
ബെംഗളൂരു: തിയേറ്ററുകളിലെ കഴുത്തറുക്കുന്ന ടിക്കറ്റ് നിരക്കിന് കടിഞ്ഞാണിടാന്‍ കര്‍ണാടക സര്‍ക്കാര്‍. സിനിമാ ടിക്കറ്റിന് പരമാവധി 200 രൂപ മാത്രമായി സര്‍ക്കാര്‍ നിജപ്പെടുത്തി. സംസ്ഥാനത്തെ മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകള്‍ക്കും ഇത് ബാധകമാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ധനകാര്യവകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്.
കന്നഡ ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാനായി പുതിയ ഒ.ടി.ടി. പ്ലാറ്റ്ഫോം കൊണ്ടുവരുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. തങ്ങളുടെ കന്നഡ ചിത്രങ്ങള്‍ക്കും സീരീസുകള്‍ക്കും ഒ.ടി.ടി. പ്ലാറ്റ്ഫോമുകളില്‍ ഇടം കിട്ടാനുള്ള ബുദ്ധിമുട്ട് അടുത്തിടെ കന്നഡ നടന്മാരും നിര്‍മ്മാതാക്കളുമായ റിഷഭ് ഷെട്ടിയും ചൂണ്ടിക്കാട്ടിയിരുന്നു. രക്ഷിത് ഷെട്ടിയുടെ പ്രൊഡക്ഷന്‍ കമ്പനിയായ പരംവാഹ് സ്റ്റുഡിയോയുടെ ഏകം എന്ന വെബ് സീരീസിന് ഒ.ടി.ടി. പ്ലാറ്റഫോമുകള്‍ കിട്ടാതിരുന്നതിനെ തുടര്‍ന്ന് പ്രത്യേക വെബ്സൈറ്റ് ഉണ്ടാക്കി അതിലാണ് സ്ട്രീം ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയിലായിരുന്നു ഇത്.
മൈസൂരുവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫിലിം സിറ്റി സ്ഥാപിക്കാനായി 150 ഏക്കര്‍ ഭൂമി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന് കൈമാറിയെന്ന് സിദ്ധരാമയ്യ അറിയിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പി.പി.പി. മോഡല്‍) 500 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചുകൊണ്ടാണ് ഫിലിം സിറ്റി നിര്‍മ്മിക്കുക.
കര്‍ണാടകയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കന്നഡ ചലച്ചിത്രങ്ങള്‍ സംരക്ഷിക്കാനായി മൂന്ന് കോടി രൂപയും ബജറ്റ് വകയിരുത്തി. ഡിജിറ്റല്‍ രൂപത്തിലും അല്ലാതെയും ഈ സിനിമകള്‍ സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്.
കന്നഡ സിനിമാ മേഖലയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതുവഴി വ്യവസായ നയത്തിനുകീഴിലുള്ള സൗകര്യങ്ങള്‍ സിനിമകള്‍ക്ക് ലഭ്യമാക്കും. സാന്‍ഡല്‍വുഡില്‍ നിന്നുയര്‍ന്ന നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. കൂടാതെ പി.പി.പി. മോഡലില്‍ നന്ദിനി ലേ ഔട്ടിലെ കര്‍ണാടക ചലച്ചിത്ര അക്കാദമിയുടെ രണ്ടര ഏക്കര്‍ ഭൂമിയില്‍ മള്‍ട്ടിപ്ലക്സ് സിനിമാ തിയേറ്റര്‍ കോംപ്ലക്സ് നിര്‍മ്മിക്കുമെന്നും പ്രഖ്യാപനമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]