
മലയാളസിനിമയിൽ കുടുംബകഥകൾക്ക് എല്ലാക്കാലത്തും പ്രേക്ഷകരുണ്ട്. കുടുംബം പശ്ചാത്തലമായി പല ജോണറുകളിലായി എണ്ണിയാലൊടുങ്ങാത്തത്ര സിനിമകൾ മലയാളത്തിൽ വന്നിരിക്കുന്നു. പഴമയും പുതുമയും ഒരുപോലെ സന്നിവേശിപ്പിച്ചുകൊണ്ട് ഒരു ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട്, അലൻസിയർ എന്നിവർ ‘ടൈറ്റിൽ കഥാപാത്രങ്ങളാ’യ നാരായണീന്റെ മൂന്നാണ്മക്കൾ ആണ് ആ ചിത്രം. നവാഗതനായ ശരൺ വേണുഗോപാലാണ് തിരക്കഥയും സംവിധാനവും. ഗുഡ്വിൽ എൻറർടെയ്ൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഒരു നാട്ടിൻപുറത്തെ തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമ സഞ്ചരിക്കുന്നത്. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മ എന്ന വൃദ്ധ തന്റെ ജീവിതത്തിന്റെ അവസാനനിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മരണംകാത്തുകിടക്കുന്ന ഈ അമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില പ്രത്യേക സാഹചര്യങ്ങളാൽ അന്യദേശത്തേക്ക് മാറിനിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
പലതരം കുടുംബചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ഒരു വീടും അവിടെ മരണാസന്നയായി കിടക്കുന്ന ഒരു അമ്മയേയും മാത്രം കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രം അടുത്തകാലത്തൊന്നും മലയാളത്തിൽ വന്നിട്ടില്ല. പേര് സൂചിപ്പിക്കുന്നതുപോലെ നാരായണി, അവരുടെ മൂന്നാണ്മക്കൾ എന്നിവരെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. വിശ്വൻ, സേതു, ഭാസ്കരൻ എന്നിവരാണ് നാരായണിയുടെ മൂന്നാണ്മക്കൾ. വിശ്വനും ഭാസ്കരനും തറവാട്ടിൽനിന്ന് അകന്നാണ് കഴിയുന്നത്. നാട്ടിൽത്തന്നെയുള്ള രണ്ടാമനായ സേതുവാണ് അമ്മയുടെ കാര്യങ്ങൾ നോക്കുന്നത്. മറ്റൊരുതരത്തിൽപ്പറഞ്ഞാൽ വീട്ടിലെ ഇപ്പോഴത്തെ ഗൃഹനാഥൻ.
വീട്ടിലെ മൂത്ത മകൻ എന്നതിന്റെ എല്ലാ അഹങ്കാരവും അധികാരവും ഉള്ളിൽക്കൊണ്ടുനടക്കുന്നയാളാണ് വിശ്വൻ. സഹോദരന്മാർ തനിക്കുതാഴെയാണ് നിൽക്കേണ്ടത് എന്ന് വിശ്വസിക്കുന്നുണ്ട് ഇയാൾ. സേതു പൊതുവേ ശാന്ത സ്വഭാവക്കാരനാണ്. അമ്മയുടെ അവസാനസമയങ്ങളിൽ മക്കൾ മൂന്നുപേരും അടുത്തുണ്ടാവണം എന്ന ഇയാളുടെ ആഗ്രഹത്തിന്റെമേലാണ് വിശ്വനും ഭാസ്കരനും നാട്ടിലെത്തുന്നത്. ബന്ധങ്ങൾപോലെ ഇത്രമേൽ കുഴഞ്ഞുമറിഞ്ഞ വേറൊരു സംഗതിയില്ലെന്നതാണ് സേതുവിന്റെ വിശ്വാസം. മൂന്നാമനായ ഭാസ്കരനാകട്ടെ ഏറെ നാൾ നാടുമായും വീടുമായും ബന്ധമില്ലാതെ കഴിഞ്ഞതിന്റെ എല്ലാവിധ പ്രശ്നങ്ങളുമുണ്ട്. സ്വരം താഴ്ത്തി സംസാരിക്കുന്ന, ഉൾവലിഞ്ഞുനിൽക്കുന്ന പ്രകൃതമാണയാൾക്ക്. തിരികെ നാടിന്റെ ഹൃദയത്തിലേക്ക് മുങ്ങാങ്കുഴിയിടാമെന്ന് ചിലപ്പോൾ ഭാസ്കരന് തോന്നിയിട്ടുണ്ടാവാം.
മൂന്ന് സഹോദരന്മാരുടെ ജീവിതത്തിനൊപ്പം മറ്റൊരു കഥ കൂടി ചിത്രം പറയുന്നുണ്ട്. വിശ്വന്റെ മകളായ ആതിരയുടേയും ഭാസ്കരന്റെ മകനായ നിഖിലിന്റെയും. ബന്ധങ്ങൾ കുഴഞ്ഞുമറിഞ്ഞതാണെന്ന സേതുവിന്റെ തിയറിയുടെ നേർക്കാഴ്ചയായി വേണമെങ്കിൽ ഈ രണ്ടുകഥാപാത്രങ്ങളെ കാണാം. തനി നാടൻ കഥാപാത്രങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. കുശുമ്പ് പറയുന്ന, അത്രമേൽ വ്യക്തിപരമായതും ഇങ്ങനെയൊക്കെ ചോദിക്കാൻ പാടുണ്ടോ എന്ന് സംശയം ജനിപ്പിക്കുന്നതുമായ കാര്യങ്ങൾ ആരായുന്ന കഥാപാത്രങ്ങളെ സരസമായിത്തന്നെ ശരൺ വേണുഗോപാൽ അവതരിപ്പിച്ചിട്ടുണ്ട്.
വിശ്വൻ, സേതു, ഭാസ്കരൻ എന്നീ കഥാപാത്രങ്ങളായി യഥാക്രമം അലൻസിയർ, ജോജു ജോർജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരെത്തുന്നു. ഗാർഗി അനന്തൻ, തോമസ് മാത്യൂ എന്നിവരാണ് ആതിരയേയും നിഖിലിനേയും അവതരിപ്പിക്കുന്നത്. ഷെല്ലി കിഷോർ, സജിത മഠത്തിൽ, സരസു ബാലുശ്ശേരി എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ.
തുടക്കക്കാരന്റെ പതർച്ചകളില്ലാതെ ആദ്യചിത്രം കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് സംവിധായകൻ ശരൺ വേണുഗോപാൽ. എത്ര ദൂരെ പോയാലും മടക്കം സ്വന്തം ജന്മദേശത്തേക്ക്, ജന്മഗൃഹത്തിലേക്ക്, പ്രിയപ്പെട്ടവർക്കരികിലേക്കുതന്നെയായിരിക്കും എന്ന് ഊന്നിപ്പറയുകയാണ് നാരായണീന്റെ മൂന്നാണ്മക്കൾ. ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമെല്ലാമാണ് നിങ്ങളിലെ സിനിമാ പ്രേമി കാണാൻ കാത്തിരിക്കുന്നതെങ്കിൽ ഈ ചിത്രം നിങ്ങൾക്കുള്ളതാണ്. ഫീൽ ഗുഡാണ് നാരായണീന്റെ മൂന്നാണ്മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]