
സിനിമയ്ക്ക് പ്രേക്ഷകരെ സ്വാധീനിക്കാനാവുമെന്ന കാര്യം നിസ്തര്‍ക്കമാണ്-നല്ല നിലയ്ക്കും ചീത്ത നിലയ്ക്കും. ഇന്ന് സമൂഹത്തില്‍ നടമാടുന്ന ക്രൈമിനും വയലന്‍സിനും സിനിമയ്ക്കും പങ്കുണ്ട്. സിനിമ ഏറെ സ്വാധീനം ചെലുത്തുന്നത് യുവതലമുറയിലാണ്. ഹീറോ വര്‍ഷിപ്പും ഈ പ്രായക്കാരിലാണ് ഏറെ പ്രകടമാകുന്നത്, ഹീറോയെ അനുകരിക്കുന്നതിനുള്ള ആവേശവും. മലയാളിയുടെ മദ്യപാന സ്വഭാവം പരിശോധിക്കുമ്പോള്‍ അതിത്ര വിപുലവും വ്യാപകമായതിലും സിനിമയുടെ ‘റോള്‍’ സ്പഷ്ടമാണ്. വയലന്സിന്റെയും ക്രൈമിന്റേയും ബീജാവാപം പലപ്പോഴും മദ്യത്തിലാണ്. ഒരു ചിത്രത്തില്‍ ഹീറോ കുളത്തിലെ വെള്ളം കലര്‍ത്തി മദ്യം കഴിക്കുന്ന ഒരു രംഗമുണ്ട് (നരസിംഹം). അത് അനുകരിച്ചാല്‍ എന്താകും ഫലം?
ഇടുക്കി ഗോള്‍ഡ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പടമാണ്. കഞ്ചാവിന്റെ ഉപയോഗം ‘ഗ്ലോറിഫൈ’ ചെയ്യുന്ന രംഗങ്ങള്‍ ഇതിലുണ്ടെന്നതാണ് വിമര്‍ശനകാരണം. യുവാക്കള്‍ക്കും ടീനേജുകാര്‍ക്കും ഇത്തരം പടങ്ങള്‍ വികലമായ, വിഷലിപ്തമായ സന്ദേശം നല്കുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ജീവിതം, സമൂഹം സിനിമയെയാണോ അതോ മറിച്ചാണോ അനുകരിക്കുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എന്നത് പ്രയാസകരമാണ്. സമൂഹത്തിലെ വയലന്‍സ് സിനിമയില്‍ പ്രതിഫലിക്കുന്നു എന്ന വാദത്തിന്റെ പ്രതിവാദം ദൃശ്യകലയിലെ ക്രൂരതയ്ക്കും സംഘര്‍ഷത്തിനും അനുകര്ത്താക്കളുണ്ടാകുന്നു എന്നതാണ്. ജീവിതം മാറുന്നതുപോലെ കലയും മാറുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്ന് ഇരുപതാം നൂറ്റാണ്ടിലെത്തുമ്പോള്‍ വലിയ പരിവര്‍ത്തനമാണ് ഇരു രംഗങ്ങളിലും ദൃശ്യമാകുന്നത്. സിനിമയിലെ വയലന്സിനു വേണ്ടിയുള്ള വയലന്‍സാണ് ഏറെ അപകടം. അത് തെറ്റായ സന്ദേശം നല്കുന്നു.
പോയ കാലത്ത് എം.ജി.ആര്. പടങ്ങളിലും മറ്റും സ്റ്റണ്ട് ആയിരുന്നെങ്കില്‍ ഇക്കാലത്ത് അത് മാരകമായ വയലന്‍സായി മാറിയിട്ടുണ്ട്. വയലന്‍സ് നന്നായി മാര്‍ക്കറ്റ് ചെയ്യാനാകുമെന്ന് മലയാളത്തിനു മുമ്പ് തിരിച്ചറിഞ്ഞത് തമിഴ്, ഹിന്ദി ഭാഷാചിത്രങ്ങളാണ്. വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് യൂണിഫോം ധരിച്ച പോലീസ് ഓഫീസറെ മാര്‍ക്കറ്റില്‍ എല്ലാവരും കാണ്‍കെ തല്ലിച്ചതച്ചപ്പോള്‍ കയ്യടിച്ച് സ്വീകരിച്ച പ്രേക്ഷകസമൂഹം മാറ്റത്തിന്റെ പ്രതിഫലനമായിരുന്നു. ഇതിന്റെ അനുകരണമാണ് സ്ഫടികത്തില്‍ കാണുക.
ആവേശം നിറയ്ക്കുന്ന ഗുണ്ടാരാധന
ഒരു സ്കൂളിലെ പ്രധാന അധ്യാപകന് ഇയ്യിടെ പറഞ്ഞത് ”പുറത്ത് ഒരു ഗുണ്ട വന്ന് മസില്പിടിച്ചാല് അവനോടാണ് പിള്ളേരുടെ ആരാധന”. അപഥസഞ്ചാരം കുട്ടികള്‍ എന്തുകൊണ്ടോ തിരിച്ചറിയുന്നില്ല. ”സിനിമയുടെ സ്വാധീനം ഒരു കാരണം തന്നെ’. അടുത്ത കാലത്തായി ഗുണ്ടകളെ പുകഴ്ത്തുന്ന, അധോലോക ചെയ്തികളെ താരാട്ടുന്ന ചിത്രങ്ങള്‍ വെളിച്ചം കാണുന്നുണ്ടെന്നത് യാഥാര്‍ത്ഥ്യം തന്നെ (ആവേശം). വയലന്‍സ് ഉള്‍പ്പെടുത്തുന്നതില്‍ സിനിമക്കാര്‍ പരസ്പരം മത്സരിക്കുകയാണ്.
Also Read
ഇന്ത്യയുടെ കൾച്ചറൽ അംബാസിഡർ, തലമുറകളെ ആരാധകരാക്കിയ …
ജയിച്ച് മരണം, തോൽക്കാതെ എം.ടി.
ഡൽഹി ജുമാ മസ്ജിദിനുമേൽ പറന്നിരുന്നും പറന്നുയർന്നും …
പണ്ടത്തെപ്പോലെ ആദിമദ്യാന്തമുള്ള കഥകള്‍ കാണികള്‍ ആഗ്രഹിക്കുന്നില്ല. വ്യത്യസ്തരായ കുറെ കഥാപാത്രങ്ങളും അവര്‍ക്ക് വിഹരിക്കാനുള്ള അന്തരീക്ഷവും സജ്ജമായാല്‍ പിന്നെ ലോജിക്കൊന്നും വേണ്ട എന്ന നിലയാണ് (രോമാഞ്ചം). ”നാര്‍ക്കോട്ടിക്ക്സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ്’ എന്ന ഹീറോ ഡയലോഗ് ഇപ്പോള്‍ പഴഞ്ചനാണ്. അതുപോലെ യൂണിഫോമിട്ട പോലീസുകാരെ ഹീറോ തലങ്ങും വിലങ്ങും തല്ലുന്നത് സ്ഥിരം സിനിമാക്കാഴ്ചയാണ്. ഹീറോ പോലീസ് വേഷമണിയുമ്പോള്‍ മാത്രം പോലീസ് വേഷങ്ങള്‍ക്ക് ഹീറോയിസം കൈവരുന്നു. അല്ലെങ്കില്‍ അവര്‍ പ്രഹരിക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാകുന്നു. യുവാക്കള്‍ക്ക് നിയമം കയ്യിലെടുക്കാമെന്ന വികലമായ സന്ദേശം ഇത് നല്കുന്നു – പോലീസുകാരെ കൈകാര്യം ചെയ്യാമെന്നതും. സിനിമയെ അനുകരിച്ച് ബാങ്ക് റോബറികളും കൊലപാതകങ്ങളും നടക്കുന്നത് വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട് (ദൃശ്യം മോഡല്‍).
ഇക്കാലത്ത് തിയ്യറ്ററിനെ ആശ്രയിക്കാതെ തന്നെ സിനിമയും മറ്റ് വിനോദോപാദികളും കാണികള്‍ക്ക് ലഭ്യമാണ്. എന്നാല്‍ ബിഗ്സ്ക്രീനില്‍ കാണുന്ന സിനിമയുടെ സ്വാധീനത്തിന് മറ്റൊന്നിനും പകരം നില്‍ക്കാനാവില്ല. അതുകൊണ്ടാണ് ഇറോട്ടിക്/പോര്‍ണോ/സ്റ്റഫ് നെറ്റിലും യൂട്യൂബിലും എത്രകണ്ട് ലഭ്യമാണെങ്കിലും വലിയ തിരശ്ശീലയില്‍ കാണുവാന്‍ പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. സെന്‍സര്‍ ചെയ്യാതെ പ്രദര്‍ശനത്തിന് എത്തുന്ന രാജ്യാന്തര ചലച്ചിത്രമേളകളിലെ ചില പടങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടാറുള്ളത് അതുകൊണ്ട് തന്നെ. അതുപോലെ വെബ്ബ് സീരിയലുകളുടെ കാലമാണിത് സെക്സോ വയലന്‍സോ എതുവേണമെങ്കില് തിരഞ്ഞെടുത്ത കാണാവുന്ന സംവിധാനം നിലനില്ക്കുന്നു.
ഭാഷകളുടെ അതിരുകളും ടെക്നോളജി ലംഘിക്കുന്നു. അതേ സമയം സിനിമ നിര്‍മ്മാണത്തെ അതിശയിപ്പിക്കുന്ന നിലവാരമുള്ള മികച്ച വെബ്ബ് സീരിയലുകളും വരുന്നുണ്ട്. ഗബ്രിയ ഗാര്‍ഷ്യ മാര്‍ക്കേസിന്റെ വണ്‍ ഹണ്‍ഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റിയൂഡ് വെബ്ബ് സീരിയലായി ശ്രദ്ധനേടുന്നു. അതുപോലെ മികച്ച നോവലുകളും ബോളിവുഡിനെ വെല്ലുന്ന രീതിയില്‍ സാക്ഷാത്കരിക്കപ്പെടുന്നു. എന്നാല്‍ വിദേശ വെബ്ബുകളുടെ പോപുലാരിറ്റി ഇന്ത്യന്‍ വെബ്ബുകള്ക്ക് കൈവരിക്കാനായിട്ടില്ല.
വീട്ടിൽ വിരുന്നുവരുന്ന വയലൻസ്
സിനിമയിലെ വയലന്‍സിനെ അനുകരിക്കുന്ന സീരിയലുകളും ഇന്ന് ജന്മംകൊള്ളുന്നു. അതിന്റെ പ്രേക്ഷകരാകട്ടെ കുടുംബസദസ്സും. അടൂര്‍ ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടതുപോലെ സീരിയലുകള്‍ നിരന്തരം കാണുന്നത് ആസ്വാദനത്തെ വികലമാക്കുന്നു. കഴിഞ്ഞ ഐ.എഫ്.എഫ്.കെ.യില്‍ വലിയ തിരക്ക് ‘അനോറ’ (കാന്‍ ഓസ്കര്) യ്ക്കായതുകാരണം എല്ലാ അതിരും വിടുന്ന അതിലെ സീനുകള്‍ തന്നെ. പണ്ട് ബേസിക്ക് ഇന്‍സ്റ്റിങ്റ്റ്, ബ്ലു ഈസ് ദി വാമസ്റ്റ് കളര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ലഭിച്ച വരവേല്‍പ്പാണ് അനോറയ്ക്ക് കിട്ടിയത്.
മലയാള സിനിമയുടെ കാര്യമെടുത്താല്‍ തിയ്യറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്ന ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി അമിതമായ, അര്‍ത്ഥരഹിതമായ വയലന്‍സിനുള്ള തെളിവാണ്. നാട്ടിലെ സംഘര്‍ഷം പോരാഞ്ഞ് ബാഗ്ലൂരിലെത്തിയും വയലന്‍സ് തുടരുന്നു. ഇവിടെയാണ് സെന്‍സര്‍ ബോര്‍ഡിന്റെ റോളിന് പ്രധാന്യം കൈവരുന്നത്. വയലന്സിനുവേണ്ടിയുള്ള വയലന്‍സ് നിര്‍ദാക്ഷിണ്യം മുറിച്ചു കളയേണ്ടത് തന്നെയാണ്. ഇവിടെ സെന്‍സര്‍ ബോര്‍ഡിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യപ്പെടുന്ന രീതിയിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അനര്‍ഹരുടെ സാന്നിധ്യം കാര്യങ്ങള്‍ കൂടുതല്‍ സങ്കിര്‍ണമാക്കുന്നു.
കലയില്ല, കൊല മാത്രം
പണ്ടൊരു നിരൂപകനെഴുതി ‘കലയില്ലെങ്കിലും കൊലയുണ്ട്’. ഇന്നത്തെ സ്ഥിതി സിനിമയില്‍ കല വേണ്ട, കൊല മതി എന്നാണ്. തല വെട്ടിയെടുത്ത് സഞ്ചിയിലാക്കി ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന കഥാപാത്രം (സുബ്രഹ്മണ്യപുരം) തമിഴ് സിനിമ വയലന്‍സില്‍ അഭിരമിക്കുന്നതിന്റെ ഉദാഹരണമാണ്. അതുപോലെ പരുത്തിവീരന്, വെയില്, ജയിലര്‍ തുടങ്ങിയവയെല്ലാം സംഘര്‍ഷം മുതലാക്കുന്നവയാണ്. ഇതിന്റെ അനുകരണം മലയാള സിനിമയിലും കാണാം (മാര്‍ക്കൊ, പണി). ഹിന്ദിയിലെ അനിമല്‍, ജവാന് തുടങ്ങിയവ വയലന്‍സിന്റെ പാരമ്യം കൊണ്ട്് ശ്രദ്ധിക്കപ്പെട്ടവയാണ്. ഇന്ന് വര്‍ദ്ധിച്ചുവരുന്ന ടീനേജ് വയലന്‍സിനും ക്രൈമിനും സിനിമയേക്കാളുപരി ഡ്രഗ്സിനും കഞ്ചാവിനും രാസലഹരിക്കുമാണ് വലിയ പങ്ക്. യുവതയ്ക്ക് ചിന്താശേഷി നഷ്ടപ്പെട്ട്് എന്തും ചെയ്യാന്‍ മടിക്കാത്തവരായി മാറുന്നു.
വയലന്‍സ് സിനിമയില്‍ ഗ്ലോറിഫൈ ചെയ്യുന്നതും സ്ക്രീന്‍ ക്രൈമിന്റെ അതിപ്രസരവും തടയാനാവാതെ സെന്‍സര്‍ ബോര്‍ഡ് സ്വയം ”സെന്‍സ്ലെസ് ബോര്‍ഡ്’ ആയി മാറിയിരിക്കുന്നു. അത് പ്രതിസന്ധിയുടെ ആഴം കൂട്ടുകയും ചെയ്യുന്നു. ഒരു പുനര്‍വിചിന്തനത്തിന് എല്ലാ വിഭാഗവും തയ്യാറാവേണ്ട സമയം അതിക്രമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]