
സ്റ്റൈലിഷ് ലുക്കും വ്യത്യസ്ത വേഷവിധാനവും. നടികറിലെ സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലെന്ന ടൊവിനോ തോമസിന്റെ കഥാപാത്രത്തെ പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിച്ചിരിക്കുന്നു. ഒരിടവേളയ്ക്കുശേഷം ലാൽ ജൂനിയർ സംവിധായകനായി മടങ്ങിയെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഗോഡ് സ്പീഡ്, മൈത്രി മൂവിമേക്കേഴ്സ് എന്നിവരുടെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവർ നിർമിച്ച ചിത്രം വിശാലമായ കാൻവാസിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയെക്കുറിച്ച് ടൊവിനോ തോമസ് സംസാരിക്കുന്നു.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ചിത്രങ്ങൾ മലയാളത്തിൽ ഒട്ടേറെ വന്നുപോയിട്ടുണ്ട്. എന്താണ് അവയിൽനിന്നെല്ലാം നടികറിനെ വ്യത്യസ്തമാക്കുന്നത്.
കഥപറയുന്ന രീതിതന്നെ. സോഷ്യൽമീഡിയയിലും ഗൂഗിളിലുമൊന്നും പ്രേക്ഷകന് കാണാൻ കഴിയാത്ത ജീവിതം ഒരു നടനുണ്ടാകും. അയാൾ ഒറ്റയ്ക്കിരിക്കുമ്പോഴും സുഹൃത്തുക്കളുടെ ഒപ്പം ആകുമ്പോഴും അയാളുടെ ആകുലതകളും ചിന്തകളുമൊക്കെ എന്താണ്, പുറത്തുകാണുന്ന ഒരു ചിരിക്കുന്ന മുഖം തന്നെയാണ് അയാൾക്കുള്ളത് എന്നൊക്കെയാണ് ഈ സിനിമ ചർച്ചചെയ്യുന്നത്. ഫിക്ഷണൽ കഥാപാത്രമാണെങ്കിലും കഥാപാത്രത്തിന്റെ വികാരങ്ങളെല്ലാം റിയലിസ്റ്റിക് ആയാണ് കാണിച്ചിട്ടുള്ളത്.
ടൊവിനോ ചെയ്തുവെച്ച പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചവയാണ്. ഡേവിഡ് പടിക്കലിനെ ഈ കഥാപാത്രങ്ങളിൽനിന്നെല്ലാം വേറിട്ടുനിർത്തുന്നത് എന്തായിരിക്കും
ഒരു ഗതികെട്ട സൂപ്പർസ്റ്റാറിന്റെ കരളലിയിപ്പിക്കുന്ന കദനകഥ ഹാസ്യത്തിന്റെ മേമ്പൊടിയിൽ പറഞ്ഞിരിക്കുന്നു എന്നാണ് ഞാൻ ഈ സിനിമയ്ക്ക് പറയുന്ന ടാഗ് ലൈൻ. ഹ്യൂമറിന് പ്രാധാന്യമുള്ള ഇമോഷണലി നമ്മളെയെല്ലാം ടച്ച് ചെയ്യുന്ന ഒരു കഥാപാത്രമാണ്. പടത്തിന്റെ ട്രീറ്റ്മെന്റ് തന്നെ വ്യത്യസ്തമാണ്. നാടകം, സിനിമയ്ക്കുള്ളിലെ സിനിമ തുടങ്ങിയ സങ്കേതങ്ങളെല്ലാം നടികറിൽ ഉപയോഗിച്ചിട്ടുണ്ട്. അവയെല്ലാം പ്രേക്ഷകർക്ക് ഒരു ഫ്രഷ് ഫീൽ നൽകുമെന്നാണ് പ്രതീക്ഷ.
തല്ലുമാലയ്ക്കുശേഷം ടൊവിനോയുടെ ഒരു കളർഫുൾ എന്റർടെയ്നർ എന്നാണ് ലഭിക്കുന്ന കമന്റ്സ്
തല്ലുമാലയിലെ നിറങ്ങളുമായി മാത്രമേ നടികറിന് സാമ്യമുണ്ടാവുകയുള്ളൂ. വികാരങ്ങളും സാഹചര്യങ്ങളുമെല്ലാം വേറെയാണ്. തല്ലുമാലയിൽ ഖാലിദ് റഹ്മാൻ കഥപറയാൻ ഉപയോഗിച്ച രീതികളിൽനിന്ന് വ്യത്യസ്തമായാണ് ജീൻ പോൾ ലാൽ നടികർ ഒരുക്കിയിരിക്കുന്നത്. തല്ലുമാല എനിക്ക് വളരെ പ്രിയപ്പെട്ട സിനിമയാണ്. അതുമായി താരതമ്യപ്പെടുത്തുന്നത് സന്തോഷമുള്ള കാര്യംകൂടെയാണ്. എന്നാൽ അതുപോലൊരു സിനിമയല്ല ഇതെന്ന് സിനിമകാണുന്നവർക്ക് മനസ്സിലാകും, സൗഹൃദവലയത്തിലുള്ളവരാണ് ഈ സിനിമയിലുള്ളവരെല്ലാം. ആ സൗഹൃദം നടികർ എന്ന സിനിമയ്ക്ക് ഗുണകരമാകുന്നത് എങ്ങനെയാണ്. പരിചയമുള്ള ആൾക്കാരുടെ കൂടെ ജോലിചെയ്യുമ്പോൾ ചില കാര്യങ്ങൾ വ്യക്തമായി പറയണമെന്ന് പോലുമില്ല. മുഖം കാണുമ്പോൾ. ഞാൻ എന്താണോ ഉദ്ദേശിച്ചത് അത് അതേരീതിയിൽ അവർക്കും മനസ്സിലാകും. സഹ അഭിനേതാവ് കൂടെനിൽക്കുമ്പോഴാണ് നമ്മുടെ പ്രകടനം നമുക്ക് മെച്ചപ്പെടുത്താനാവുക. അതിനൊക്കെ ഈ സൗഹൃദങ്ങൾ സഹായകമാണ്. നടികറിന്റെ സെറ്റിൽ മൊത്തം ക്ര്യൂവിന്റെ വേവ്ലെങ്ത്ത് ഒരുപോലെയായിരുന്നിരിക്കാം. അതുകൊണ്ട് തന്നെ എല്ലാവരും തമ്മിൽ സൗഹൃദം ഉണ്ടാവാനുള്ള സാഹചര്യവും അവിടെ ഉണ്ടായിരുന്നു.
സിനിമയിലെ ടൊവിയുടെ ആദ്യനായികയ്ക്കൊപ്പം വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നു. ഭാവനയുടെ ഒപ്പമുള്ള കെമിസ്ട്രി
ഭാവന സിനിമയിലെത്തി 12 വർഷമെങ്കിലും കഴിഞ്ഞിട്ടാണ് ഞാൻ സിനിമയിലെത്തിയത്. ഞാൻ താരതമ്യേന പുതിയ ആളായിരുന്നിട്ടും വളരെ സ്നേഹത്തോടെയാണ് അന്ന് പെരുമാറിയിട്ടുള്ളത്. അന്നും ഭയങ്കര സ്വീറ്റ് ആയിരുന്നു ഭാവന, ഇന്നും ഭയങ്കര സ്വീറ്റാണ്.
തുടരെ മികച്ചവിജയങ്ങൾ. മലയാളസിനിമയുടെ നല്ല കാലത്തിലൂടെയാണ് നമ്മളിപ്പോൾ കടന്നുപോകുന്നത്. എല്ലാ സിനിമകളും കോടി ക്ലബ്ബിൽ. നടികറിനെ പ്രേക്ഷകർ എവിടെയായിരിക്കും അടയാളപ്പെടുത്തുന്നത്. നമ്മൾ ഉദ്ദേശിച്ച അർഥത്തിൽ എല്ലാ ആളുകൾക്കും സിനിമ മനസ്സിലാവുകയും ആസ്വദിക്കാൻ സാധിക്കുകയും ചെയ്യണം എന്നത് മാത്രമാണ് എന്റെ ആഗ്രഹം. അതിനപ്പുറം ഇതിന്റെ ബിസിനസിനെപ്പറ്റി അധികം ആലോചിക്കുന്ന ആളല്ല ഞാൻ. നിർമാതാവിന് നഷ്ടം വരരുത് എന്ന കാര്യത്തിൽ എനിക്ക് നിർബന്ധമുണ്ട്. അതിനുവേണ്ട എല്ലാ സഹകരണങ്ങളും എന്റെഭാഗത്തുനിന്ന് ചെയ്യാറുമുണ്ട്. സിനിമ ഇത്രകോടി നേടണം എന്നൊന്നും ചിന്തിക്കാറില്ല.
അജയന്റെ രണ്ടാംമോഷണം, ഐഡന്റിറ്റി, എമ്പുരാൻ… പുതിയ വിശേഷങ്ങൾ
അജയന്റെ രണ്ടാംമോഷണം മിക്കവാറും ഈ ഓണത്തിന് റിലീസ് ഉണ്ടാകും. പോസ്റ്റ് പ്രൊഡക്ഷൻ വളരെ നല്ലരീതിയിൽ നടക്കുന്നുണ്ട്. െഎഡന്റിറ്റിയുടെ ഷൂട്ട് 99 ദിവസത്തോളം കഴിഞ്ഞു. ഇനി ഒരു ഇരുപത് ദിവസത്തോളം ഷൂട്ട് ബാക്കിയുണ്ട്. നടികറിന്റെ തിരക്ക് കഴിഞ്ഞാൽ അടുത്തത് അതിലേക്കാണ്. എമ്പുരാനിൽ എനിക്ക് മൂന്നുദിവസത്തെ ഷൂട്ട് കഴിഞ്ഞു. ഇനിയും ബാക്കിയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]