
ഉച്ചഭക്ഷണം കഴിഞ്ഞ് അമ്മയുടെ മടിയില്‍ കിടന്ന് ഉറക്കത്തിലേക്ക് ഊളിയിടാന്‍ ഇറങ്ങുന്ന കുട്ടിയുടെ കാതിലേക്ക് ആകാശവാണിയില്‍ നിന്ന് ഒരുപാട്ട് ഒഴുകിവരും ”മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി, ധനുമാസ ചന്ദ്രിക വന്നു…” ആ പാട്ടിലങ്ങനെ ലയിച്ച് അറിയാതെ മയക്കത്തിന്റെ മായാലോകത്തിലേക്ക് വീഴും. ആ പാട്ട് പാടിയ ആളുടെ പേര്, പി.ജയചന്ദ്രന്. അന്ന് ആ പാട്ട് കേട്ടുറങ്ങിയ കുട്ടി ഞാന്‍ തന്നെയായിരുന്നു. അങ്ങനെ എത്രയെത്ര ജയചന്ദ്രന് പാട്ടുകള്‍ എന്റെ സങ്കടങ്ങളിലും സന്തോഷങ്ങളിലും മയക്കങ്ങളിലും മനസ്സിനെ തൊട്ടുതലോടി. എന്റെ വളര്‍ച്ചയ്ക്കൊപ്പം ഹിറ്റ് ചാര്‍ട്ടില്‍ ജയചന്ദ്രന് പാട്ടുകളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. എന്നെങ്കിലും ഒരിക്കല്‍ ഈ ഗായകനെ പരിചയപ്പെടണമെന്ന് അന്നേ മനസ്സില്‍ ആഗ്രഹിച്ചിരുന്നു. കാലം എനിക്കായ് കാത്തുവച്ചത് അതിലും വലിയ ഭാഗ്യമായിരുന്നു. എന്റെ സംഗീത ജീവിതത്തിലെ ഏറ്റവും മികച്ചൊരു ഗാനം പി.ജയചന്ദ്രനെ കൊണ്ട് പാടിക്കാന്‍ സാധിച്ചു.
പി. ജയചന്ദ്രന് എന്ന മലയാളത്തിന്റെ ഭാവഗായകനെ നേരിട്ട് പരിചയപ്പെടുന്നതും അടുത്ത സൗഹൃദത്തിലാകുന്നതും ‘1983’ എന്ന സിനിമയുടെ റെക്കോഡിങ് വേളയിലാണ്. ചിത്രത്തിലെ ‘ഓലഞ്ഞാലി കുരുവി…’ എന്ന പാട്ട് ആരൊക്കെ പാടണമെന്ന ചര്‍ച്ച വന്നപ്പോള്‍ ഒരുസംശയവുമില്ലാതെ പി.ജയചന്ദ്രനും വാണി ജയറാമും മതി എന്ന തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ചത് ചെറുപ്പം മുതല്‍ മനസ്സില്‍ കിടന്നിരുന്ന ജയേട്ടന്റെ ശബ്ദം തന്നെയാണ്. ആപാട്ടിന്റെ റെക്കോഡിങ് വേളയില്‍ ഒരുപാട് പഴയ കഥകള്‍ ജയേട്ടന് പറഞ്ഞുതന്നു. എന്റെ അച്ഛന്റെ അമ്മാവനാണ് പ്രശസ്ത സംവിധായകനായിരുന്ന രാമു കര്യാട്ട്. രാമുഅച്ചാച്ചനും ജയേട്ടനുമൊക്കെ പണ്ട് മുതലേ ഒരുസംഘമായിരുന്നു. ആ കഥകളെല്ലാം രസകരമായി അദ്ദേഹമെനിക്ക് പറഞ്ഞുതന്നു. ജയേട്ടനോട് സംസാരിക്കാന്‍ തുടങ്ങിയാല്‍ സമയം പോകുന്നത് അറിയില്ല എന്നതാണ് സത്യം. അഞ്ചുമിനിറ്റ് സംസാരിക്കാമെന്ന് വിചാരിച്ച് തുടങ്ങിയാല്‍ അഞ്ച് മണിക്കൂറിന് ശേഷമേ അത് അവസാനിക്കൂ. കാരണം അത്രമാത്രം കഥകളുടെ, അറിവിന്റെ സാഗരമാണ് ജയേട്ടന്. ‘ഓലഞ്ഞാലി കുരുവി’ എന്ന പാട്ട് ജയേട്ടനല്ല പാടിയിരുന്നെങ്കില്‍ ആ പാട്ട് ഇത്രയും വലിയ ഹിറ്റായി മാറില്ലെന്ന് എനിക്കുറപ്പുണ്ട്. കാരണം ജയേട്ടന്റെ ശബ്ദം ആ പാട്ടില്‍ വരുമ്പോഴാണ് ഗൃഹാതുരത്വത്തിന്റെ ഒരുകുളിര് ആ പാട്ടില്‍ നിറയുന്നത്, ഓര്‍മകളെ പിറകോട്ട് കൊണ്ടുപോകുന്നത്. സംഗീത സംവിധായകനെ അറിഞ്ഞു പാടുന്ന ഗായകനാണ് പി. ജയചന്ദ്രനെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. നമ്മള് പ്രതീക്ഷിക്കുന്നതിന്റെ പത്ത് മടങ്ങ് അധികമായി ഔട്ട്പുട്ട് തരാന്‍ അദ്ദേഹത്തിന് സാധിക്കാറുണ്ട്. ശബ്ദവും ഉച്ചാരണത്തിലെ സ്പഷ്ടതയുമെല്ലാം അദ്ദേഹത്തിന് ജന്മനാ ലഭിച്ചതാണ്. ഒരുവാക്ക് അതിന്റെ എല്ലാ അര്‍ഥത്തിലും ജയേട്ടന് ഉച്ചരിക്കും. ഇന്നത്തെ പലഗായകര്ക്കും അത് സാധിക്കില്ല. അതും അന്നും ഇന്നും ഒരുപോലെ നിലനിര്‍ത്തിപ്പോകാന്‍ അദ്ദേഹത്തിന് സാധിക്കുന്നു.
ഇപ്പോഴും വളരെ യൗവ്വന സ്വരമുള്ള വ്യക്തിയാണ് ജയേട്ടന്. അദ്ദേഹത്തിന്റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റും എടുത്തുപറയേണ്ടതാണ്. ഏറ്റവും പുതിയ ട്രെന്‍ഡിനൊപ്പമാണ് അദ്ദേഹത്തിന്റെ വസ്ത്രധാരണം. പച്ച ജീന്‍സും പൂക്കളുള്ള പിങ്ക് ഷര്‍ട്ടുമൊക്കെയിട്ടാണ് നടക്കുക. ഇപ്പോഴും സ്റ്റൈല്‍ ഐക്കണാണ് അദ്ദേഹം. മനസ്സില്‍ ഇന്നും ചെറുപ്പം കൊണ്ട് നടക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ സാധിക്കുന്നത്. ഒരിക്കല്‍ ജയേട്ടന് എന്റെ വീട്ടില്‍ വന്നു. പെട്ടെന്ന് ഞങ്ങളുടെ അടുത്ത വീട്ടിലുള്ള ഒരുകുട്ടി കുറേ ദോശ കൊണ്ടുവന്നു തന്നു. ആ കുട്ടിക്ക് മുമ്പേ ജയേട്ടനെ പരിചയമുണ്ടായിരുന്നു. വയറുനിറയെ ദോശയും, ശേഷം ഒരുമൈസൂര് പാക്കും കഴിച്ച് വളരെ സന്തോഷത്തോടെ ഏറെ നേരം ചെലവിട്ടാണ് അദ്ദേഹമന്ന് പോയത്.
ജയേട്ടന്റെ ഇഷ്ടഗാനം ഏതാണെന്ന് ചോദിച്ചാല്‍ എല്ലാവരെയും പോലെ ഞാനും കുഴഞ്ഞുപോകും. ഒരുപാട് പാട്ടുകള്‍ ഒന്നിന് പുറകെ ഒന്നായി മനസ്സിലേക്ക് തിരമാലപോലെ ഉയര്‍ന്നുവരും. ഓരോ സമയത്തും ചിലപ്പോള്‍ വ്യത്യസ്ത പാട്ടുകളായിരുന്നു ഇഷ്ടപാട്ടുകളുടെ ലിസ്റ്റില്‍ വരുന്നത്. എന്നാല്‍ ഈ കുറിപ്പെഴുതുമ്പോള്‍ എന്റെ മനസ്സിലേക്ക് ഒരുകാറ്റ് പോലെ ഒഴുകിവരുന്ന ഒരുപാട്ടുണ്ട്, ഇളയരാജയുടെ സംഗീതത്തില്‍ ജയേട്ടന് ആലപിച്ച ‘വൈദേഹി കത്തിരുന്താല്’ എന്ന ചിത്രത്തിലെ ‘രാസാത്തി ഉന്നെ കണാതെ നെഞ്ച് കാറ്റാടി പോലാടുത്’ എന്ന ഗാനം. വീണ്ടും വീണ്ടും എന്നെ കൊതിപ്പിക്കുന്ന എന്തോ ഒരു മാന്ത്രികത ആ പാട്ടില്‍ ജയേട്ടനും ഇളയരാജയും കൂടി ഒളിപ്പിച്ചുവച്ചിട്ടുണ്ട്.
(തയ്യാറാക്കിയത്: സൂരജ് സുകുമാരന്‍)
സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലില്‍ പ്രസിദ്ധീകരിച്ചത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]