
മെമെന്റോ, ബാറ്റ്മാന് ത്രയം, പ്രെസ്റ്റീജ്, ഇന്സെപ്ഷന്, ഇന്റര്‍സ്റ്റെല്ലാര്‍, ഓപ്പണ്‍ഹൈമര്‍… വിഖ്യാത ഹോളീവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളന്റെ അടുത്ത സിനിമയേത് എന്നത് ഒരു ചോദ്യം തന്നെയായിരുന്നു. അതിന് മറുപടിയായിരിക്കുകയാണ്. പക്ഷെ, പുതിയ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിക്കുക തന്നെ ചെയ്തു. കാരണം നോളന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവുമെന്ന് പ്രതിക്ഷിക്കാത്ത സിനിമയാണ് അദ്ദേഹം അനൗണ്‍സ് ചെയ്തിരിക്കുന്നത്. ഒഡീസി. ഗ്രീക്ക് ഇതിഹാസകാരനായ ഹോമറിന്റെ ഇതിഹാസ കാവ്യങ്ങളിലൊന്ന്. സി.ജി.ഐ (Computer-Generated Imagery) യോട് തനിക്ക് വലിയ താല്പര്യമില്ലെന്ന് പ്രഖ്യാപിച്ച സംവിധായകനാണ് നോളന്. സാങ്കേതികവിദ്യയുടെ വിസ്ഫോടനകാലത്തും ഡിജിറ്റല്‍ ക്യമാറകൾ ഉപയോഗിക്കാതെ ഐമാക്സ് ടെക്നോളജിയുടെ പുറകെപ്പോയ സംവിധായകന്. എത്ര സങ്കീര്‍ണമായ വിഷയങ്ങളിലും യുക്തിപരമായ വിശദീകരണങ്ങള്‍ വിലയിരുത്തുന്നവയാണ് പൊതുവെ അദ്ദേഹത്തിന്റെ സിനിമകള്‍. അങ്ങനെയൊരാള്‍ ലോകത്തിലേറ്റവും പ്രിയപ്പെട്ടൊരു ക്ലാസിക് കാവ്യം ഓരു ഫാന്റസി ഫിക്ഷന്‍ സിനിമയായി 2025-ല്‍ ദൃശ്യവത്കരിക്കുമ്പോള്‍ അത് എങ്ങനെയായിരിക്കുമെന്നോര്‍ത്ത് ആവേശഭരിതരാവുകയാണ് നോളന് ഫാന്‍സ്.
എന്താണ് ഒഡീസി?
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇതിഹാസങ്ങളിലൊന്നാണ് ഒഡീസി. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണമുദ്ര പതിഞ്ഞ ക്ലാസിക്ക്. ഒഡീസിയസ് അഥവാ യുളീസസ് എന്നറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനാണ് കേന്ദ്ര കഥാപാത്രം. ട്രോജന്‍ യുദ്ധത്തിന് ശേഷം ഇഥാക്കയിലെ രാജാവായ ഒഡീസിയസിന്റെ മടക്കയാത്രയാണ് ‘ഒഡീസി’യുടെ മുഖ്യപ്രമേയം. ട്രോയ്യുടെ പതനത്തിന് ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് വീണ്ടും പത്ത് വര്‍ഷത്തിലേറെ കഴിയേണ്ടി വന്നു. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഗ്രീക്ക് യുദ്ധം ഒഡീസിയസിന്റെ ബുദ്ധിയിലാണ് വിജയത്തിലേക്കെത്തുന്നത്. പക്ഷെ, അഥീനയുടെ ശാപത്തില്‍ ഗ്രീക്ക് സൈന്യത്തിന്റെ മടക്കയാത്ര ദുഷ്കരമാകുന്നു. കടല്‍ക്ഷോഭത്തില്‍ കൂടെയുള്ളവരെല്ലാം മരിച്ചെങ്കിലും ഒഡീസിയസ് രക്ഷപ്പടുന്നു. മടക്കയാത്രയില്‍ ഒഡീസിയസിനെ കാത്തിരുന്നത് ദുരിതപര്വങ്ങളായിരുന്നു. ഒഡീസിയസിന്റെ ദീര്‍ഘവും ദുര്‍ഘടം പിടിച്ചതുമായ മടക്കയാത്രയും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ഇഥാക്കയില്‍ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് ‘ദ ഒഡീസി’യുടെ ഇതിവൃത്തം. മനുഷ്യന്റെ ഇച്ഛയും ദൈവിക കല്‍പ്പനയും തമ്മിലുള്ള പോരാട്ടമാണ് ഈ കൃതിയുടെ അടിസ്ഥാനം.
ആദ്യമായിട്ടല്ല ഹോമറിന്റെ ഒഡീസി ചലച്ചിത്രമാവുന്നത്. 1954-ല്‍ പുറത്തിറങ്ങിയ യുളിസസ് എന്ന സിനിമയാണ് ഒഡീസി ആധാരമാക്കി പുറത്തിറങ്ങിയ ആദ്യത്തെ ചിത്രം. പിന്നീട് ദി ഒഡീസി എന്ന പേരില്‍ തന്നെ 1997-ല്‍ മറ്റൊരു ചിത്രവും പുറത്തിറങ്ങി. 2000-ല്‍ പുറത്തിറങ്ങിയ O Brother, Where Art Thou?, പസോളിനിയുടെ The Return (2024) എന്നിവയും ഒഡീസിയില്‍ നിന്ന് സ്വാധീനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമകളാണ്. 2004-ല്‍ പുറത്തിറങ്ങിയ ‘ട്രോയി’യില്‍ ട്രോജന്‍ വാറും ഒഡീസിയസുമെല്ലാം വരുന്നുണ്ട്. ഇതിന് പുറമെ നിരവധി സീരിസുകളും അനിമേഷന്‍ സിനിമകളും ഒഡീസി ആധാരമാക്കി പുറത്തിറങ്ങിയിട്ടുണ്ട്.
നോളന്റെ ഒഡീസി
യൂണിവേഴ്സല്‍ പിക്ചേഴ്സിന്റെ ബാനറില്‍ ബ്രഹ്മാണ്ഡ ബജറ്റിലായിരിക്കും ഈ നോളന് ചിത്രവും ഒരുങ്ങുക. ഒഡീസിസിന്റെ മടക്കയാത്രയിലെ സംഘര്‍ഷങ്ങളും യുദ്ധങ്ങളുമെല്ലാം ഉള്‍കൊള്ളുന്നതാകും ചിത്രം. ഡിജിറ്റല്‍ ക്യാമറയ്ക്ക് പകരം ഐമാക്സ് ടെക്നോളജിയിലായിരിക്കും ഈ സിനിമയും ചിത്രീകരിക്കുക. ഒഡീസിസിന്റെ യാത്ര നിരവധി രാഷ്ട്രങ്ങള്‍ താണ്ടിയായതിനാല് തന്നെ വിവിധ രാജ്യങ്ങളിലെ വിവിധ ഭൂപ്രകൃതിയിലായിരിക്കും ചിത്രീകരണം. മിത്തിക്ക് ആക്ഷന്‍ എപ്പിക് ഴോണറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മാറ്റ് ഡാമണാണ് ഒഡീസിയസായി എത്തുന്നത്. നോളന്റെ സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് മാറ്റ് ഡാമന്‍. മാറ്റ് ഡാമനെ കൂടാതെ ടോം ഹോളണ്ട്, സെന്‍ഡയ, റോബര്‍ട്ട് പാറ്റിന്സണ്, ചാർളി തെറോണ്‍, ഹിമേഷ് പട്ടേല്‍, സമാന്ത മോര്‍ടണ്‍ തുടങ്ങി ഹോളിവുഡിലെ വന്‍താരനിരയും ചിത്രത്തിന്റെ ഭാഗമാവുമെന്നാണ് വിവരം. ഒഡീസിയസായുള്ള മാറ്റ് ഡാമന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നതോടെ ആവേശത്തിലാണ് നോളന് ഫാന്‍സ്. ‘മാര്‍ഷ്യനി’ലും ‘ഇന്റര്‍സ്റ്റെല്ലാറി’ലും ‘ഓപ്പണ്‍ഹൈമറി’ലുമെന്നപോലെ ഒഡീസിയസിനെയും മാറ്റ് അനശ്വരമാക്കുമെന്നാണ് ഹോളിവുഡിന്റെ പ്രതീക്ഷ.
ഓപ്പണ്‍ഹൈമര്‍, ഇന്റര്‍സ്റ്റെല്ലാര്‍ പോലുള്ള സിനിമകളില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച ഹന്‍സ് സിമ്മറിനെ പോലുള്ള പിന്നണി പ്രവര്‍ത്തകര്‍ ഒഡീസിയിലുമെത്തും. നോളന്റെ വിവിധ ഴോണറിലുള്ള ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഒരു ഇതിഹാസ കാവ്യം സിനിമയായി ചിത്രീകരിക്കുന്നത് കാണാനുള്ള അപൂര്‍വ അവസരമാണ് വന്നിരിക്കുന്നത്. സങ്കീര്‍ണമായ വിഷയങ്ങള്‍ ചിത്രീകരിക്കുന്നതില്‍ അസാമാന്യ മികവ് തെളിയിച്ചിട്ടുള്ള നോളന് ഒഡീസിയിലെ ഗ്രീക്ക് ദേവതകളെയും ആറ് തലയുള്ള കടല്ചെകുത്താന്മാരയും ഒറ്റക്കണ്ണന്‍ പോളിഫെമിസിനെയും നരഭോജികളുടെ ദ്വീപും അഭൗമ ഗായകരുടെ ദ്വീപും പോലുള്ള വിസ്മയങ്ങളും ചിത്രീകരിക്കുന്നത് എങ്ങനെയായിരിക്കുമെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
‘ഓപ്പണ്‍ഹൈമറി’ലെ സ്ഫോടന രംഗങ്ങളെല്ലാം സി.ജി.ഐ ഹെവിയല്ലാതെ ചിത്രീകരിച്ചയാളാണ് എന്നത് കൂടെ ചേര്‍ത്ത് വായിക്കണം. അതോടൊപ്പം ഒറ്റ സിനിമയില്‍ ഒഡീസി എങ്ങനെ ചിത്രീകരിക്കും എന്നാണ് പലരും ചോദിക്കുന്ന മറ്റൊരു ചോദ്യം. കാരണം പത്ത് വര്‍ഷത്തിലേറെയുള്ള സംഭവബഹുലമായ യാത്ര ഒരു സിനിമയായി ചിത്രീകരിക്കുക അസാധ്യമെന്നാണ് പലരും കരുതുന്നത്. പക്ഷെ, ‘ഇന്റര്‍സ്റ്റെല്ലാറി’ലും ‘മെമന്റോ’യിലുമെല്ലാം കാലം എന്ന സങ്കല്‍പ്പത്തെ കീഴ്പ്പെടുത്തിയ ക്രിസ്റ്റഫര്‍ നോളനാണ് ഈ സിനിമയെടുക്കുന്നതെന്ന് മറക്കരുതെന്നാണ് നോളന് ഫാന്‍സിന്റെ മറുപടി.
നോളനും എമ്മ തോമസും
നോളന് യൂണിവേഴ്സ്
ഇന്ന് ജീവിച്ചിരിക്കുന്നതില്‍ മികച്ച സിനിമ സംവിധായകരിലൊരാളായി പരിഗണിക്കപ്പെടുന്ന ക്രിസ്റ്റഫര്‍ നോളന് ഔദ്യോഗികമായി സിനിമ പഠിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഫിലിം സ്കൂളുകളില്‍ പോകാതെ, സിനിമ പഠിക്കാതെ, തന്നെ എല്ലാകാലത്തും വിസ്മയിപ്പിച്ച സിനിമയിലേക്ക് നോളന് സ്വയം നടന്നടുക്കുകയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമ നോളനെ ആകര്‍ഷിച്ചിരുന്നു. സ്റ്റാര്‍ വാര്‍സ്, സ്പേസ് ഒഡീസി എന്നീ സിനിമകളാണ് കളര്‍ ബ്ലൈന്ഡ്നസുള്ള ആ കുട്ടിയെ സിനിമയെന്ന മഹാത്ഭുതത്തിലേക്ക് സ്വാധീനിച്ചത്. ഏഴാം വയസ്സില്‍ പിതാവില്‍നിന്ന് ലഭിച്ച ഒരു സൂപ്പര്‍ 8 ക്യാമറ ഉപയോഗിച്ചാണ് അദ്ദേഹം സിനിമ നിര്‍മ്മാണത്തിന്റെ ബാലപാഠനങ്ങള് പഠിച്ചത്. സഹോദരനായ ജൊനാഥനായിരുന്നു ആ കുട്ടിസിനിമകളിലെ സ്ഥിരം നായകന്.
1997-ല്‍ നോളന് സൃഷ്ടിച്ച ഒരു കുഞ്ഞുസിനിമയായിരുന്നു ഡൂഡില്‍ബഗ്ഗ്. വെറും മൂന്ന് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷോര്‍ട്ട് ഫിലിം നോളന് എന്ന പ്രതിഭാശാലിയായ സിനിമാക്കാരനെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. 1998-ലാണ് നോളന് ആദ്യത്തെ ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കുന്നത്. സിനിമ വ്യവസായവുമായോ സിനിമ കമ്പനികളുമായോ ബന്ധമില്ലാതിരുന്ന അദ്ദേഹം സ്വയം പണം മുടക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഫോളോയിങ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. നോളന് തന്നെ എഴുതി സംവിധാനവും ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് ആറായിരം ഡോളറായിരുന്നു. ഈ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും വലിയ നിരൂപക പ്രശംസ നേടുകയും ചെയ്തു. ഈ ചിത്രത്തിന്റെ വിജയം അദ്ദേഹത്തിന് അടുത്ത ചിത്രത്തിനായുള്ള ആത്മവിശ്വാസവും ബന്ധങ്ങളും നേടിക്കൊടുത്തു.
രണ്ടാമത്തെ ചിത്രമായിരുന്നു ഇന്ന് അറിയപ്പെടുന്ന നോളനെ സൃഷ്ടിക്കുന്നതിനുള്ള അടിത്തറ പാകിയത്. മെമന്റോ. സഹോദരന് ജൊനാഥന് നോളന്റെ കഥയായിരുന്നു സിനിമയായി മാറ്റിയത്. തന്റെ ഭാര്യയുടെ കൊലയാളിയെ തേടി ഷോര്‍ട്ട് ടേം മെമ്മറി ലോസുള്ള ഒരാള്‍ നടത്തുന്ന യാത്രയാണ് സിനിമ. എന്നാല്‍, മറ്റൊരു ഹോളിവുഡ് പ്രതികാരകഥ പ്രതീക്ഷിച്ച് തിയേറ്ററില്‍ പോയ പ്രേക്ഷകര്‍ കണ്ടത് ഇന്നേവരെ കണ്ടിട്ടില്ലാത്ത സിനിമാ അനുഭവമാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റും കളറും ഇടകലര്‍ത്തി റിവേഴ്സ് ക്രൊണോളജിക്കര് ഓര്‍ഡറില്‍ ചിത്രീകരിച്ച വിചിത്രമായ സിനിമ. ക്ലൈമാക്സില്‍നിന്ന് തുടങ്ങി പുറകോട്ട് വികസിക്കുന്ന ആ സിനിമ കണ്ട് ലോകം വിസ്മയിച്ചു. വന്‍ ഹിറ്റായി മാറിയ ‘മെമന്റോ നോളനെ ലോകസിനിമയുടെ ഉയരങ്ങളിലേക്ക് എത്തിച്ചു. തുടര്‍ന്നിങ്ങോട്ട് ബാറ്റ്മാന് ത്രയങ്ങളും ഇന്റര്‍സ്റ്റെല്ലാറും ഓപ്പണ്‍ഹൈമറും ഉള്‍പ്പടെ 13 ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ തിയേറ്ററുകളില്‍നിന്ന് നേടിയത് 4 ബില്യണിലേറെ ഡോളറാണ്.
എല്ലാ സിനിമകളിലും സമയവും കാലവുമായിരുന്നു നോളന്റെ പ്രധാന വേട്ടമൃഗങ്ങള്‍. സമയം, കാലം എന്നീ സങ്കല്‍പ്പങ്ങളുടെ സാധ്യതകളെ ഇത്രത്തോളം ഉപയോഗപ്പെടുത്തിയ മറ്റൊരു സംവിധായകനുണ്ടാകുമോ എന്ന് സംശയമാണ്. സിനിമയെന്നത് വെറും സമയംകൊല്ലി മാത്രമല്ലെന്നും സിനിമ കാണലും അല്പം ആയാസമുള്ള കാര്യമാണെന്നും അദ്ദേഹം തെളിയിച്ചു. ഴോണറുകളില്നിന്ന് ഴോണറുകളിലേക്ക് സഞ്ചരിച്ചും ഇന്നേവരെ കണ്ടിട്ടില്ലാത്ത അപൂര്‍വമായ ചിത്രീകരണ രീതികളിലൂടെയും നോളന് വിസ്മയങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സങ്കീര്‍ണമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത്, അതിലും സങ്കീര്‍ണമായ രീതിയില്‍ അത് ചിത്രീകരിച്ച്, അന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറ്റിയെടുക്കുക. പിന്നിട്ട സിനിമാചരിത്രത്തിൽ അത്തരമൊരു ഫിലിം മേക്കര്‍ നോളന് മാത്രമേയുള്ളു. ഒ.ടി.ടികളുടെ സുവര്‍ണകാലത്ത് സിനിമ തിയേറ്റര്‍ അനുഭവം തന്നെയാണെന്ന് വീണ്ടും വീണ്ടും പ്രഖ്യാപിക്കുകയാണ് നോളന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]