ആഗോള തലത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കുകയും മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്ത കൊറിയന്‍ വെബ് സീരീസായ സ്ക്വിഡ് ഗെയിം യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്ന് അവകാശപ്പെട്ടുള്ള വീഡിയോകള്‍ ഇന്‍സ്റ്റഗ്രാമിലും ടിക് ടോക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ക്വിഡ് ഗെയിമിന്റെ രണ്ടാം പതിപ്പ് നെറ്റ്ഫ്ളിക്സില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് ഇത്. ‘യഥാര്‍ഥ സ്ക്വിഡ് ഗെയിം’ നടന്ന ഭീതി ജനിപ്പിക്കുന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണിക്കുന്നുണ്ട്. 1986-ലെ ബ്രദേഴ്സ് ഹോം ആണ് ഇതിന് പ്രചോദനമായതെന്നും സാമൂഹിക മാധ്യമ പോസ്റ്റുകള്‍ അവകാശപ്പെടുന്നു.
എന്നാല്‍ എന്താണ് ഈ അവകാശവാദങ്ങളുടെ വസ്തുത? ദരിദ്രരും സാമ്പത്തിക പ്രയാസം അനുഭവിക്കുകയും ചെയ്യുന്നവരെ വന്‍തുക പാരിതോഷികം വാഗ്ദാനം ചെയ്ത് കൊല്ലാക്കൊല ചെയ്ത ഇങ്ങെയൊരു മരണക്കളി ലോകത്തെവിടെയെങ്കിലും യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ?
ആദ്യം തന്നെ പറയട്ടെ, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയിലെ ചിത്രങ്ങള്‍ പൂര്‍ണമായും വ്യാജമാണ്. യഥാര്‍ത്ഥത്തില്‍ സ്ക്വിഡ് ഗെയിം നടന്ന സ്ഥലമാണെന്ന രീതിയില്‍ പ്രചരിക്കുന്ന ആ ചിത്രങ്ങളെല്ലാം തന്നെ എഐ ഉപയോഗിച്ച് നിര്‍മിച്ചവയാണ്. സിറ്റിഹെര്മിറ്റായ് എന്ന ആര്‍ട്ടിസ്റ്റാണ് ആ ചിത്രങ്ങള്‍ നിര്‍മിച്ചത്.
യഥാര്‍ഥ സംഭവങ്ങളുമായി സ്ക്വിഡ് ഗെയിമിന് ബന്ധമുണ്ടോ?
ഏതെങ്കിലും യഥാര്‍ഥ സംഭവവുമായി സ്ക്വിഡ് ഗെയിമിന് നേരിട്ട് യാതൊരു ബന്ധവും ഇല്ല. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ നിന്നുള്ള ചില കാര്യങ്ങള്‍ ഈ ജനപ്രിയ വെബ്സീരീസിന്റെ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും പ്രചോദനമായിട്ടുണ്ടെന്നാണ് സ്ക്വിഡ് ഗെയിമിന്റെ ക്രിയേറ്ററായ വാങ് ഡോങ് യുക്ക് പറയുന്നത്.
പ്രധാനമായും ജാപ്പനീസ് കോമിക്കുകളും ആനിമേഷനുകളുമാണ് തന്നെ സ്വാധീനിച്ചതെന്ന് വാങ് ഡോങ് യുക്ക് പറയുന്നു. വളരെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടുള്ള അദ്ദേഹം ബാറ്റില്‍ റൊയേല്‍, ലയര്‍ ഗെയിം ഉള്‍പ്പടെയുള്ള കോമിക്കുകള് വായിക്കാറുണ്ടായിരുന്നു.
ജനപ്രിയമായ ജാപ്പനീസ് ആക്ഷന്‍ നോവലാണ് ബാറ്റില്‍ റൊയേല്‍. ഒരു ഏകാധിപത്യ ഭരണൂടത്തിനെതിരെ മരണം മുന്നില്‍ കണ്ട് എതിരിടുന്ന ഒരു കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ഥികളുടെ കഥയാണിത്. ഒരു ടൂര്‍ണമെന്റിലെ മറ്റ് മത്സരാര്‍ഥികളെ ചതിച്ചും അവരോട് നുണ പറഞ്ഞും അവരുടെ പണം തട്ടാന്‍ പ്രോത്സാഹിപ്പിക്കുന്ന ഗെയിമാണ് ലയര്‍ ഗെയിം എന്ന കോമിക്കില്‍. താന്‍ ഈ ഗെയിമിന്റെ ഭാഗമായിരുന്നെങ്കില്‍ എന്ന ചിന്തയിലാണ് സ്ക്വിഡ് ഗെയിമിന്റെ തുടക്കം. കോമിക്കിലെ സങ്കീര്‍ണമായ കളികള്‍ക്ക് പകരം കുട്ടികളുടെ കളികളിലാണ് വാങ് ഡോങ് യുക്ക് ശ്രദ്ധ കൊടുത്തത്.
തന്റെ സാമ്പത്തിക പരാധീനതകള്‍ക്കൊപ്പം, ആധുനിക കാലത്തെ മുതലാളിത്ത സമൂഹികാവസ്ഥിതിയും സ്ക്വിഡ് ഗെയിമിന്റെ കഥയ്ക്ക് ആധാരമാണെന്ന് വാങ് ഡോങ് യുക്ക് പറയുന്നു. മുതലാളിത്ത സമൂഹത്തിലെ കടുത്ത മത്സരാധിഷ്ടിത ജീവിതം അദ്ദേഹം സ്ക്വിഡ് ഗെയിമില്‍ വരച്ചുക്കാട്ടാന്‍ ശ്രമിക്കുന്നു. യഥാര്‍ഥ ജീവിതത്തില്‍ നാമെല്ലാം കാണുന്ന കഥാപാത്രങ്ങളെയാണ് അതിനായി ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
1986 ലെ ബ്രദേഴ്സ് ഹോം
1986 ലെ ദി ബ്രദേഴ്സ് ഹോം അടിസ്ഥാനമാക്കിയാണ് സ്ക്വിഡ് ഗെയിം എന്നതാണ് മറ്റൊരു വാദം. എന്താണ് ബ്രദേഴ്സ് ഹോം?
നെറ്റ്ഫ്ളിക്സില്‍ നാമെല്ലാം കണ്ട സ്ക്വിഡ് ഗെയിം പോലെ ഒരു യഥാര്‍ഥ സംഭവം നടന്നിട്ടില്ല. 1986 ലെ ബ്രദേഴ്സ് ഹോം ക്യാമ്പ് സ്ക്വിഡ് ഗെയിമിന് പ്രചോദനം ആയതായി വാങ് ഡോങ് യുക്ക് എവിടെയും പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ദക്ഷിണകൊറിയയില്‍ ബുസാനിലെ ആ അതിഭീകര തടവറയുടെ പ്രവര്‍ത്തനവുമായി സ്ക്വിഡ് ഗെയിമിന് ചില സാമ്യതകളുണ്ടെന്ന് പറയാതെ വയ്യ.
ദക്ഷിണ കൊറിയയില്‍ ബുസാനില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു കോൺസെൻട്രേഷൻ ക്യാമ്പ് ആയിരുന്നു ദി ബ്രദേഴ്സ് ഹോം. തെരുവില്‍ കഴിയുന്നവരെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ ക്യാമ്പില്‍ പക്ഷെ കുട്ടികള്‍ ഉള്‍പ്പടെയുള്ള സാധുക്കളെ അവരുടെ സമ്മതമില്ലാതെ തെരുവില്‍ നിന്ന് നിര്‍ബന്ധിതമായി കൊണ്ടുവന്ന് പാര്‍പ്പിച്ചിരുന്നു. ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾ ഉൾപ്പടെയുള്ള രാഷ്ട്രീയ തടവുകാരും ഇവിടെ നിർബന്ധിതമായി പാർപ്പിക്കപ്പെട്ടു.
20-ഓളം ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന ഇവിടെ ആയിരക്കണക്കിനാളുകളെ പാർപ്പിച്ചിരുന്നു.1970-കള്‍ക്കും 80-കള്‍ക്കും ഇടയില്‍ പ്രവര്‍ത്തിച്ച ബ്രദേഴ്സ് ഹോം ക്രമേണ ദക്ഷിണ കൊറിയയിലെ ഏറ്റവും ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന നരകമായി മാറി.
1988-ല്‍ സിയോളില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സിന് മുന്നോടിയായി തെരുവില്‍ അലയുന്നവരെയും വീടുകളില്ലാത്തവരെയും ഒഴിവാക്കി പരിസരം വൃത്തിയാക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു കേന്ദ്രം സ്ഥാപിച്ചതെന്നും പറയപ്പെടുന്നുണ്ട്. നിരാലംബര്‍ക്ക് ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുക എന്നാണ് ലക്ഷ്യമിട്ടതെങ്കിലും അത് സംഭവിച്ചില്ല. എന്നാല്‍ ആരംഭിച്ച് അധികം വൈകാതെ തന്നെ അവിടുത്തെ അന്തേവാസികള്‍ ജീവനക്കാരുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായി. ക്രൂരമായ ശിക്ഷകളും മര്‍ദനമുറകളും ഇവിടെ നടന്നിരുന്നുവെന്നാണ് വിവരം.
ഇവിടുത്തെ അന്തേവാസികള്‍ക്ക് നീല ട്രാക്ക് സ്യൂട്ട് ആണ് വസ്ത്രമായി നല്‍കിയിരുന്നത്. ഇത് സ്ക്വിഡ് ഗെയിമിലെ മത്സരാര്‍ഥികളുടെ വസ്ത്രത്തിന് സമാനമായിരുന്നു.
ബ്രദേഴ്സ് ഹോമിന്റെ പ്രവര്‍ത്തന രീതിയും അന്തേവാസികള്‍ക്ക് നല്‍കിയിരുന്ന വസ്ത്രവുമെല്ലാം ആയിരിക്കാം സ്ക്വിഡ് ഗെയിമിനെ ആ സംഭവവുമായി ബന്ധപ്പെടുത്താനുള്ള കാരണം. എന്നാല്‍ ഈ അവകാശ വാദത്തിനൊപ്പം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് ബ്രദേഴ്സ് ഹോമുമായി യാതൊരു ബന്ധവുമില്ല. അത് സ്ക്വിഡ് ഗെയിം എന്ന വെബ്സീരീസുമായി ബന്ധപ്പെടുത്തി അടുത്തിടെ നിര്‍മിച്ച എഐ ചിത്രങ്ങള്‍ മാത്രമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]