തിരുവനന്തപുരം: അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി നടി ഹണി റോസ് പരാതി നല്കിയ സംഭവത്തിൽ പ്രതികരിച്ച് വ്യവസായി ബോബി ചെമ്മണ്ണൂർ. മോശമായ വാക്കുകളോ കാര്യങ്ങളോ അവരോട് പറഞ്ഞിട്ടില്ല. തന്റെ വാക്കുകൾ ആളുകൾ വളച്ചൊടിച്ച് സംസാരിച്ചത് ഹണിയെ വേദനിപ്പിച്ചെങ്കിൽ തിരുത്താൻ തയ്യാറാണെന്നും ബോബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
‘ഞാന്‍ രണ്ട് പ്രാവശ്യമാണ് അവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടുള്ളത്. അതിനിടെ, കുന്തീദേവിയുമായി ഞാന്‍ അവരെ ഉപമിച്ചിരുന്നു. അതൊക്കെ കഴിഞ്ഞിട്ട് കുറച്ച് മാസങ്ങളായി. മോശമായ വാക്കുകളോ കാര്യങ്ങളോ ഞാന്‍ പറഞ്ഞിട്ടില്ല. വളരെ മര്യാദയോടെയാണ് ഹണിയുടെ അടുത്ത് പെരുമാറിയിട്ടുള്ളത്. അവരും അങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് ഇങ്ങനെ ഒരു പരാതി വന്നിരിക്കുന്നു. എന്നോട് വ്യക്തിവൈരാഗ്യമുണ്ടാകേണ്ട കാര്യമില്ല.
ഞാന്‍ ഇങ്ങനെ പറഞ്ഞത് ആളുകള്‍ വളച്ചൊടിച്ച് സംസാരിച്ചത് അവര്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടാകും. പലരുടെ അടുത്തും ഇങ്ങനെ പറയാറുണ്ട്. ഇനിയിപ്പോള്‍, ഒരാള്‍ക്ക് വിഷമമുണ്ടാക്കുന്ന കാര്യത്തിലേക്ക് പോകില്ല. ഇടയ്ക്ക് ഇതുപോലുള്ള തമാശകളൊക്കെ പറയും. വേറെ ഉദ്ദേശമൊന്നും അതിലില്ല’, ബോബി പറഞ്ഞു.
അതേസമയം, ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തത്. അശ്ലീല ആംഗ്യങ്ങളിലൂടേയും ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടേയും നിരന്തരമായി അധിക്ഷേപിക്കുന്നുവെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും കാണിച്ച് ഹണി റോസ് നല്കിയ പരാതിയിലാണ് പോലീസ് നടപടി. ചൊവ്വാഴ്ച വൈകീട്ടാണ് ഹണി റോസ് പരാതി നല്‍കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]