
സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ഒരു വ്യക്തിയില്‍നിന്ന് നേരിടുന്ന ലൈംഗികാധിക്ഷേപം സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതെന്ന് ഹണി റോസ്. ബോബി ചെമ്മണ്ണൂരിന്റെ സ്ഥാപനവുമായി സഹകരിച്ചതുകൊണ്ടുമാത്രം അതിഭീകരമായ ലൈംഗിക അധിക്ഷേപമാണ് താന്‍ നേരിട്ടതെന്നും ശക്തമായ നിയമയുദ്ധം തുടരുമെന്നും ഹണി റോസ് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.
ഹണി റോസിന്റെ വാക്കുകള്‍:
കുറേ നാളുകളായി ഞാനും എന്റെ കുടുംബവും മാനസിക ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയാണ്. എനിക്കോ മറ്റൊരാൾക്കോ ഇത്തരം അധിക്ഷേപങ്ങളെ നേരിടേണ്ട ആവശ്യമില്ല. ഈ ഒരു വ്യക്തിയുടെ ഒരു ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ മുതല്‍ തുടങ്ങിയതയാണ് പ്രശ്നം. എന്റെ അതൃപ്തി അറിയിച്ചിട്ടും അദ്ദേഹമുള്‍പ്പെടുന്ന മറ്റ് പരിപാടികളില്‍നിന്ന് മാറിനിന്നിട്ടുപോലും വീണ്ടും മോശമായ പരാമര്‍ശങ്ങളും ദ്വയാർഥമുള്ള ആംഗ്യങ്ങളും എനിക്കെതിരേ അദ്ദേഹം നടത്തുകയായിരുന്നു. കടുത്ത ലൈംഗിക വൈകൃതമായിരുന്നു അതെല്ലാം. അതിന്റെ ബാക്കിയായി സമൂഹമാധ്യമങ്ങളില്‍ കമന്റ് ബോക്സിലും ഇന്‍ബോക്സിലുമെല്ലാം പല ആളുകളിലൂടെ ഇത് തുടര്‍ന്നു. സഹിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് പരാതിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്.
പല പ്ലാറ്റ്ഫോമിലും എന്റെ ശരീരത്തെ അധിക്ഷേപിച്ചും ദ്വയാര്‍ഥത്തോടെയും ആംഗ്യം കാണിച്ചുമെല്ലാം അദ്ദേഹം പ്രതികരിക്കുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്റെ സ്ഥാപനവമായി സഹകരിച്ചതുകൊണ്ടുമാത്രം ഭീകരമായ അധിക്ഷേപമാണ് ഞാന്‍ അനുഭവിച്ചത്. അതുകൊണ്ടാണ് പരാതി കൊടുത്തത്. ഇത് ഇവിടംകൊണ്ട് അവസാനിക്കില്ല. അങ്ങനെ നിര്‍ത്തിപ്പോവാന്‍ വേണ്ടിയല്ല ഇത് തുടങ്ങിയത്. ഇത്രയും വര്‍ഷമായി ഒരു വാക്ക് പോലും പറഞ്ഞ് വിവാദമുണ്ടാക്കിയിട്ടില്ല. പക്ഷെ, ഇത് ഇനി സഹിക്കാന്‍ എനിക്കോ എന്റെ കുടുംബത്തിനോ പറ്റില്ല. നേരത്തേയും ഇത്തരം അധിക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ബോബി ചെമ്മണ്ണൂരുമൊത്തുള്ള പരിപാടിക്ക് പോയതോടെയാണ് ഇത്രയും രൂക്ഷമായി നേരിട്ട് അനുഭവിക്കുന്നത്.
ആദ്യമിട്ട പോസ്റ്റുകളില്‍ പേര് പരാമര്‍ശിക്കാതിരുന്നത് ബോധപൂര്‍വമാണ്. സമയമെടുത്ത്, നിയമവശങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷം പേരുപറയാനാണ് കാത്തിരുന്നത്. എനിക്കെതിരേ നടക്കുന്ന ആക്രമണവും അധിക്ഷേപവും എന്നെയെന്ന പോലെ കുടുംബത്തേയും ബാധിച്ചു. ഈ അടുത്തകാലത്തായി ഞാന്‍ ഉത്കണ്ഠയുടേയും ഡിപ്രഷന്റേയും ചികിത്സ തേടിയിട്ടുണ്ട്. എനിക്കുണ്ടായ ബുദ്ധിമുട്ടുകളെല്ലാം വന്നത് സമൂഹത്തിലെ ഇത്തരം ആളുകളില്‍ നിന്നാണ്. ഇനിയെങ്കിലും ഇതിനെതിരേ രംഗത്തുവന്നില്ലെങ്കില്‍ ജീവിച്ചിട്ട് കാര്യമില്ലെന്ന് തോന്നി. അതാണ് നിയമനടപടിയിലേക്കെത്തിയത്.
നിയമ നടപടികളുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പേരോ ചിത്രമോ ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് ‘എന്റെ പേരും ചിത്രവും തന്നെ ഉപയോഗിക്കണം’ എന്ന് ഹണി റോസ് മറുപടി നൽകി. ‘എന്റെ പേര് ഉപയോഗിച്ചാണ് അവര്‍ അധിക്ഷേപം നടത്തിയത്, അതിനാല്‍ ഞാന്‍ നടത്തുന്ന നിയമപോരാട്ടത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് എന്റെ പേര് ഉപയോഗിക്കണം’, ഹണി റോസ് ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]