
ചെറിയ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കിലും ഇഴയടുപ്പത്തോടെ കഴിയുന്ന ഒരു കുടുംബം. അവരെ ഒഴിഞ്ഞുമാറാനാവാത്ത വിധം വരിഞ്ഞു മുറുക്കി ഒരു വലിയ പ്രശ്നം വന്നു ചേരുന്നു. അങ്ങനെയെങ്കില്‍ ആ കുടുംബത്തിന്റെ നിലനില്പ് എങ്ങനെയാവും? പഴയ ഇഴടയുപ്പം അവര്‍ക്കിടയില്‍ ഉണ്ടാകുമോ? ആരെല്ലാം കൂടെ നില്ക്കും ആരെല്ലാം വിട്ടു പോവും? ഈ ചോദ്യങ്ങള്‍ കൈകാര്യം ചെയ്യുകയാണ് നവാഗതനായ ശരത് ചന്ദ്രന് സംവിധാനം ചെയ്ത ഔസേപ്പിന്റെ ഒസ്യത്ത് എന്ന ചിത്രം.
കിഴക്കന്‍മലമുകളില്‍ വന്യമൃഗങ്ങളോടും പ്രതികൂലസാഹചര്യങ്ങളോടും മല്ലിട്ട് നേടിയെടുത്ത സമ്പത്തിന്റെ ഉടമയും എണ്‍പതുകാരനുമായ ഔസേപ്പിന്റേയും മൂന്നാണ്മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. ഒസ്യത്ത് ചിത്രത്തില്‍ ഗസ്റ്റ് റോള്‍ മാത്രമാണെന്ന് പറയാം. മൈക്കിള്‍, ജോര്‍ജ്, റോയ് എന്നിങ്ങനെ മൂന്ന് മക്കളാണ് ഔസേപ്പിന്. മൂത്തവനായ മൈക്കിള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. ജോര്‍ജ് ഒരു പോലീസുകാരനും. വനം വകുപ്പില്‍ വാച്ചറായി ചെറിയ ജോലി നോക്കുകയാണ് റോയ്. കണിശക്കാരനാണ് ഔസേപ്പ്. വിഭാര്യന്. പുറമേയ്ക്ക് കാണിക്കുന്നില്ലെങ്കിലും മക്കളെ സ്നേഹിക്കുന്ന പിതാവ്. തങ്ങളുടെ ജോലികള്‍ക്ക് പുറമേ ബിസിനസും ചെയ്യുന്നുണ്ട് മൈക്കിള്‍. ചേട്ടായിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജോര്‍ജ് ഇവിടെയും മൈക്കിളിനെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ ബിസിനസ് നഷ്ടങ്ങളാണ് ഇരുവര്‍ക്കും വരുത്തിയത്.
റോയ് നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. ക്വാറി പൂട്ടിക്കാനുള്പ്പടെ സമരം ചെയ്യുന്ന നാട്ടുകാര്‍ക്ക് പൂര്‍ണ പിന്തുണയുമായി റോയും കൂടെയുണ്ട്. ചേട്ടായിമാര്‍ക്കും റോയ് ഏറെ പ്രിയങ്കരന്‍ തന്നെ. എങ്കിലും കൃത്യമായ ജോലി ഇല്ലാത്തത് ഔസേപ്പിന് റോയിയോട് വിരോധത്തിന് കാരണമാണ്. അതുകൊണ്ടാണ് ഒരാവശ്യത്തിന് അഞ്ച് ലക്ഷം രൂപ റോയ് ചോദിക്കുമ്പോള്‍ സൗകര്യമില്ലെന്ന് ഔസേപ്പ് തറപ്പിച്ച് പറയുന്നത്. തകര്‍ച്ചയിലെത്തിയ ബിസിനസിന്റെ ആവശ്യത്തിനായി മൈക്കിളും ജോര്‍ജും ഔസേപ്പിനെ സമീപിക്കുന്നു. അന്നേ ദിവസം തന്നെ ഇവരുടെ ജീവിതം കീഴ്മേല്‍ മറിയുകയാണ്. തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് അവസാനം വരെ പ്രേക്ഷകനെ ആകാംക്ഷയോടെ പിടിച്ചിരുത്തുന്നത്.
കിഷ്കിന്ധാകാണ്ഡത്തിന് ശേഷം വയോധികനായ ഔസേപ്പ് എന്ന കഥാപാത്രമായി ഞെട്ടിപ്പിക്കുന്ന മേക്കോവറിലാണ് വിജയരാഘവന് എത്തുന്നത്. കര്‍ക്കശക്കാരനായ, മക്കള്‍ താനുണ്ടാക്കിയ സ്വത്ത് അന്യാധീനപ്പെട്ട് പോകാതെ സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന ഔസേപ്പില്‍ എവിടെയൊക്കെയോ അഞ്ഞൂറാന് മിന്നിമറിയുന്നുണ്ട്. അതുപിന്നെ അങ്ങനെയല്ലേ വരൂ. എന്‍.എന്‍.പിള്ള എന്ന ആ അച്ഛന്റെ മകനല്ലേ താന്‍ , എന്നായിരുന്നു ഇതിനെക്കുറിച്ച് വിജയരാഘവന് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്. അതുപോലെ തന്നെ തനിക്ക് അസൂയ തോന്നുന്ന കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ദിലീഷ് പോത്തനും ഷാജോണും അവതരിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അത് അക്ഷരം പ്രതി ശരിവയ്ക്കുന്ന പ്രകടനമായിരുന്നു മൈക്കിളായെത്തിയ ദിലീഷ് പോത്തനും ജോര്‍ജ് ആയെത്തിയ ഷാജോണും കാഴ്ച്ച വച്ചത്.
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നു പോകുമ്പോഴും തികച്ചും സാധാരണമായി പെരുമാറേണ്ട രണ്ട് കഥാപാത്രങ്ങളായി ഞെട്ടിച്ചു കളഞ്ഞു ഇരുവരും. ഷാജോണിന്റെ പോലീസ് കഥാപാത്രത്തിന്റെ ലുക്കില്‍ എവിടെയൊക്കെയോ ദൃശ്യത്തിലെ സഹദേവന് കടന്നു വരുന്നുണ്ടെങ്കിലും തീര്‍ത്തും വ്യത്യസ്തനായിരുന്നു ജോര്‍ജ്. റോയ് എന്ന കഥാപാത്രത്തിലൂടെ തിരിച്ചുവരവില്‍ പ്രേക്ഷകന്റെ സ്നേഹം നടിയെടുക്കും നടന് ഹേമന്ത് മേനോന്. ലെന, സെറിന്‍ ഷിഹാബ്, അഞ്ജലി, കനി കുസൃതി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ പ്രകടനങ്ങളും എടുത്ത് പറയേണ്ടതാണ്.
കുട്ടിക്കാനം, ഏലപ്പാറ, ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. അരവിന്ദ് കണ്ണാബിരന്റെ ഛായാഗ്രഹണം മലയോരഭംഗിയും കോടയും അതിഗംഭീരമായി പകര്‍ത്തിയപ്പോള്‍ അക്ഷയ് മേനോന്റെ ബിജിഎം കഥാപാത്രങ്ങളുടെ സമ്മര്‍ദ്ദവും മാനസിക സംഘര്‍ഷങ്ങളും കൃത്യമായി പ്രേക്ഷകനിലേക്ക് എത്തിച്ചു. മെയ്ഗൂര്‍ ഫിലിംസിന്റെ ബാനറില്‍ എഡ്വേര്‍ഡ് അന്തോണിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫസല്‍ ഹസന്റേതാണ് തിരക്കഥ. ബന്ധങ്ങളുടെ, പ്രത്യേകിച്ച് സാഹോദര്യ ബന്ധത്തിന്റെ കഥ കൂടിയാണ് ഔസേപ്പിന്റെ ഒസ്യത്ത്. ആരുടെ ഭാഗത്താണ് ശരി ആര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്, ആര്‍ക്കാണ് നീതി ലഭിക്കേണ്ടത് എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ ചിത്രം പ്രേക്ഷകരുടെ ഉള്ളില്‍ ഉണ്ടാക്കുന്നുണ്ട്. ഒരു ഫാമിലി ത്രില്ലര്‍ ഡ്രാമ എന്ന് വിശേഷിപ്പിക്കാവുന്ന ഔസേപ്പിന്റെ ഒസ്യത്ത് കഥാഗതി കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുമെന്ന് തീര്‍ച്ചയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]