മുംബൈയിലെ വീടായ ഗാലക്സി അപാര്‍ട്മെന്റിലെ സുരക്ഷ വര്‍ധിപ്പിച്ച് നടന് സല്മാന് ഖാന്. ബാല്‍ക്കണിയില്‍ പുതിയ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വെച്ച നടന് വൈദ്യുത വേലിയും ഘടിപ്പിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തും മുന്‍ മഹാരാഷ്ട്രാ മന്ത്രിയുമായ ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിനുശേഷം സല്മാന് ഖാന് നിരവധി വധഭീഷണികള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചത്.
സല്‍മാന്റെ കാറിനൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു വാഹനവ്യൂഹം എപ്പോഴുമുണ്ടാകാറുണ്ട്. വൈ-പ്ലസ് സെക്യൂരിറ്റിയുള്ള താരത്തിന് പോലീസ് എസ്കോര്‍ട്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള ആയുധങ്ങളും കൈകാര്യം ചെയ്യാന്‍ അറിയാവുന്ന ഒരു കോണ്‍സ്റ്റബിളിന്റെ സേവനവും അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പനവേലിലുള്ള സല്‍മാന്റെ ഫാം ഹൗസിലും സെക്യൂരിറ്റികളുടെ ഒരു നീണ്ടനിരയുണ്ട്.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം താരത്തിനെതിരെ നേരത്തെ വധഭീഷണി ഉയര്‍ത്തിയിരുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാനെതിരെ കേസ് വന്നതിനുപിന്നാലെ 2018-ല്‍ അദ്ദേഹത്തെ വധിക്കാന്‍ ബിഷ്ണോയ് സമുദായത്തില്‍നിന്ന് ചിലര്‍ ആഹ്വാനം ചെയ്തിരുന്നു. ജോധ്പുരില്‍ വെച്ച് സല്മാന് കൊല്ലപ്പെടുമെന്നാണ് അന്ന് ഭീഷണി മുഴക്കിയത്.
കഴിഞ്ഞ ഏപ്രില്‍ 14-ന് ഗാലക്സി അപാര്‍ട്മെന്റിന് നേരെ വെടിവെപ്പുണ്ടായിരുന്നു. പുലര്‍ച്ചെയായിരുന്നു ആക്രമണം. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര് സല്‍മാന്റെ അപാര്ട്മെന്റിന്റെ ഒന്നാം നിലയിലെ ബാല്‍ക്കണിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ബിഷ്ണോയിയുടെ സംഘമാണ് ഇതിന് പിന്നിലെന്ന് പിന്നീട് വ്യക്തമായി. ജനുവരിയില്‍ രണ്ട് അജ്ഞാതര്‍ വ്യാജപ്പേരില്‍ തന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നെന്ന് സല്മാന് വെളിപ്പെടുത്തിയിരുന്നു.
ബാബാ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. ഗുജറാത്തിലെ സബര്‍മതി ജയിലിലാണ് ബിഷ്ണോയിയുള്ളത്. ജയിലില്‍ ഇരുന്നുകൊണ്ടാണ് ബിഷ്ണോയ് കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]