലവിധത്തിൽ പിന്തുണകിട്ടും. ആ താരത്തിന്റെ ആരാധകരുടെ ഉൾപ്പെടെ. ഈ രണ്ടും തമ്മിലുള്ള സന്തുലനം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം.
സിനിമകളെടുക്കുമ്പോൾ ബോക്സ് ഓഫീസ് വിജയം മാനദണ്ഡമാക്കാറുണ്ടോ?
ചില സിനിമകൾ റിലീസിന് മുൻപേ കരാറാകും. ‘ആർ.ആർ.ആർ’, ‘ഹനുമാൻ’ എന്നിവ ഉദാഹരണം. തിയേറ്ററിൽ അവ വലിയ വിജയമായി. പക്ഷേ, മുൻപേ കരാറാക്കിയിരുന്നതിന്റെ പ്രയോജനം ഞങ്ങൾക്ക് കിട്ടി. ബോക്സ് ഓഫീസ് വിജയത്തിന് അനുസൃതമായ തുക നൽകേണ്ടിവന്നില്ല. ഇങ്ങനെ മുൻകൂർ കരാറുറപ്പിക്കാത്ത സിനിമകളുടെ ബോക്സ് ഓഫീസ് പ്രകടനം തീർച്ചയായും നോക്കും. തിയേറ്റർ വിജയമെങ്കിൽ നല്ലതുക തന്നെ നൽകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]