ചെന്നൈ: ‘ചന്ദ്രമുഖി’യിലെ ഫൂട്ടേജ് ഉപയോഗിക്കുന്നതില്‍ നയന്‍താരയ്ക്ക് തടസ്സമില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കളായ ശിവാജി പ്രൊഡക്ഷന്‍സ്. ‘നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്’ എന്ന ഡോക്യുമെന്ററിയില്‍ ‘ചന്ദ്രമുഖി’യിലെ ഫൂട്ടേജ് ഉപയോഗിക്കാന്‍ നിര്‍മാതാക്കള്‍ അഞ്ചുകോടി ആവശ്യപ്പെട്ടു എന്ന വാര്‍ത്തയെത്തുടര്‍ന്നാണ് പ്രതികരണത്തോടൊപ്പം നിരാക്ഷേപപത്രവുമായി ശിവാജി പ്രൊഡക്ഷന്‍സ് രംഗത്തെത്തിയത്. ഫൂട്ടേജ് അനുവദിച്ചുനല്കിയതിന്റെ നിരാക്ഷേപപത്രം സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ചുകൊണ്ടാണ് നിര്‍മാതാക്കള്‍ ഡോക്യുമെന്ററിക്ക് പിന്തുണയറിയിച്ചത്.
തമിഴ് ഫിലിം ഇന്റസ്ട്രി ടാക്കറായ മനോബാല വിജയബാലനാണ് തന്റെ എക്സ് ഹാന്‍ഡിലൂടെ ശിവാജി പ്രൊഡക്ഷന്‍സിന്റെ എന്‍.ഓ.സി പോസ്റ്റ് ചെയ്തത്. ”നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന നെറ്റ്ഫ്ളിക്സ് ഡോക്യുമെന്ററിയില്‍ ഇനിപ്പറയുന്ന ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ ശിവാജി പ്രൊഡക്ഷന്‍സിന് എതിര്‍പ്പില്ലെന്ന് ഈ നിരാക്ഷേപപത്രത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു” എന്നായിരുന്നു ഉള്ളടക്കം. ചന്ദ്രമുഖിയില്‍ നിന്നുള്ള ടൈം സ്റ്റാമ്പുകളും ഒപ്പം പരാമര്‍ശിച്ചിരുന്നു.
ഇതേ ഡോക്യുമെന്ററിയില്‍ ‘നാനും റൗഡി താന്‍’ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് പകര്‍പ്പവകാശ ലംഘനത്തിന് നിര്‍മാതാവു കൂടിയായ ധനുഷ് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് എന്‍.ഒ.സി നല്‍കാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയന്‍താര പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഡോക്യുമെന്ററി റിലീസ് ആവുകയും ചെയ്തു. പിന്നാലെയായിരുന്നു ധനുഷ് കോടതിയില്‍ പകര്‍പ്പവകാശലംഘനത്തിന് കേസ് ഫയല്‍ ചെയ്തത്. പല ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും അതിനെല്ലാം നിര്‍മാതാക്കള്‍ അനുമതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു ധനുഷുമായുള്ള തര്‍ക്കം തുടങ്ങിയപ്പോള്‍ നയന്‍താര അവകാശപ്പെട്ടിരുന്നത്.
ഈ വിവാദം നിലനില്‍ക്കെയായിരുന്നു ശിവാജി പ്രൊഡക്ഷന്‍സ് അഞ്ചുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയന്‍താരയ്ക്കും നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചു എന്ന വാര്‍ത്ത വന്നത്. നടന് പ്രഭുവും സഹോദരന് രാംകുമാറും നേതൃത്വം നല്കുന്ന നിര്‍മാണക്കമ്പനിയാണ് ശിവാജി പ്രൊഡക്ഷന്‍സ്.
മലയാളസിനിമയായ ‘മണിച്ചിത്രത്താഴി’ന്റെ തമിഴ് പതിപ്പായ ‘ചന്ദ്രമുഖി’യില്‍ രജനീകാന്തായിരുന്നു നായകന്. 2005-ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖിയില്‍ നയന്‍താരയും പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രീകരണസമയത്തെ വീഡിയോയാണ് ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചത്. നവംബര്‍ 18നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]